മധ്യപ്രദേശിൽ 2027 'യുവജന വർഷമായി' ആചരിക്കുന്നു; തൊഴിലിനും നൈപുണ്യ വികസനത്തിനും മുൻഗണന
text_fieldsഭോപ്പാൽ: രാജ്യത്ത് തൊഴിലവസരങ്ങളും നൈപുണ്യ വികസനവും ലക്ഷ്യമിട്ട് നിർണായക പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ രംഗത്തെത്തി. 2027-ാം വർഷം 'യുവജന വർഷമായി' ആചരിക്കാനാണ് മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനം. വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലവസരങ്ങൾ എന്നിവക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള വിപുലമായ പദ്ധതികളാണ് ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.
ഭോപ്പാലിൽ നടന്ന യുവജന സംഗമത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി മോഹൻ യാദവാണ് ഈ പ്രഖ്യാപനങ്ങൾ നടത്തിയത്. തൊഴിലധിഷ്ഠിത കോഴ്സുകൾ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്ത് 12 പുതിയ മെഡിക്കൽ കോളേജുകളും 12 പുതിയ സർവകലാശാലകളും ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നൈപുണ്യ വികസന പദ്ധതികളുടെ കീഴിൽ ലക്ഷക്കണക്കിന് യുവാക്കളെ ഉൾപ്പെടുത്തി പരിശീലനം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി മധ്യപ്രദേശ് പബ്ലിക് സർവകലാശാല ഇനി മുതൽ വർഷത്തിൽ ഒരുതവണ എന്നതിന് പകരം രണ്ട് തവണ പരീക്ഷകൾ നടത്തും. കൂടാതെ, യുവജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും സർക്കാരിന്റെ നയരൂപീകരണങ്ങളിൽ പങ്കുവെക്കാനായി 'യുവജന വർഷം 2027' എന്ന പേരിൽ പ്രത്യേക പോർട്ടലും ആരംഭിക്കുന്നുണ്ട്. കോളേജ് വിദ്യാർഥികൾക്ക് മത്സരപ്പരീക്ഷകൾക്കായി സൗജന്യ കോച്ചിങ് ഉറപ്പാക്കാനും മികച്ച തൊഴിലവസരങ്ങളിലേക്ക് അവരെ കൈപിടിച്ചുയർത്താനുമുള്ള പ്രത്യേക സംവിധാനങ്ങൾ വരും ദിവസങ്ങളിൽ നിലവിൽ വരും.
വിദ്യാർഥികളെ ഭാവിയിലെ സാങ്കേതിക വിദ്യകൾക്കായി സജ്ജരാക്കുന്നതിനായി സർക്കാർ കോളേജുകളിൽ അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് ലാബുകൾ സ്ഥാപിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗവേഷണ വിദ്യാർഥികളുടെ പ്രതിമാസ ഫെലോഷിപ്പ് തുക 16,000 രൂപയിൽ നിന്ന് 25,000 രൂപയായി ഉയർത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാജ്യത്ത് യുവാക്കൾക്കായി വൻതോതിൽ തൊഴിൽ-വിദ്യാഭ്യാസ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന്റെ തുടർച്ചയായാണ് മധ്യപ്രദേശിന്റെ ഈ പുതിയ ചുവടുവെപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

