ഡിജിറ്റൽ സർവകലാശാലയിൽ അതിനൂതന കോഴ്സുകൾ
text_fieldsരാജ്യത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡി.യു.കെ) വിവിധ പി.ജി, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 17 ആണ്. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. എം.എസ്‍സി, എം.ടെക്, എം.ബി.എ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ (ഡി.യു.എ.ടി) ജൂൺ ഒന്നിനും പിഎച്ച്.ഡി പ്രവേശന പരീക്ഷ (ഡി.ആർ.എ.ടി) ജൂൺ എട്ടിനും നടത്തും. https://duk.ac.in/admission/apply എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. ഡി.യു.എ.ടിക്ക് 750 രൂപയാണ് ഫീസ്. പട്ടികജാതി, വർഗ, ഭിന്നശേഷി വിഭാഗത്തിന് 375 രൂപ. സി.യു.ഇ.ടി -പി.ജി അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മറ്റു യോഗ്യതപരീക്ഷ സ്കോർ ഉപയോഗിച്ച് അപേക്ഷിക്കുന്നവർക്ക് യഥാക്രമം 100 രൂപയും 50 രൂപയും ആണ് ഫീസ്. പിഎച്ച്.ഡിക്ക് അപേക്ഷാ ഫീസ് 1500 രൂപ. യോഗ്യതാ പ്രോഗ്രാമുകളുടെ അവസാനവർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രോഗ്രാമുകൾ
എം.ടെക് കമ്പ്യൂട്ടർ സയൻസ് (എ.ഐ, സൈബർ സെക്യൂരിറ്റി): കമ്പ്യൂട്ടർ സയൻസ് / ഐ.ടി/ ഇലക്ട്രോണിക്സ് വിഷയങ്ങളിൽ ബി.ടെക്കോ കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ.ടി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലൊന്നിൽ പി.ജിയോ ഇന്റഗ്രേറ്റഡ് പി.ജിയോ വേണം.
എം.ടെക് ഇലക്ട്രോണിക്സ് എൻജിനീയറിങ് (വി.എൽ.എസ്.ഐ ഡിസൈൻ): ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / റോബോട്ടിക്സ് വിഷയങ്ങളിൽ ബി.ടെക്ക് അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷനിൽ ഇന്‍റഗ്രേറ്റഡ് പി.ജി വേണം. യോഗ്യതാ പ്രോഗ്രാമിന് 60 ശതമാനം മാർക്ക് നേടിയിരിക്കണം.
എം.ബി.എ: റെഗുലർ എം.ബി.എ, സപ്ലൈ ചെയിൻ മാനേജ്മെന്റ് ആൻഡ് ലോജിസ്റ്റിക്സ് സ്പെഷലൈസേഷൻ എന്നിവക്കു പുറമേ ജോലി ചെയ്യുന്നവർക്ക് പഠിക്കാനുതകുന്ന രീതിയിൽ എം.ബി.എ ഫോർ വർക്കിങ് പ്രഫഷനൽസ് പ്രോഗ്രാമും ഉണ്ട്. ഡി.യു.എ.ടി, സി.യു.ഇ.ടി -പി.ജി, സിമാറ്റ്, ജി.ആർ.ഇ, എക്സാറ്റ്, എൻമാറ്റ് /ജിമാറ്റ്, കാറ്റ്, കെ മാറ്റ് എന്നീ പരീക്ഷകളിലൊന്നിലെ സ്കോർ ഉണ്ടാകണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്കു ഗ്രൂപ് ചർച്ചയും അഭിമുഖവുമുണ്ട്.
