52 വർഷമായി ജോലി ചെയ്യുന്ന ജീവനക്കാരിക്ക് പിരിച്ചുവിടുന്നതിന് മുമ്പ് 52 മാസത്തെ ശമ്പളം ഒന്നിച്ചു നൽകി കമ്പനി
text_fieldsസിംഗപ്പൂരിലെ മിറാമർ ഹോട്ടൽ
സിംഗപ്പൂർ: 50 വർഷത്തിലേറെ കാലം സിംഗപ്പൂരിലെ ഹാവ് ലോക്ക് റോഡിലെ പ്രധാന അടയാളമായി മാറിയ ഹോട്ടലാണ് മിറാമർ. എന്നാൽ ഈ വർഷം ഒക്ടോബറോടെ ഹോട്ടൽ അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. ഹോട്ടലിലെ 108 ജീവനക്കാരുടെ ഉപജീവനത്തെ ബാധിക്കുന്ന തീരുമാനമാണിത്. വളരെ കാലമായി ഹോട്ടലിൽ ജോലി ചെയ്യുന്നവരാണ് ഇവരിൽ ഏറെ പേരും.
കഴിഞ്ഞ മാസമാണ് ഹോട്ടൽ അടച്ചുപൂട്ടാൻ പോവുകയാണെന്ന് അറിയിച്ചത്. ഹോട്ടൽ അടച്ചുപൂട്ടുന്നതോടെ ജോലി നഷ്ടമാകുന്ന ജീവനക്കാരിക്ക് 52 മാസത്തെ ശമ്പളം ഒന്നിച്ചു നൽകിയാണ് ഹോട്ടൽ അധികൃതർ തങ്ങളുടെ നന്ദി പ്രകടിപ്പിച്ചത്. 52 വർഷമായി ഹോട്ടൽ മിറാമറിനൊപ്പമുണ്ട് ഇപ്പോൾ 69 വയസുള്ള ചെൻ ജിങ് ഫെങ്. ഹൗസ് കീപ്പിങ് സെക്ഷനിലാണ് ഇവർ ജോലി ചെയ്യുന്നത്.
തനിക്ക് 75 വയസ് വരെ ജോലി ചെയ്യണം എന്നാഗ്രഹമുണ്ടായിരുന്നുവെങ്കിലും നിർഭാഗ്യവശാൽ അതിന് സാധിക്കില്ലെന്നും ഫെങ് പറഞ്ഞു. 17 വയസുള്ളപ്പോഴാണ് ഫെങ് ഈ ഹോട്ടലിൽ ജോലിക്കെത്തിയത്. അഞ്ചുപതിറ്റാണ്ടിനിടെ ആയിരക്കണക്കിന് കസ്റ്റമേഴ്സിനെ കണ്ടു. മൂന്നുതലമുറക്കാരായ ഉടമകളുടെ ഇടയിലും ജീവിച്ചു. റിട്ടയർമെന്റിനു ശേഷം സേവനം നീട്ടി നൽകാൻ ഹോട്ടൽ തീരുമാനിക്കുകയായിരുന്നു. അവരത് സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു.
ഇപ്പോൾ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിന് മുമ്പ് കമ്പനി നൽകിയ പാക്കേജാണ് അവരെ അത്ഭുതപ്പെടുത്തിയത്. 52 മാസത്തെ ശമ്പളം ഒന്നിച്ചു നൽകിയതാണ് അവർക്ക് അത്ഭുതമായത്. സാധാരണയായി കമ്പനിയുടെ നിയമം അനുസരിച്ച് ജീവനക്കാര്‍ക്ക് ഓരോ വര്‍ഷത്തെ സേവനത്തിനും ഒരു മാസത്തെ ശമ്പളം അധികം നല്‍കാറുണ്ട്. ആ ശമ്പളമാണ് ഇപ്പോള്‍ ചെന്‍ ജിന്നിന് ഒരുമിച്ച് നല്‍കിയത്. എന്നാല്‍ സ്ഥിരജീവനക്കാർക്കാണ് ഈ നിയമം ബാധകം. കരാര്‍ ജീവനക്കാരി ആയതിനാല്‍ കമ്പനി തന്നെ ഇങ്ങനെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഫെങ് പറയുന്നു. കമ്പനി വലിയ കരുതലാണ് തന്നോട് കാണിച്ചതെന്നും ഫെങ് പറയുന്നു.
ഹോട്ടൽ മാനേജ്മെന്റ് തങ്ങളെ സ്വന്തം കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് എപ്പോഴും കണ്ടിട്ടുള്ളതെന്ന് മറ്റ് ജീവനക്കാരും സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

