കോഗ്നിസെന്റിന്റെ ഗ്രീൻ കാർഡ് അപേക്ഷകൾക്ക് അമേരിക്കയിൽ വിലക്ക്; വിസ ദുരുപയോഗത്തിൽ അന്വേഷണം, ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കും
text_fieldsവാഷിങ്ടൺ: ഇന്ത്യയിൽ സ്ഥാപിതമായ, യു.എസിൽ ലിസ്റ്റ് ചെയ്ത ടെക് ഭീമനായ കോഗ്നിസെന്റിന്റെ പുതിയ ഗ്രീൻ കാർഡ് സ്പോൺസർഷിപ്പിന് യു.എസിൽ വിലക്ക്. യു.എസ് ഗ്രീൻ കാർഡ് നടപടികളിലെ ‘പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ’ അപേക്ഷകൾ സമർപ്പിക്കുന്നതിനാണ് യു.എസ് തൊഴിൽ വകുപ്പ് താൽക്കാലികമായി വിലക്കേർപ്പെടുത്തിയത്. അമേരിക്കൻ തൊഴിലാളികൾക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടി.
കോഗ്നിസെന്റിന്റെ പി.ഇ.ആർ.എം ഫയലിങ്ങുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നുവെന്ന് തൊഴിൽ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ആന്റണി ഡി എസ്പോസിറ്റോ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. അമേരിക്കൻ തൊഴിലാളികൾക്കെതിരായ ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്നും വൈറ്റ് ഹൗസ് ഫ്രോഡ് ടാസ്‌ക് ഫോഴ്സുമായും മറ്റ് ഉദ്യോഗസ്ഥരുമായും സഹകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് ‘കൈവിലങ്ങുകൾ കാത്തിരിക്കുന്നു’ എന്ന പരാമർശവും ഡി എസ്പോസിറ്റോ എക്സിലൂടെ നടത്തി.
യു.എസ് ആസ്ഥാനമായ സോഫ്റ്റ്‌വെയർ ഭീമനായ ക്ലൗഡേരയുടെ പി.ഇ.ആർ.എം ഫയലിങ്ങുകളും താൽക്കാലികമായി നിർത്തിവച്ചതായി ഡി എസ്പോസിറ്റോ അറിയിച്ചു. അതേസമയം, കോഗ്നിസെന്റിനും ക്ലൗഡേരക്കും എതിരായ ആരോപണങ്ങളെക്കുറിച്ചോ ക്രിമിനൽ കുറ്റങ്ങളെക്കുറിച്ചോ എത്ര അപേക്ഷകളെയാണ് നടപടി ബാധിച്ചതെന്നോ വിലക്ക് എത്രകാലം തുടരുമെന്നോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ കോഗ്നിസെന്റ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കോഗ്നിസെന്റിന്റെ പി.ഇ.ആർ.എം വിലക്ക് അമേരിക്കയിൽ സ്ഥിര ജോലിയും താമസവും ലക്ഷ്യമിടുന്ന ഇന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ള ടെക് പ്രഫഷനലുകളെ പ്രതികൂലമായി ബാധിക്കും. സ്ഥിരം തൊഴിൽ, തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് പി.ഇ.ആർ.എം സർട്ടിഫിക്കേഷൻ. വിദേശ തൊഴിലാളിയെ നിയമിക്കുന്നതിലൂടെ അമേരിക്കൻ തൊഴിലാളികൾക്ക് അവസരം നഷ്ടപ്പെടുന്നില്ലെന്ന് തെളിയിക്കുന്ന തൊഴിൽ സർട്ടിഫിക്കേഷൻ പ്രക്രിയയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