രണ്ട് വർഷ എം.എസ്‍സി
അപ്ലൈഡ് ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് (എ.ഐ/ സൈബർ സെക്യൂരിറ്റി / ഡേറ്റ അനലിറ്റിക്സ്), ഡേറ്റ സയൻസ് ആൻഡ് കമ്പ്യൂട്ടേഷനൽ മോഡലിങ്, ഡേറ്റ സയൻസ് ആൻഡ് ബയോ എ.ഐ, ഡേറ്റ സയൻസ് ആൻഡ് ഫിൻടെക്, ഡേറ്റ സയൻസ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സ്, ഡേറ്റ സയൻസ് ആൻഡ് പ്രൊഡക്ട്സ് ഡെവലപ്മെന്റ്, ഇലക്ട്രോണിക്സ്, ഇക്കോളജി, എൻവയൺമെന്റൽ സയൻസ്. അപേക്ഷിക്കുന്നവർക്ക് ബിരുദതലത്തിൽ 60 ശതമാനം മാർക്ക് വേണം.
ഒരു വർഷ എം.എസ്‍സി
അഡ്വാൻസ്ഡ് എ.ഐ, സൈബർ സെക്യൂരിറ്റി, എൻവയൺമെന്റൽ സസ്‌റ്റൈനബിലിറ്റി. യോഗ്യതാ പ്രോഗ്രാമിൽ 70 ശതമാനം മാർക്ക് വേണം. ഡി.യു.എ.ടി, സി.യു.ഇ.ടി -പി.ജി, ഗേറ്റ് എന്നിവയിലൊന്നിൽ യോഗ്യത നേടണം. ചില പ്രോഗ്രാമുകൾക്ക് പ്രവേശനപരീക്ഷയോ അഭിമുഖമോ ഉണ്ടാകും.
പിഎച്ച്.ഡി
കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ, ഡിജിറ്റൽ സയൻസസ്, ഡിജിറ്റൽ ഹ്യൂമാനിറ്റീസ്, ഇൻഫർമാറ്റിക്സ് സ്കൂളുകളുടെ കീഴിൽ റെഗുലർ, പാർട്ട് ടൈം, ഇൻഡസ്ട്രി വിഭാഗങ്ങളിൽ പിഎച്ച്.ഡി പ്രോഗ്രാമുകൾ. 60 ശതമാനം മാർക്കോടെ പി.ജി ഉള്ളവർക്കും എം.ഫിൽ ഉള്ളവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് ഇളവ്. നെറ്റ്/ജെ.ആർ.എഫ്, ഗേറ്റ്, സീഡ് തുടങ്ങിയ യോഗ്യതകളുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം. ബാക്കിയുള്ളവർ സർവകലാശാല നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ (ഡി.യു.എ.ടി) യോഗ്യത നേടണം. അതതു സ്കൂളുകൾ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും അന്തിമ റാങ്ക് പട്ടിക തയാറാക്കുന്നത്.
ഡി.യു.എ.ടി
പി.ജി പ്രവേശനത്തിനായി നടത്തുന്ന ഡി.യു.എ.ടി പരീക്ഷ ഓൺലൈനായി വീട്ടിലിരുന്ന് എഴുതാം. ലാപ്ടോപ് / ഡെസ്ക്ടോപ്, വെബ്ക്യാം, ഇന്‍റർനെറ്റ് കണക്ടിവിറ്റി ഇവ ഒരുക്കിയിരിക്കണം. ഒരു മണിക്കൂർ പരീക്ഷയിൽ 60 മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങൾ. ശരിയുത്തരത്തിന് ഒരു മാർക്ക്, തെറ്റിന് 0.25 നെഗറ്റിവ് മാർക്ക്.
ഡി.ആർ.എ.ടി
റിസർച്ച് മെതഡോളജി, ആപ്റ്റിറ്റ്യൂഡ് ഉൾപ്പെടെയുള്ള ചോദ്യങ്ങളുമായി 35 മാർക്കിന്റെ പൊതുപരീക്ഷയും 35 മാർക്കിന് അതതു വിഷയങ്ങളുടെ ചോദ്യങ്ങളും. അഭിമുഖത്തിന് 30 മാർക്ക്. സിലബസ് സ്കൂളുകളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ആവശ്യമായ കുറഞ്ഞ മാർക്കിൽ സംവരണ വിഭാഗങ്ങൾക്ക് ചട്ടങ്ങൾ പ്രകാരം ഇളവുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

