Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബിരുദധാരികൾക്ക്...

ബിരുദധാരികൾക്ക് എന്തുകൊണ്ട് ജോലി കിട്ടുന്നില്ല? യാഥാർഥ്യം വിളിച്ചുപറഞ്ഞ് നീതി ആയോഗ് റിപ്പോർട്ട്

text_fields
bookmark_border
ബിരുദധാരികൾക്ക് എന്തുകൊണ്ട് ജോലി കിട്ടുന്നില്ല? യാഥാർഥ്യം വിളിച്ചുപറഞ്ഞ് നീതി ആയോഗ് റിപ്പോർട്ട്
cancel

ന്യൂഡൽഹി: ഇന്ത്യയിൽ വർഷം തോറും പഠിച്ചിറങ്ങുന്ന ബിരുധ ധാരികളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ, വിദ്യാർഥികൾ പഠിച്ച വിഷയങ്ങളും അവർക്ക് ലഭിക്കുന്ന ജോലികളും തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്നാണ് പുതിയ നീതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മ മാത്രമല്ല യഥാർഥ പ്രശ്നം മറിച്ച് വിദ്യാഭ്യാസവും നൈപുണ്യവും തൊഴിൽ വിപണിയും തമ്മിലുള്ള ആഴത്തിലുള്ള പൊരുത്തക്കേടാണ് ഇവിടെ നിലനിൽക്കുന്നത്.

ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച Reimagining Skilling for Viksit Bharat @2047 എന്ന പ്രബന്ധം അനുസരിച്ച്, രാജ്യത്ത് യോഗ്യതക്ക് അനുയോജ്യമായ ജോലി ചെയ്യുന്നത് 8.25 ശതമാനം ബിരുദധാരികൾ മാത്രമാണ്. 2024-25 ലെ സാമ്പത്തിക സർവേയെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക് നൽകിയിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് തന്ത്രപരവും സാങ്കേതികവുമായ ഉപദേശങ്ങൾ നൽകുന്ന കേന്ദ്ര സർക്കാറിന്‍റെ പ്രധാന നയരൂപീകരണ സമിതിയാണ് നീതി ആയോഗ്.

വർഷങ്ങളോളം പഠിച്ച് ഡിഗ്രി നേടിയിറങ്ങുന്ന ലക്ഷക്കണക്കിന് യുവജനങ്ങൾ എന്ത് ചെയ്യുന്നു എന്ന ചോദ്യമാണ് നീതി ആയോഗിന്‍റെ പുതിയ റിപ്പോർട്ട് ഉയർത്തുന്നത്. ആഗസ്റ്റ് 17ന് ദേശീ‍യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ സമാനമായ ആശങ്ക പങ്കുവെച്ചിരുന്നു.

നമ്മളെല്ലാം പഠിക്കാൻ പോയി പുറത്തിറങ്ങുന്ന കോഴ്സുകൾ നമ്മെ ജോലിക്ക് സജ്ജമാക്കുന്നില്ലെന്നാണ് നിർമലാ സീതാരാമന്‍ പറയുന്നത്. കൂടാതെ വിദ്യാർഥികളെ സംരംഭകരാകാനും അവരിലെ പല കോഴ്സുകളും പ്രാപ്തരാക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ലക്ഷ്യമില്ലാത്ത ഡിഗ്രികൾ

ഇന്ത്യയുടെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ പഠിപ്പിക്കുന്ന കാര്യങ്ങളും തൊഴിൽ വിപണിയുടെ ആവശ്യങ്ങളും തമ്മിൽ അടിസ്ഥാനപരനമായി ഭിന്നത ഉണ്ടെന്നാണ് നീതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പല സ്ഥാപനങ്ങളിലെയും സിലബസ് കാലഹരണപ്പെട്ടതാണെന്നും മാറുന്ന വ്യവസായ ആവശ്യങ്ങൾക്ക് അനുസൃതമല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഫലത്തിൽ ഡിഗ്രികളും ഡിപ്ലോമകളും സർട്ടിഫിക്കറ്റുകളും തൊഴിൽ സാധ്യതകളായി മാറുന്നില്ല.

ബിരുദ പ്രോഗ്രാമുകളിൽ ചേർന്നിട്ടുള്ള 3.4 കോടി വിദ്യാർഥികളിൽ 1.13 കോടി പേരും ബാച്ചിലർ ഓഫ് ആർട്സ് മാത്രമാണ് ചെയ്യുന്നത്. ബി.എ, ബി.എസ്‌സി (BSc), ബി.കോം (BCom) എന്നിവയിലെ ആകെ വിദ്യാർഥികളുടെ എണ്ണം രണ്ട് കോടി കവിയും. ഈ പ്രോഗ്രാമുകൾക്ക് തൊഴിൽ ബന്ധങ്ങൾ ദുർബലമാണെന്ന് റിപ്പോർട്ട് പറയുന്നു. പല വിദ്യാർഥികളും ഇത്തരം ഡിഗ്രികൾ തിരഞ്ഞെടുക്കുന്നത് സർക്കാർ നിയമനത്തിനുള്ള യോഗ്യത എന്നതുകൊണ്ട് മാത്രമാണ്.

