ഡെലിവറി ജോലിക്കിടയിൽ യൂട്യൂബിലൂടെ സി.എ പഠിച്ചു; സ്വപ്ന ജോലി നേടി പാർഥിപൻ
text_fieldsബംഗളൂരു: ഒരിക്കൽ റോഡിന് എതിർവശത്തെ ഓഫിസ് കെട്ടിടത്തിലേക്ക് നോക്കി അവിടെ ജോലി ചെയ്യാൻ കഴിയുമോ എന്ന് ആലോചിച്ചിരുന്ന യുവാവ്. ഇന്ന് അതേ സ്ഥാപനത്തിൽ ജീവനക്കാരൻ. തമിഴ്നാട് കാഞ്ചീപുരം സ്വദേശി പാർഥിപന് ഈ നേട്ടത്തിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ) പഠനത്തിലെ തുടർച്ചയായ പരാജയങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും മറികടന്നാണ് ബംഗളൂരുവിലെ ബിഡിഒ (BDO) സ്ഥാപനത്തിൽ ആർട്ടിക്കിൾ അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്.
2025 സെപ്റ്റംബറിൽ ബംഗളൂരുവിലെത്തിയ പാർഥിപൻ ബിഡിഒ സ്ഥാപനത്തിന് എതിർവശത്തുള്ള സെപ്റ്റോ സ്റ്റോറിലാണ് ആദ്യം ജോലി ചെയ്തത്. രാത്രിയിലായിരുന്നു ജോലി. പകൽ പഠനത്തിനായി മാറ്റിവെച്ചു. പിന്നീട് ബ്ലിങ്കിറ്റ് ഡെലിവറി ജീവനക്കാരനായും ജോലി ചെയ്തിരുന്നു. ചില ദിവസങ്ങളിൽ സൈക്കിളിൽ 90 മുതൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടിവന്നു. ഓർഡറുകൾക്കിടയിൽ ലഭിക്കുന്ന ഇടവേളകളിൽ യൂട്യൂബിലൂടെ സി.എ ക്ലാസുകൾ കേട്ടായിരുന്നു പഠനം.
കോവിഡ് കാലത്താണ് സി.എ പഠിക്കണമെന്ന തീരുമാനത്തിലെത്തുന്നത്. ഫൗണ്ടേഷൻ പരീക്ഷ ആദ്യശ്രമത്തിൽ 400ൽ 305 മാർക്കോടെ വിജയിച്ചു. എന്നാൽ ഇന്റർമീഡിയറ്റ് പരീക്ഷയിൽ തുടർച്ചയായി രണ്ടുതവണ പരാജയപ്പെട്ടു. തിരിച്ചടികൾക്കിടയിലും പഠനം ഉപേക്ഷിക്കാൻ പാർഥിപൻ തയ്യാറായില്ല.
മൂന്നാമത്തെ പരീക്ഷക്കുശേഷം ജോലി തേടി ബംഗളൂരുവിലെത്തിയ പാർഥിപൻ ഇതിനിടെ ഇന്റർമീഡിയറ്റിലെ ഒരു ഗ്രൂപ്പിൽ വിജയിച്ചു. ശേഷിച്ച ഗ്രൂപ്പിന്റെ പരീക്ഷക്കായി നാട്ടിലേക്ക് മടങ്ങി. മുൻപരീക്ഷകളിലെ പിഴവുകൾ തിരുത്തി പഠനരീതിയിൽ മാറ്റം വരുത്തി വീണ്ടും തയ്യാറെടുത്തു. മാതാപിതാക്കളുടെയും സഹോദരിമാരുടെയും പിന്തുണയും പാർഥിപന് കരുത്തായി.
2026 മാർച്ച് എട്ടിന് ശേഷിച്ച ഗ്രൂപ്പിലും വിജയിച്ചതോടെ സി.എ ഫൈനൽ പരീക്ഷ എഴുതാനുള്ള യോഗ്യത നേടി. തുടർന്ന് ഏപ്രിൽ രണ്ടിന് ബിഡിഒയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു.
ഒരിക്കൽ പുറത്തുനിന്ന് നോക്കിയിരുന്ന സ്ഥാപനത്തിൽ ഇന്ന് ജോലി ചെയ്യാൻ കഴിയുന്നത് വലിയ നേട്ടമായാണ് പാർഥിപൻ കാണുന്നത്. പരാജയങ്ങൾ സി.എ പഠനത്തിന്റെ ഭാഗമാണെന്നും അവയിൽ തളരാതെ ലക്ഷ്യത്തിനായി പരിശ്രമിക്കണമെന്നുമാണ് മറ്റ് വിദ്യാർഥികളോടുള്ള അദ്ദേഹത്തിന്റെ സന്ദേശം. സി.എ ഫൈനൽ പരീക്ഷകളാണ് ഇനി ലക്ഷ്യം.
വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ ഡോട്ട് കോം
ചിത്രങ്ങൾ: സി എ പാർഥിപൻ

