ഗവേഷകർക്ക് 10,000 രൂപ ഫെലോഷിപ്പ്; പുതിയ പദ്ധതി ബജറ്റിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും പ്രവേശനം നേടിയിട്ടുള്ള റഗുലർ/ഫുൾ ടൈം ഗവേഷണ വിദ്യാർഥികളിൽ മറ്റ് ഫെലോഷിപ്പുകളോ ധനസഹായങ്ങളോ ലഭിക്കാത്തവർക്ക് പ്രതിമാസം 10,000 രൂപ ഫെലോഷിപ്പ് നൽകുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 'സി.എം റിസേർചേഴ്സ് സ്കോളർഷിപ്പ്' എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു. 2025-26 വർഷത്തേക്ക് 20 കോടി രൂപ വകയിരുത്തി.
കേന്ദ്രം നിഷേധിച്ച ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി
കേന്ദ്ര സർക്കാർ അവസാനിപ്പിച്ച ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് സംസ്ഥാന ബജറ്റിൽ തുക വകയിരുത്തി.
ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് നിഷേധിക്കപ്പെട്ട സ്കോളർഷിപ്പ് തുടർന്നും നൽകുന്നതിന് സംസ്ഥാന സർക്കാർ ആരംഭിച്ച മാർഗ്ഗദീപം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തി. കേന്ദ്ര സർക്കാർ നിർത്തലാക്കിയ മൗലാനാ ആസാദ് ദേശീയ റിസർച്ച് ഫെല്ലോഷിപ്പിന് പകരം സംസ്ഥാന സർക്കാർ ആരംഭിച്ച ഫെല്ലോഷിപ്പ് പദ്ധതിക്കായി ആറ് കോടി രൂപയും വകയിരുത്തി.
കേരളത്തിൽ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ സി.എം-കിഡ് സ്കോളർഷിപ്പ് (Chief Minister's Knowledge, Intelligence and Diligence Scholarship) എന്ന് പേരുമാറ്റി.
ഗവൺമെൻറ്, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലെ ബി.പി.എൽ വിഭാഗത്തിൽപെട്ടവരും സമർത്ഥരുമായ വിദ്യാർഥികൾക്ക് പ്രതിവർഷം 5000 രൂപ നിരക്കിൽ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിക്ക് 7.9 കോടി വകയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

