എസ്.എസ്.സി കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ ഏപ്രിലിൽ
text_fieldsസ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്.എസ്.സി) കേന്ദ്ര സർവിസുകളിൽ ഗ്രൂപ് ബി, സി തസ്തികകളിൽ നിയമനത്തിന് ഏപ്രിലിൽ നടത്തുന്ന കമ്പയിൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് യോഗ്യത. വിജ്ഞാപനം https://ssc.nic.inൽ. അപേക്ഷഫീസ് 100 രൂപ. SC/ST/PWD/വിമുക്തഭടന്മാർ/വനിതകൾ എന്നീ വിഭാഗങ്ങൾക്ക് ഫീസില്ല. അപേക്ഷ ഓൺലൈനായി ജനുവരി 23നകം.
കേന്ദ്ര സർക്കാറിന്റെ വിവിധ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായി 36 തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വകുപ്പിൽ അസിസ്റ്റന്റ് ഓഡിറ്റ്/അക്കൗണ്ട്സ് ഓഫിസർ, സെൻട്രൽ സെക്രട്ടേറിയറ്റ് സർവിസ്, ഇന്റലിജൻസ് ബ്യൂറോ, റെയിൽവേസ് മുതലായ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫിസർ, വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിൽ അസിസ്റ്റന്റ്; സി.ബി.ഐയിൽ സബ്ഇൻസ്പെക്ടർ, ഇൻകം ടാക്സ് ഇൻസ്പെക്ടർ; പ്രിവന്റിവ് ഓഫിസർ, ഇ.ഡിയിൽ അസിസ്റ്റന്റ് എൻഫോഴ്സ്മെന്റ് ഓഫിസർ, നാർകോട്ടിക്സ് ബ്യൂറോയിൽ ഇൻസ്പെക്ടർ; കോസ്റ്റ് ഗാർഡിൽ അസിസ്റ്റന്റ്/സൂപ്രണ്ട്; NIAയിൽ സബ്ഇൻസ്പെക്ടർ, സി ആൻഡ് എ.ജിയിൽ ഓഡിറ്റർ/അക്കൗണ്ടന്റ്/ഡിവിഷനൽ അക്കൗണ്ടന്റ് മുതലായ തസ്തികകളിലേക്കാണ് നിയമനം. പതിനായിരത്തോളം ഒഴിവുകളുണ്ടാവും.
ചില തസ്തികകൾക്ക് യോഗ്യതയിൽ വ്യത്യാസമുണ്ട്. അസിസ്റ്റന്റ് ഓഡിറ്റ്/അക്കൗണ്ട്സ് ഓഫിസർ- CA/CMA/CS/MCom/MBA ഫിനാൻസ്/MBE യോഗ്യത അഭിലഷണീയം. ജൂനിയർ സ്റ്റാറ്റിസ്റ്റിക്സിൽ ഓഫിസർ- പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സിന് 60 ശതമാനം മാർക്കുണ്ടാകണം. ബിരുദത്തിനു പുറമെയാണിത്. അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ബിരുദം. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ- സ്റ്റാറ്റിസ്റ്റിക്സ് ബിരുദം. നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അസിസ്റ്റന്റ് തസ്തികക്ക് നിയമ ബിരുദം അഭിലഷണീയം. റിസർച് അസിസ്റ്റന്റ് തസ്തികക്ക് ഒരു വർഷത്തെ ഗവേഷണ പരിചയവും നിയമ/ഹ്യൂമൻറൈറ്റ്സ് ബിരുദവും അഭിലഷണീയം. 1.1.2022ൽ പ്രായപരിധി 18-27/30/32. ചില തസ്തികകൾക്ക് 20-30 വയസ്സ്. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കും.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ദേശീയതലത്തിൽ ഏപ്രിലിൽ നടത്തും. പരീക്ഷഘടനയും സിലബസും വിജ്ഞാപനത്തിലുണ്ട്. കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം പരീക്ഷകേന്ദ്രങ്ങളാണ്.

