24 ലക്ഷത്തിന്റെ കോർപറേറ്റ് ജോലി ഉപേക്ഷിച്ച് മലമുകളിലേക്ക്; 100 വർഷം പഴക്കമുള്ള കുടുംബവീട് ഹോംസ്റ്റേയാക്കി... തരാന ജീവിതം പറയുന്നു
text_fieldsന്യൂഡൽഹി: കരിയറിലെ വിജയത്തിന്റെ നിർവചനമെന്താണ്? ഉയർന്ന പൊസിഷൻ, വലിയ ശമ്പളം, കോർപറേറ്റ് ജോലി... ഈ പരമ്പരാഗത ധാരണയിലായിരുന്നു ഏഴ് വർഷത്തോളം ഹിമാചൽ പ്രദേശിലെ തരാന ചൗഹാന്റെ ജീവിതവും. നല്ല ശമ്പളവും സ്ഥിരതയുള്ള കോർപറേറ്റ് ജോലിയും. എന്നാൽ, കോർപറേറ്റ് ജീവിതത്തിനപ്പുറം എന്താണെന്നുള്ള അന്വേഷണത്തിൽ തരാന എത്തിയത് സ്വന്തം വീട്ടിൽ തന്നെയായിരുന്നു.
ഹിമാചൽ പ്രദേശിലെ നൂറുവർഷം പഴക്കമുള്ള കുടുംബവീട് ഹോംസ്റ്റേയാക്കി മാറ്റിയാണ് തരാന വ്യത്യസ്തമായ ഒരു കരിയർ പടുത്തുയർത്തിയത്. എന്നാൽ, ഒറ്റയടിക്ക് ജോലി ഉപേക്ഷിച്ചായിരുന്നില്ല തരാന സ്വന്തം വഴി തെരഞ്ഞെടുത്തത്. സ്ഥിര വരുമാനമുള്ള ജോലി തുടരുന്നതിനിടെ ഏകദേശം രണ്ട് വർഷത്തോളം ഹോംസ്റ്റേ സംരംഭത്തിനായി പ്രവർത്തിച്ചു കൊണ്ടിരുന്നു. അതിനുശേഷമായിരുന്നു കോർപറേറ്റ് ജീവിതത്തോടുള്ള വിടപറച്ചിൽ.
പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ ശേഷമാണ് തരാന കോർപറേറ്റ് കരിയറിലേക്കെത്തിയത്. ടാറ്റ കൺസൾട്ടൻസി സർവീസസിൽ സീനിയർ ബിസിനസ് അനലിസ്റ്റായാണ് തരാനയുടെ കരിയറിന്റെ തുടക്കം. പിന്നീട് അവർ ആൻഹോയ്സർ ബുഷ് ഇൻബെവിൽ അനലിറ്റിക്സ്, ബിസിനസ് മേഖലകളിൽ പ്രവർത്തിച്ചു.
കരിയറിൽ മുന്നേറുകയും ഉയർന്ന ശമ്പളം ലഭിക്കുകയും ചെയ്തെങ്കിലും ജീവിതത്തിൽ യഥാർഥത്തിൽ എന്താണ് വേണ്ടതെന്ന ചോദ്യം തരാനയെ അലട്ടിക്കൊണ്ടിരുന്നു. കരിയറിന്റെ തുടക്കത്തിൽ വർഷം ഏഴ് ലക്ഷം രൂപയായിരുന്നു വരുമാനം. കോർപറേറ്റ് ജോലി ഉപേക്ഷിക്കുന്ന സമയത്ത് പ്രതിമാസം രണ്ട് ലക്ഷം രൂപ വരെ സമ്പാദിച്ചിരുന്നു.
2020ലെ കോവിഡ് കാലത്താണ് തരാന ഹിമാചൽ പ്രദേശിലെ രോഹ്റുവിലുള്ള കുടുംബ വീട്ടിലേക്ക് തിരിച്ചെത്തിയത്. മലനിരകളിലേക്കുള്ള തിരിച്ചുവരവ് നഗരജീവിതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറ്റി. കുടുംബത്തിന്റെ പഴയ, നൂറുവർഷം പഴക്കമുള്ള വീടിനെ പുതുക്കിപ്പണിത് ഹോംസ്റ്റേയാക്കി മാറ്റാനുള്ള ആശയം അങ്ങനെയാണ് രൂപപ്പെട്ടത്.
ആദ്യഘട്ടത്തിൽ മൂന്ന് മുറികളാണ് നവീകരിച്ചത്. പിന്നീട് രണ്ട് മുറികൾ കൂടി കൂട്ടിച്ചേർത്തു. ഭാവിയിൽ യോഗക്കായി പ്രത്യേക ഇടവും ഒരുക്കി. എന്നാൽ ഇതെല്ലാം ചെയ്യുമ്പോഴും തരാന കോർപറേറ്റ് ജോലി ഉപേക്ഷിച്ചിരുന്നില്ല. ജോലിക്കൊപ്പം തന്നെ ഹോംസ്റ്റേയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൊണ്ടിരുന്നു. ഹോംസ്റ്റേയിൽനിന്ന് സ്ഥിരവരുമാനം നേടാൻ തുടങ്ങിയ ശേഷമാണ് തരാന കോർപറേറ്റ് ജോലി ഉപേക്ഷിച്ചത്. ഇപ്പോൾ മൂന്നുവർഷത്തോളമായി ‘നിർവാണ ഹോംസ്’ എന്ന ഹോംസ്റ്റേ സംരംഭം നടത്തിവരികയാണ്.