ഡിഗ്രി പഠിക്കുമ്പോൾ ആവശ്യമായ നൈപുണ്യത്തിന്‍റെ കുറവാണ് തൊഴിൽ കിട്ടാത്തതിന് പ്രധാന പ്രശ്നമെന്ന് 34% വിദ്യാർഥികളും ചൂണ്ടിക്കാണിക്കുന്നു. അഭിമുഖ തയ്യാറെടുപ്പുകളുടെ കുറവാണ് പ്രധാന പ്രശ്നമെന്ന് 18% വിദ്യാർഥികൾ പറയുന്നു. തൊഴിലാളികൾക്കിടയിൽ ഡിജിറ്റൽ, ആശയവിനിമയ നൈപുണ്യങ്ങളുടെ കുറവും റിപ്പോർട്ട് എടുത്തുപറയുന്നു.

കൂടുതൽ ശ്രദ്ധേയമായ മറ്റൊരു കാര്യം, 80% പഠിതാക്കളും തങ്ങളുടെ ഡിഗ്രിയിൽ പ്രായോഗിക അനുഭവത്തിന്റെയും വ്യവസായ രംഗത്തെ പരിചയത്തിന്റെയും കുറവുള്ളതായി ചൂണ്ടിക്കാണിക്കുന്നു എന്നതാണ്.

സാമ്പത്തിക ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങൾ ഒരു ബിരുദധാരിക്ക് അറിയാമായിരിക്കാം, എന്നാൽ ഒരു കമ്പനിയുടെ സാമ്പത്തിക സ്ഥിതി പ്രായോഗികമായി വിശകലനം ചെയ്യാൻ അയാൾക്ക് കഴിഞ്ഞെന്നു വരില്ല. ഒരു കൊമേഴ്സ് ബിരുദധാരി അക്കൗണ്ടിങ് പഠിച്ചിട്ടുണ്ടെന്ന് കരുതി തൊഴിലിടത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ സ്കിൽ അവനുണ്ടായിരിക്കണമെന്നില്ല.

പൊളിറ്റിക്കൽ സയൻസ് ബിരുദധാരിയുടെ കാര്യവും ഇതുതന്നെയാണ്. രാഷ്ട്രീയ സിദ്ധാന്തങ്ങൾ മനസ്സിലാക്കുമെങ്കിലും ഗവേഷണം, നയ വിശകലനം അല്ലെങ്കിൽ പൊതുവിഷയങ്ങൾ എന്നിവയിൽ പ്രായോഗിക പരിശീലനം ഉണ്ടാകില്ല.

ലക്ഷ്യം സർക്കാർ ജോലി മാത്രമാകുമ്പോൾ?

നീതി ആയോഗ് റിപ്പോർട്ട് അനുസരിച്ച്, 2024 നവംബറിനും 2025 ജൂലൈക്കും ഇടയിൽ വെറും 55,000 സർക്കാർ തസ്തികകളിലേക്ക് ലഭിച്ചത് 1.86 കോടി അപേക്ഷകളാണ്. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്ന പ്രതീക്ഷകളും സർക്കാർ മേഖലയിൽ ലഭ്യമായ സുരക്ഷിതമായ ജോലികളുടെ എണ്ണവും തമ്മിലുള്ള വലിയ അസന്തുലിതാവസ്ഥയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

കൂടുതൽ സർക്കാർ ജോലികൾ സൃഷ്ടിക്കുക എന്നത് മാത്രമായിരിക്കില്ല ഇതിനുള്ള പരിഹാരമെന്നാണ് ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. പകരം, തൊഴിൽ, സംരംഭകത്വം, സ്വയം തൊഴിൽ അല്ലെങ്കിൽ കുടുംബ ബിസിനസ്സ് ഏറ്റെടുക്കൽ എന്നിങ്ങനെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യുവജനങ്ങളെ സജ്ജമാക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയണം.

സിലബസിനപ്പുറത്തേക്ക് നീളുന്നതാണ് നീതി ആയോഗിന്‍റെ വിശകലനം. പ്രായോഗിക പഠനത്തിന്റെ കുറവ്, മതിയായ വ്യവസായ പരിചയമില്ലായ്മ, തൊഴിൽ സജ്ജീകരണത്തിനുള്ള പിന്തുണയുടെ കുറവ് എന്നിവയാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

സി.വി തയ്യാറാക്കൽ, മോക്ക് ഇന്റർവ്യൂകൾ, ജോലി അന്വേഷണം എന്നിവക്കുള്ള ഘടനാപരമായ പിന്തുണ പലപ്പോഴും ഉന്നത വിദ്യാഭ്യാസത്തിൽ ലഭിക്കാറില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതിനാൽ വിദ്യാർഥികൾക്ക് തങ്ങളുടെ കഴിവുകൾ തൊഴിലുടമകൾക്ക് മുന്നിൽ എങ്ങനെ പ്രകടിപ്പിക്കണമെന്ന് അറിയാതെയാണ് തൊഴിൽ വിപണിയിലെത്തുന്നത്.

യുവജനങ്ങളെ കോളജുകളിൽ എത്തിക്കുക എന്നത് മാത്രമായിരിക്കില്ല ഇന്ത്യയുടെ വെല്ലുവിളി, മറിച്ച് ഡിഗ്രിക്ക് ശേഷമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക എന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niti ayogCareer NewsDegree Holderjobless youth
News Summary - why degree holders doesn't gets job
Next Story