നിയമജോലി ഉപേക്ഷിച്ച് നായ്ക്കൾക്കൊപ്പം നടക്കാൻ ഇറങ്ങി; ഇന്ന് ദിവസം 50,000 രൂപ വരെ വരുമാനം
text_fieldsജോലി നൽകുന്ന വരുമാനത്തേക്കാൾ സന്തോഷവും സമാധാനവുമാണ് പ്രധാനം എന്ന തിരിച്ചറിവ് അത്ര എളുപ്പമുള്ളതല്ല. പഠിച്ച് നേടിയ പ്രഫഷനൽ ജോലി ഉപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒരു കരിയർ തിരഞ്ഞെടുക്കുക എന്നത് അതിലും പ്രയാസം. അത്തരത്തിൽ നിയമ ജോലി ഉപേക്ഷിച്ച് പുതിയ ഒരു കരിയർ കണ്ടെത്തിയിരിക്കുകയാണ് ബ്രിട്ടനിലെ 30കാരിയായ ലിസ് ഈസ്റ്റ്.
ബ്രിട്ടനിലെ ക്രിമിനൽ ഡിഫൻസ് മേഖലയിൽ നിയമസഹായിയായി ജോലി ചെയ്തിരുന്ന അവർ ആ ജോലി ഉപേക്ഷിച്ച് ഫുൾടൈം ഡോഗ് വാക്കറായി മാറുകയായിരുന്നു. ഇന്ന് ദിവസവും ഏകദേശം 300 മുതൽ 400 പൗണ്ട് വരെ വരുമാനം നേടുന്നുണ്ട് ലിസ്. ഇന്ത്യൻ രൂപയിൽ ഇത് ഏകദേശം 38500 മുതൽ 51400 രൂപ വരും.
നിയമമേഖലയിൽ നാല് വർഷത്തോളം ജോലി ചെയ്ത ലിസ് ഈസ്റ്റിന് ജോലി സമ്മർദം താങ്ങാൻ കഴിഞ്ഞിരുന്നില്ല. അഡ്മിനിസ്ട്രേറ്റീവ് ജോലികൾ മുതൽ കോടതിയിലെത്തുന്നതും ജയിലുകൾ സന്ദർശിക്കുന്നതും ക്ലയന്റുകളുമായി സംസാരിക്കുന്നതും ഉൾപ്പെടെ നിരവധി ചുമതലകൾ കൈകാര്യം ചെയ്യേണ്ടി വന്നിരുന്നു. ലിസിന് വ്യക്തിജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സമയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രാത്രി ഏറെ വൈകിയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നത്. ദിവസവും ജോലി സമ്മർദം കൂടിവന്നതോടെ പുതിയ കരിയർ വഴിയെക്കുറിച്ച് ലിസ് ചിന്തിക്കാൻ തുടങ്ങുകയായിരുന്നു.
ഡോഗ് വാക്കിങ്ങും ഡോഗ് ബോർഡിങ്ങും ചെയ്യുന്നയാളാണ് ലിസിന്റെ ഭർത്താവ്. താൻ ഇഷ്ടപ്പെടുന്ന ജോലി ചെയ്യുന്നതിൽ ഭർത്താവ് സന്തോഷവാനാണെന്ന് കണ്ടതോടെ ലിസും സ്വന്തം കരിയറിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. അങ്ങനെ നിയമമേഖലയിലെ ജോലി ഉപേക്ഷിച്ച് പെറ്റ് കെയർ ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. തുടക്കത്തിൽ ചെലവുകൾ കണ്ടെത്തുന്നതിനായി ഒരു പബ്ബിൽ ജോലി ചെയ്യുകയും അതോടൊപ്പം ഡോഗ് വാക്കിങ് ക്ലയന്റുകളെ കണ്ടെത്തുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ സ്ഥിരം ഉപഭോക്താക്കളെ ലഭിച്ചതോടെ ബിസിനസ് വളർന്നു.
ഇപ്പോൾ ദിവസവും നാല് ഗ്രൂപ്പ് വാക്കുകളാണ് ലിസ് നടത്തുന്നത്. ഒരു ദിവസം 20 മുതൽ 30 വരെ നായകളെയാണ് പരിചരിക്കുന്നത്. ഓരോ നായക്കും മണിക്കൂറിന് ഏകദേശം 14 പൗണ്ട് (ഏകദേശം 1800 രൂപ) ഈടാക്കുന്നു. ഇതിലൂടെ ദിവസത്തിൽ 300 മുതൽ 400 പൗണ്ട് വരെ (ഏകദേശം 38,500 മുതൽ 51,400 രൂപ വരെ) വരുമാനം ലഭിക്കുന്നുണ്ടെന്നും ലിസ് പറയുന്നു.
നിയമമേഖലയിലെ ജോലിയെ അപേക്ഷിച്ച് ഇപ്പോൾ പ്രതിമാസം കൂടുതൽ വരുമാനം ലഭിക്കുന്നുണ്ടെന്നും ജോലി സമയം പകുതിയായി കുറഞ്ഞെന്നും ലിസ് പറയുന്നു. നിയമജോലി ഉപേക്ഷിച്ചതിനെ ചിലർ വിമർശിച്ചെങ്കിലും അതിനെക്കുറിച്ച് കുറ്റബോധമില്ല. ഡോഗ് വാക്കിങ് തിരഞ്ഞെടുക്കുന്നത് പണം മാത്രം ലക്ഷ്യമിട്ടാകരുതെന്നും മൃഗങ്ങളോടുള്ള ആത്മാർഥമായ സ്നേഹവും പുറത്ത് ജോലി ചെയ്യാനുള്ള താൽപര്യവും വേണമെന്നും ലിസ് കൂട്ടിച്ചേർത്തു.
നിയമത്തിൽ നേടിയ ബിരുദം എപ്പോഴും തനിക്കൊപ്പമുണ്ടെന്നും ആവശ്യമെങ്കിൽ ഭാവിയിൽ ആ മേഖലയിലേക്ക് തിരിച്ചുപോകാമെന്നും ലിസ് പറയുന്നു. എന്നാൽ ഇപ്പോൾ താൻ ചെയ്യുന്ന ജോലി ഏറെ ഇഷ്ടപ്പെടുന്നതിനാൽ തിരിച്ചുപോകാനുള്ള സാധ്യത കുറവാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

