Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

10 ഏക്കർ തരിശുഭൂമി ജൈവകൃഷിയിടമാക്കി എം.ബി.എ ബിരുദധാരി; പച്ചക്കറി കൃഷിയിൽനിന്ന് നേടുന്നത് 25 ലക്ഷം രൂപ

text_fields
bookmark_border
Purva Jindal
cancel

ജയ്പൂർ: എം.ബി.എ പഠനത്തിന് ശേഷമുള്ള പതിവ് കരിയർ വഴികൾ ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങി വിജയം കൊയ്യുകയാണ് രാജസ്ഥാനിൽ നിന്നുള്ള പൂർവ ജിൻഡാൽ. പഠനത്തിന് ശേഷം കുടുംബത്തിന്റെ ടെക്സ്റ്റൈൽ ബിസിനസിൽ പ്രവർത്തിച്ചിരുന്ന പൂർവ, കോവിഡ് കാലത്ത് നേരിട്ട തിരിച്ചടികൾക്കുശേഷമാണ് ജൈവകൃഷിയിലേക്ക് തിരിഞ്ഞത്. കല്ലും പാറയും നിറഞ്ഞ് കൃഷിക്ക് അനുയോജ്യമല്ലാതിരുന്ന 10 ഏക്കർ ഭൂമിയെ ഇന്ന് മികച്ച ജൈവകൃഷിയിടമാക്കി മാറ്റി. പച്ചക്കറി കൃഷിയിൽനിന്ന് മാത്രം വർഷം ഏകദേശം 25 ലക്ഷം രൂപയുടെ വിറ്റുവരവാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

രാജസ്ഥാനിലെ ഭിൽവാര സ്വദേശിയായ പൂർവ 2017ൽ മുംബൈയിലെ എസ്.പി. ജെയിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് റിസർച്ചിൽനിന്നാണ് എം.ബി.എ പൂർത്തിയാക്കിയത്. തുടർന്ന് കുടുംബത്തിന്റെ ടെക്സ്റ്റൈൽ ബിസിനസിൽ പ്രവർത്തിച്ചു. എന്നാൽ 2020ലെ കോവിഡ് വ്യാപനം ബിസിനസിനെ ബാധിച്ചതോടെ മറ്റൊരു മേഖല പരീക്ഷിക്കാൻ കുടുംബം തീരുമാനിച്ചു. അങ്ങനെയാണ് ജൈവകൃഷി എന്ന ആശയത്തിലേക്ക് പൂർവ എത്തിയത്.

2021ലാണ് കൃഷിക്കായി 10 ഏക്കർ ഭൂമിയിൽ പണികൾ ആരംഭിച്ചത്. ഭിൽവാരക്ക് സമീപത്തെ ഹമീർഗഢിലെ ഭൂമിയിൽ കല്ലുകളും പാറകളും കാട്ടുചെടികളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. നേരത്തെ അവിടെ കൃഷി നടത്തിയിരുന്നില്ല. കൃഷിയിൽ മുൻപരിചയമില്ലാതിരുന്ന പൂർവ ഓൺലൈനായി വിവരങ്ങൾ ശേഖരിക്കുകയും ജൈവകൃഷി വിദഗ്ധരുടെ സഹായം തേടുകയും ചെയ്തു.

ആദ്യം ഭൂമിയിലെ കല്ലുകളും പാറകളും കാട്ടുചെടികളും നീക്കം ചെയ്തു. തുടർന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കുന്നതിനായി ചാണകം, വെർമികംപോസ്റ്റ് തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചു. ജൈവകൃഷി രീതികൾ ഉപയോഗിച്ച് കീടനിയന്ത്രണവും നടത്തി. വെള്ളത്തിനായി ഡ്രിപ്പ് ഇറിഗേഷനും മണ്ണിലെ ഈർപ്പം നിലനിർത്താൻ മൾച്ചിങ്ങും ചെയ്തു.

ആദ്യഘട്ടത്തിൽ കുറച്ച് ഭൂമിയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. നല്ല വിളവ് ലഭിച്ചതോടെ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിച്ചു. പാറ നിറഞ്ഞ പ്രദേശങ്ങളിൽ മണ്ണ് പുറത്തുനിന്ന് എത്തിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയും ചെയ്തു. ബ്രോക്കോളി, കാരറ്റ്, റാഡിഷ്, കോളിഫ്ലവർ, കാബേജ്, തക്കാളി, പീസ്, തണ്ണിമത്തൻ, വെണ്ടക്ക എന്നിവക്കൊപ്പം സ്ട്രോബറിയും കൃഷി ചെയ്യുന്നുണ്ട് ഇന്ന് പൂർവ. സീസണനുസരിച്ച് വർഷം മുഴുവൻ വിളവെടുപ്പ് നടത്തുകയും ചെയ്യും.

കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുന്നതിനായി ‘സാഖി ഓർഗാനിക്’ എന്ന ബ്രാൻഡും ആരംഭിച്ചു. ഭിൽവാരയിലും സമീപപ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്കാണ് പ്രധാനമായും ഉൽപ്പന്നങ്ങൾ എത്തിക്കുന്നത്. എം.ബി.എ ബിരുദവും കുടുംബ ബിസിനസിലെ അനുഭവവും കൃഷിയെ ഒരു സംരംഭമായി സമീപിക്കാൻ പൂർവയെ സഹായിച്ചു. കൃഷിയെ പരമ്പരാഗത ഉപജീവനമാർഗമായി മാത്രം കാണാതെ വിപണി, ബ്രാൻഡിങ്, നേരിട്ടുള്ള വിൽപ്പന എന്നിവയുമായി ബന്ധിപ്പിച്ചാണ് അവർ മുന്നോട്ട് പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MBA Graduate Turns Barren Land Into Organic Farm
Next Story