സ്റ്റുഡന്റസ് ഇന്നൊവേഷൻ ഇൻഡസ്ട്രി ഡിമാൻഡ് ഡേ സംഘടിപ്പിച്ചു
text_fieldsകോഴിക്കോട്: വ്യവസായ മേഖലയും വിദ്യാർഥി സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സാഫിയുടെ പുതിയ സംരംഭമായ ഡോ. മൂപ്പൻസ് എ.ഐ ആൻഡ് റോബോട്ടിക്സ് സെന്റർ യു.എൽ സൈബർപാർക്കിൽ ആദ്യ ഇൻഡസ്ട്രി ഡിമാൻഡ് ഡേ സംഘടിപ്പിച്ചു. വ്യവസായ രംഗത്തെ പ്രമുഖർ, അക്കാദമിക് വിദഗ്ധർ, നവീകരണ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ എന്നിവരുടെ സാന്നിധ്യത്തോടെയായിരുന്നു പരിപാടി.
ജനുവരിയിൽ നടക്കാനിരിക്കുന്ന സംസ്ഥാനതല വിദ്യാർഥി ഹാക്കത്തോണിനു മുന്നോടിയായാണ് ഇൻഡസ്ട്രി ഡിമാൻഡ് ഡേ സംഘടിപ്പിച്ചത്. കേരളത്തിലെ 30ലധികം കമ്പനികൾ പരിപാടിയിൽ പങ്കെടുത്തു. ഓട്ടോമേഷൻ, സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട 50ലധികം മോഡേൺ വ്യവസായിക പ്രശ്നങ്ങളാണ് ഇവിടെ പങ്കുവെച്ചത്.
എ.ഐ, റോബോട്ടിക്സ് മേഖലയിൽ വ്യവസായ ആവശ്യങ്ങളും അക്കാദമിക് കഴിവുകളും വിദ്യാർഥികളിലേക്ക് ഏകോപിപ്പിക്കുന്നതിനായി ആവിഷ്കരിച്ച മൂന്ന് പരിപാടികളുടെ പരമ്പരയിലെ ആദ്യ സംരംഭമാണ് ഇൻഡസ്ട്രി ഡിമാൻഡ് ഡേ. പരിപാടിയിൽ ഡോ. ആസാദ് മൂപ്പൻ, സി. എസ്. മെഹബൂബ് എം.എ, പ്രഫ. ഇ.പി. ഇംബിച്ചിക്കോയ, കേണൽ നിസാർ അഹമ്മദ് സീതി, സന്തോഷ് കുറുപ്പ് എന്നിവർ സംസാരിച്ചു. നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ പ്രഫസർ ഡോ. പ്രഹ്ലാദ് വടക്കേപാട് നടത്തിയ മുഖ്യപ്രഭാഷണത്തിൽ ഇൻഡസ്ട്രി 5.0 എന്ന ആശയം വിശദീകരിച്ചു.
മനുഷ്യകേന്ദ്രിതവും വ്യക്തിഗതവുമായ സമീപനങ്ങൾ അത്യാധുനിക ഓട്ടോമേഷനോടൊപ്പം കൈകോർക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംവദിച്ചു. വ്യവസായ പ്രതിനിധികളും അധ്യാപക സമൂഹവും തമ്മിൽ നടത്തിയ സംവാദ സെഷനിൽ, കേരളത്തിലെ കമ്പനികൾ അവതരിപ്പിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചകളും ഓപ്പൺ ഫോറവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

