ഒരേ ദിവസം രണ്ട് പരീക്ഷ; വെട്ടിലായി ഉദ്യോഗാർഥികൾ
text_fieldsതൃശൂർ: രണ്ട് പ്രധാന പരീക്ഷകൾ ഒരേ ദിവസമായത് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി. മുൻസിഫ് -മജിസ്ട്രേറ്റ് നിയമനത്തിന് കേരള ഹൈകോടതി നടത്തുന്ന കേരള ജുഡീഷ്യൽ സർവിസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷയും കേരള പബ്ലിക് സർവിസ് കമീഷൻ നടത്തുന്ന പഞ്ചായത്ത് സെക്രട്ടറി നിയമനത്തിനുള്ള പ്രിലിമിനറി പരീക്ഷയും മേയ് 11നാണ്.
ഇതുകാരണം പ്രതിസന്ധിയിലായത് നിയമ ബിരുദധാരികളായ ഉദ്യോഗാർഥികളാണ്. ജുഡീഷ്യൽ സർവിസ് നിയമ ബിരുദധാരികൾക്കു മാത്രം അപേക്ഷിക്കാവുന്ന തസ്തികയാണ്. പഞ്ചായത്ത് സെക്രട്ടറി നിയമനത്തിന് ബിരുദമാണ് യോഗ്യത.
ഏപ്രിൽ 13ന് ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മേയ് 11ലേക്ക് മാറ്റിയത്. ഈ തസ്തികയിലേക്കും നിയമ ബിരുദധാരികളായ ഒട്ടേറെ അപേക്ഷകരുണ്ട്. ജുഡീഷ്യൽ സർവിസ് പ്രിലിമിനറി പരീക്ഷ രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നു വരെയാണ്. എറണാകുളമാണ് പരീക്ഷകേന്ദ്രം. പഞ്ചായത്ത് സെക്രട്ടറി നിയമനത്തിനുള്ള പരീക്ഷ തുടങ്ങുന്നത് ഉച്ചക്ക് 1.30നാണ്. അതിനാൽ, എറണാകുളം ജില്ലയിൽ പരീക്ഷകേന്ദ്രമുള്ളവർക്കു പോലും രാവിലെയുള്ള പരീക്ഷ കഴിഞ്ഞ ശേഷം ഈ പരീക്ഷക്ക് എത്താനാവില്ല.
ഇതോടെ ഏതെങ്കിലും ഒരു പരീക്ഷ ഒഴിവാക്കേണ്ട ഗതികേടിലാണ് ഉദ്യോഗാർഥികൾ. നിശ്ചയിച്ച തീയതിയിൽനിന്ന് പഞ്ചായത്ത് സെക്രട്ടറി നിയമന പരീക്ഷ മാറ്റിയതാണ് തിരിച്ചടിയായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

