ആസ്വദിച്ച് ഷോപ്പിങ് നടത്തുന്നവരാണോ? അതൊരു ജോലിയാക്കി ശമ്പളം വാങ്ങാം
text_fieldsഷോപ്പിങ് നടത്തി ശമ്പളം വാങ്ങാൻ ഒരു കരിയറുണ്ടെന്നറിയാമോ? അതാണ് മിസ്റ്ററി ഷോപ്പിങ് അഥവാ രഹസ്യ ഷോപ്പിങ്. സാധാരണ ഉപഭോക്താക്കളെ പോലെ തന്നെ കടയിൽ പോയി സാധനങ്ങൾ വാങ്ങുകയും സിനിമ കാണുകയും റസ്റ്ററന്റിൽ പോയി ഭക്ഷണം കഴിക്കുകയുമെല്ലാം ചെയ്യാം. എന്നാൽ, ജോലി അതല്ല, ഷോപ്പിങ്ങിന് ശേഷം കമ്പനികൾക്ക് കൃത്യമായ ഷോപ്പിങ് അനുഭവം വിവരിച്ച് നൽകണമെന്നാണ് ജോലി.
യഥാർഥ ഉപഭോക്താവായി സ്ഥാപനങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങുകയും സേവനങ്ങൾ അനുഭവിക്കുകയും വേണം. റീട്ടെയ്ൽ സ്റ്റോറുകളുള്ള വൻ കമ്പനികളും സ്വകാര്യ ഏജൻസികളുമാണ് മിസ്റ്ററി ഷോപ്പർമാരെ നിയമിക്കുക. ഔട്ട്‍ലറ്റുകളിൽ പോയി ഒരു യഥാർഥ ഉപഭോക്താവായി സേവനങ്ങൾ ഉപയോഗിക്കണം. ഔട്ട്ലെറ്റുകളുടെ അന്തരീക്ഷം, ജോലിക്കാരുടെ ഇടപെടൽ, ഷോപ്പിങ് അനുഭവം എന്നിവ മനസിലാക്കണം. സൗജന്യമായി സേവനങ്ങൾ ഉപയോഗിക്കാം, സാധനങ്ങൾ വാങ്ങുകയും ചെയ്യാം. ഷോപ്പിങ്ങിന് ചെലവായ പണം പിന്നീട് തിരികെ ലഭിക്കും.
മിസ്റ്ററി ഷോപ്പിങ്ങിനായി സ്ഥിരം ജീവനക്കാരെ നിയമിക്കാറില്ല. ഓരോ അസൈൻമെന്റുകൾക്കായി ഏജൻസിയെയോ ആളുകളെയോ ചുമതലപ്പെടുത്തുകയാണ് ചെയ്യുക. അസൈൻമെന്റിന് ശേഷം ശമ്പളം നൽകും. സൂപ്പർ മാർക്കറ്റ്, ജ്വല്ലറി, ഇ കൊമേഴ്സ് സർവീസ്, തിയറ്റർ, റസ്റ്ററന്റ് എന്നിവിടങ്ങളിലാണ് പൊതുവെ മിസ്റ്ററി ഷോപ്പർമാരെ നിയമിക്കാറ്.
മിസ്റ്ററി ഷോപ്പിങ് എന്ന പേരുപോലെ തന്നെ ജീവനക്കാർ അറിയാതെയാണ് കടയിലെത്തി ഷോപ്പിങ് നടത്തേണ്ടത്. സാധാരണ ഉപഭോക്താക്കളെ പോലെ തന്നെ പെരുമാറണം. ആവശ്യമെങ്കിൽ ചിത്രങ്ങളും വിഡിയോകളും പകർത്താം. ഉപഭോക്തൃ സേവനം, സ്റ്റോറിന്റെ ശുചിത്വം, മൊത്തത്തിലുള്ള ഷോപ്പിങ് അനുഭവങ്ങൾ എന്നിവ വിലയിരുത്തി കൃത്യമായി സ്ഥാപനങ്ങൾക്ക് കൈമാറണം.
പരിചയസമ്പന്നരായ മിസ്റ്ററി ഷോപ്പർമാർക്ക് പ്രശസ്ത ഏജൻസികളുമായി പ്രവർത്തിച്ച് ഉയർന്ന വരുമാനം ലഭിക്കുന്ന അവസരങ്ങൾ കണ്ടെത്താനാകും. മിസ്റ്ററി ഷോപ്പർക്ക് പ്രത്യേക വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ല. എന്നാൽ നീരീക്ഷണ പാടവം, ആശയവിനിമയ ശേഷി എന്നിവ വേണം. ഫ്രീലാൻസ് അസൈൻമെന്റിന് ഒരു മിസ്റ്ററി ഷോപ്പർക്ക് ഇന്ത്യയിൽ 2000 രൂപ വരെ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

