ന്യൂഡൽഹി: ഇന്ത്യയിലെ ടെക് സെന്‍ററുകളിലേക്ക് പുതിയ റിക്രൂട്മെന്‍റുകൾ പ്രഖ്യാപിച്ച് ഊബർ. ഇൗ വർഷം ഡിസംബറോടെ ഇന്ത്യയിൽ മാത്രം 500 പുതിയ ജീവനക്കാരെ നിയമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. യു.എസ്, കാനഡ, ലാറ്റിൻ അമേരിക്ക, ആംസ്റ്റർഡാം എന്നിവയുൾപ്പെടെ ലോകത്തെമ്പാടുമുള്ള എല്ലാ സാങ്കേതിക കേന്ദ്രങ്ങളും വിപുലീകരിക്കാനാണ് തീരുമാനമെന്ന് കമ്പനി പറയുന്നു.
പ്രാദേശികമായി നിർമിക്കുകയും ആഗോളതലത്തിൽ വിപുലീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എൻജിനീയറിങ്, പ്രൊജക്ട് ടീമുകളിൽ ചേരുന്നതിന് മികച്ച അവസരമാണ് ഉൗബർ ഒരുക്കുന്നത്. എൻജിനീയർമാർ, ഡാറ്റ സയന്‍റിസ്റ്റ്, പ്രോഗ്രാം മാനേജർ എന്നിവരെയാണ് തിരയുന്നതെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ബംഗളൂരുവിലും െെഹദരാബാദിലുമായി 1000 ജീവനക്കാരാണ് ഇന്ത്യയിലെ ഉൗബർ ടെക് ടീമിലുള്ളത്. 2021ൽ 250 എന്‍ജിനീയർമാരേയാണ് ടീമിലേക്ക് ചേർത്തത്. 2014ൽ ആണ് ഇന്ത്യയിൽ ഉൗബർ പ്രവർത്തനം ആരംഭിച്ചത്. കമ്പനിയുടെ ലോകത്തെ രണ്ടാമത്തെ വലിയ സാങ്കേതിക കേന്ദ്രമാണ് ഇന്ത്യയിലേത്. നിയമനങ്ങൾ കുറക്കാൻ ഉൗബർ തീരുമാനിച്ചതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപോർട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് പുതിയ വാർത്ത.