നോര്‍ക്ക- യു.കെ കരിയര്‍ ഫെയറിന് തുടക്കം
text_fieldsകൊച്ചി: ആരോഗ്യ മേഖലയിൽനിന്നുള്ളവർക്ക് യു.കെയിലെ ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലെ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേക്ക് അവസരമൊരുക്കുന്ന നോർക്ക റൂട്ട്സ്-യു.കെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷന് കൊച്ചിയിൽ തുടക്കമായി. വിവിധ സ്പെഷാലിറ്റികളിലായി 21 ഡോക്ടർമാരും 79 നഴ്സമാരും തിങ്കളാഴ്ച അഭിമുഖങ്ങളിൽ പങ്കെടുത്തു. കൊച്ചി മരടിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ രാവിലെ തുടങ്ങിയ അഭിമുഖങ്ങൾ വൈകീട്ട് നാലിന് പൂർത്തിയായി.
നേരത്തേ അപേക്ഷ നൽകിയവരിൽനിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖങ്ങൾക്ക് ക്ഷണിച്ചത്. യു.കെയിൽനിന്നുള്ള മൈക്ക് റീവ് (ഡെപ്യൂട്ടി സി.ഇ.ഒ നാവിഗോ), ജോളി കാരിങ്ൺ (അന്താരാഷ്ട്ര റിക്രൂട്ട്മെന്റ്, പ്രോജക്ട് ലീഡ്), അഞ്ജല ജോൺ, എൻ.എച്ച്.എസ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലെ 40 അംഗ സംഘമാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നൽകുന്നത്. വെള്ളിയാഴ്ച റിക്രൂട്ട്മെന്റ് അവസാനിക്കും. സംഘം ചൊവ്വാഴ്ച എറണാകുളം മെഡിക്കൽ കോളജ് സന്ദർശിക്കും.