കോർപറേറ്റ് ജോലിയിലെ പോലെ എല്ലാ മാസവും സ്ഥിര വരുമാനം ലഭിക്കാറില്ല. എന്നാൽ ചില മാസങ്ങളിൽ കോർപറേറ്റ് ജോലിയുടെ ഇരട്ടിയിലധികവും മറ്റു ചില മാസങ്ങളിൽ ഒരു ലക്ഷം രൂപ പോലും ലഭിക്കാറില്ലെന്നും തരാന പറയുന്നു.
മലനിരകളിലെ ഹോംസ്റ്റേ ജീവിതം പുറത്തുനിന്ന് കാണുന്നതുപോലെ എപ്പോഴും ശാന്തവും മനോഹരവുമല്ലെന്നും തരാന തുറന്നുപറയുന്നു. അസുഖമുള്ളപ്പോഴും അതിഥികളുടെ ഫോൺ എടുക്കണം. വെള്ളം ചോരുന്ന പൈപ്പ് ശരിയാക്കണം. ഡ്രെയിനേജ് അടഞ്ഞാൽ അത് വൃത്തിയാക്കണം. ഗ്യാസ് സിലിണ്ടർ എത്തിക്കണം. വൈദ്യുതി തടസ്സങ്ങളും മറ്റ് അറ്റകുറ്റപ്പണികളും കൈകാര്യം ചെയ്യണം. കോർപറേറ്റ് സ്ഥാപനങ്ങളിൽ ഓരോ ജോലിക്കും വ്യത്യസ്ത വിഭാഗങ്ങളുണ്ടാകും. എന്നാൽ സ്വന്തം സംരംഭത്തിൽ അങ്ങനെയല്ല. ഹോസ്റ്റ്, റിസപ്ഷനിസ്റ്റ്, ഹൗസ് കീപ്പർ, കസ്റ്റമർ കെയർ ജീവനക്കാരി, മെയിന്റനൻസ് ജീവനക്കാരി തുടങ്ങിയ നിരവധി ചുമതലകൾ ഒരാൾ തന്നെ ഏറ്റെടുക്കേണ്ടിവരുമെന്നും തരാന പറയുന്നു.
ഹോംസ്റ്റേ ഗൂഗ്ൾ മാപ്പിൽ ഉൾപ്പെടുത്തുന്നതിലും വെല്ലുവിളി നേരിട്ടു. പ്രദേശം നേരത്തെ ലൊക്കേഷൻ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ ലൊക്കേഷൻ അംഗീകരിപ്പിക്കാൻ തന്നെ ഏകദേശം ഒരു മാസം വേണ്ടിവന്നതായി തരാന പറയുന്നു.
‘നിർവാണ ഹോംസ്’ ഇതിനകം 200ലേറെ അതിഥികളെ സ്വീകരിച്ചിട്ടുണ്ടെന്നാണ് തരാനയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിൽ പറയുന്നത്. താമസ സൗകര്യത്തിനപ്പുറം ‘നിർവാണ എക്സ്പീരിയൻസസ്’ എന്ന പേരിൽ സ്ലോ ട്രാവലിനും പ്രാദേശിക അനുഭവങ്ങൾക്കും പ്രാധാന്യം നൽകുന്ന പദ്ധതിയും അവർ ആരംഭിച്ചിട്ടുണ്ട്.
നഗരത്തിലെ ഉയർന്ന ശമ്പളമുള്ള ജോലിയിൽനിന്ന് മാറി മലനിരകളിലെ ജീവിതം തെരഞ്ഞെടുത്തത് തരാനക്ക് കോർപറേറ്റ് ജോലിയിൽനിന്നുള്ള ഒളിച്ചോട്ടമായിരുന്നില്ല. മറിച്ച് താൻ ആഗ്രഹിച്ച ജീവിതത്തിലേക്കുള്ള മാറ്റമായിരുന്നു. പുതിയൊരു കരിയർ സ്വപ്നമുള്ളവർ ആദ്യം ആവശ്യമായ കഴിവുകൾ നേടണം, ചെറിയ രീതിയിൽ സംരംഭം ആരംഭിക്കണം, ആശയം പ്രവർത്തിക്കുമോ എന്ന് പരീക്ഷിക്കണം, ആവശ്യമായ സമ്പാദ്യം ഒരുക്കണം. അതിന് ശേഷം മാത്രമേ സ്ഥിരജോലിയിൽനിന്ന് പൂർണമായും മാറുന്നതിനെക്കുറിച്ച് ആലോചിക്കാവൂവെന്നാണ് തരാനയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

