
ഡൽഹി യൂനിവേഴ്സിറ്റിക്ക് കീഴിൽ കോളജ്; സുഷമ സ്വരാജിന്‍റെയും സവർക്കറുടെയും പേര് പരിഗണനയിൽ
text_fieldsന്യൂഡൽഹി: ഡൽഹി സർവകലാശാലക്ക് കീഴിൽ ഫത്തേപുർ ബേരിയിൽ സ്ഥാപിക്കുന്ന പുതിയ കോളജിന് സുഷമ സ്വരാജ്, സ്വാമി വിവേകാനന്ദ, സവർക്കർ എന്നിവരുടെ പേരുകൾ പരിഗണനയിൽ. ഡൽഹിയിലെ ആദ്യ വനിത മുഖ്യമന്ത്രി സുഷമ സ്വരാജിന്റെ പേരിനാകും പ്രഥമ പരിഗണനയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സർവകലാശാലയുടെ അക്കാദമിക് കൗൺസലും എക്സിക്യൂട്ടീവ് കൗൺസലും ചേർന്നാണ് പേര് അന്തിമമായി തീരുമാനിക്കുക.
'സുഷമയുടെ പേരിനൊപ്പം മറ്റു ചില പേരുകളും പരിഗണനയിലുണ്ട്. സ്വാമി വിവേകാനന്ദ, സവർക്കർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ' -അധികൃതർ അറിയിച്ചു.
സർവകലാശാലയുടെ ശതവാർഷികത്തോട് അനുബന്ധിച്ച് ഫത്തേപൂർ ബേരിയിലെ ഭട്ടി കലാനിൽ ഒരു ഫെസിലിറ്റേഷൻ സെന്‍ററും കോളജും നിർമിക്കുമെന്ന് ഡി.യു രജിസ്ട്രാർ വികാസ് ഗുപ്ത അറിയിച്ചു.
സർവകലാശാലയുടെ അകാദമിക് കൗൺസലോ എക്സിക്യൂട്ടീവ് കൗൺസലോ ഇതുവരെ കോളജ് പേര് തീരുമാനിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രിയുടെ പേരാണ് പ്രഥമ പരിഗണനയിൽ -അദ്ദേഹം കൂട്ടിച്ചേർത്തു.