കർണാടകയിൽ 100 ഉർദു സ്കൂളുകളിൽ ഇനി ഇംഗ്ലീഷ് മീഡിയവും
text_fieldsബംഗളൂരു: കർണാടകയിലെ തെരഞ്ഞെടുത്ത 100 ഉറുദു സ്കൂളുകളിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നിർദേശപ്രകാരം ഇംഗ്ലീഷ് മീഡിയം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ. സ്കൂളുകളുടെ നവീകരണത്തിനായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് 100 കോടി രൂപ അനുവദിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി മധു ബങ്കാരപ്പ പറഞ്ഞു.
മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ചേർക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ, 100 ഉർദു മീഡിയം സ്കൂളുകളെ അപ്ഗ്രേഡ് ചെയ്യാൻ തങ്ങൾ തീരുമാനിച്ചു.അവിടെ ഉർദുവും ഇംഗ്ലീഷും ദ്വിഭാഷാ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യും. സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഉർദു പഠന മാധ്യമമായിരുന്ന 400 സ്കൂളുകൾ 2020ൽ ഇംഗ്ലീഷ്/ദ്വിഭാഷയിലേക്ക് മാറ്റിയിരുന്നു.
പ്രധാനമന്ത്രിയുടെ 15 പോയന്റ് പരിപാടി നടപ്പാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത 18ാമത് സംസ്ഥാനതല അവലോകന യോഗത്തിൽ ഉർദു സ്കൂളുകളിൽ ഇംഗ്ലീഷ്-മീഡിയം വിഭാഗങ്ങൾ ആരംഭിക്കാൻ തീരുമാനമെടുത്തു. 1000 സ്കൂളുകളിൽ നവീകരിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ അതു ഫലവത്തായില്ല.
ഈ 400 സ്കൂളുകളിൽ ഉർദുവിനൊപ്പം ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷും പഠന മാധ്യമമായി സ്വീകരിച്ചിട്ടുണ്ട്. നിലവിൽ നിശ്ചയിച്ചിട്ടുള്ള 100 സ്കൂളുകളിൽ എൽ.കെ.ജി മുതൽ ഇംഗ്ലീഷ് പഠന മാധ്യമമായി ഉൾപ്പെടുത്തും. സ്കൂൾ വിദ്യാഭ്യാസ, സാക്ഷരത വകുപ്പിന്റെ പരിധിയിലുള്ള നാലായിരത്തിലധികം ഉർദു മീഡിയം സ്കൂളുകളിൽ പല സ്കൂളുകളിലും പ്രവേശനം ക്രമേണ കുറഞ്ഞിട്ടുണ്ട്. വളരെ കുറഞ്ഞ പ്രവേശനമുള്ള സ്കൂളുകൾ അപ്ഗ്രഡേഷനായി നീക്കിവെച്ചിരിക്കുന്ന 100 സ്കൂളുകളുമായി ലയിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ സ്കൂളുകളെ അപ്ഗ്രേഡ് ചെയ്യുന്നതിന് സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് സാമ്പത്തിക സഹായം നൽകുമെന്നും ദ്വിഭാഷാ സംവിധാനം ഏർപ്പെടുത്തുമെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി ബി.സെഡ്. സമീർ അഹമ്മദ് ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

