കേന്ദ്ര സർവിസിൽ എം.ടി.എസ്-1198, ഹവീൽദാർ 360 ഒഴിവുകൾ
text_fieldsസ്റ്റാഫ് സെലക്ഷൻ കമീഷൻ (SSC) കേന്ദ്ര സർവിസുകളിലേക്ക് മൾട്ടി ടാസ്കിങ് (നോൺ ടെക്നിക്കൽ) സ്റ്റാഫ് (എം.ടി.എസ്) തസ്തികയിൽ 1198 ഒഴിവുകളിലേക്കും ഹവീൽദാർ തസ്തികയിൽ 360 ഒഴിവുകളിലേക്കും നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിലും (CBIC) സെൻട്രൽ ബ്യൂറോ ഓഫ് നാർകോട്ടിക്സിലും (CBN) ഹവീൽദാർ തസ്തികയിൽ നിയമനം ലഭിക്കും. കേന്ദ്രസർക്കാറിന്റെ വിവിധ വകുപ്പുകൾ/ഓഫിസുകൾ/മന്ത്രാലയങ്ങളിലും മറ്റുമാണ് എം.ടി.എസ് ഒഴിവുകൾ.
യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. പ്രായപരിധി 18-25/27. എസ്.സി/എസ്.ടിക്കാർക്ക് അഞ്ചു വർഷം, ഒ.ബി.സി വിഭാഗങ്ങൾക്ക് മൂന്നു വർഷം, പി.ഡബ്ല്യൂ.ബി.ഡി വിഭാഗത്തിന് 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും നിയമാനുസൃതമായ വയസ്സിളവുണ്ട്. ഭാരതപൗരന്മാർക്ക് അപേക്ഷിക്കാം.
വനിതകളെയും പരിഗണിക്കും. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടാകണം. സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://ssc.nic.inൽ ലഭ്യമാണ്. അപേക്ഷാഫീസ് 100 രൂപ. വനിതകളെയും എസ്.സി/എസ്.ടി/പി.ഡബ്ല്യൂ.ബി.ഡി, വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവരെയും ഫീസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ 22 വരെ ഓൺലൈനായി ഫീസ് അടക്കാം.
തിരഞ്ഞെടുപ്പിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ സെപ്റ്റംബറിൽ നടത്തും. മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിൽ ചോദ്യപേപ്പറുകളുണ്ടാവും. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള ടെസ്റ്റിൽ ന്യൂമെറിക്കൽ ആൻഡ് മാത്തമാറ്റിക്കൽ എബിലിറ്റി, റീസണിങ് എബിലിറ്റി ആൻഡ് പ്രോബ്ലം സോൾവിങ്, പൊതുവിജ്ഞാനം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ എന്നിവയിൽ 90 ചോദ്യങ്ങളുണ്ടാവും.
പരമാവധി 170 മാർക്കിനാണിത്. കേരളത്തിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരവും ലക്ഷദ്വീപിൽ കവരത്തിയും പരീക്ഷാകേന്ദ്രങ്ങളാണ്. ഹവീൽദാർ തസ്തികക്ക് പുരുഷന്മാർക്ക് 157.5 സെ.മീറ്റർ ഉയരവും 81-86 സെ.മീറ്റർ നെഞ്ചളവും വനിതകൾക്ക് 152 സെ.മീറ്റർ ഉയരവും 48 കിലോഗ്രാം ഭാരവും ഉണ്ടാകണം. കായികക്ഷമതാപരീക്ഷയിലും ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റിലും യോഗ്യത നേടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.