ആമസോൺ, ജെ.പി. മോർഗൻ, മൈക്രോസോഫ്റ്റ്....2025ൽ എച്ച്-വൺബി വിസ വർധിപ്പിച്ച യു.എസ് കമ്പനികളെ കുറിച്ചറിയാം
text_fieldsപ്രതീകാത്മക ചിത്രം
വാഷിങ്ടൺ: യു.എസിനും ഇന്ത്യക്കുമിടയിലുള്ള വിവാദ വിഷയങ്ങളിലൊന്നായി സമീപകാലത്ത് മാറിയിരിക്കുകയാണ് എച്ച്-വൺബി വിസ. ഒരു ഭാഗത്ത് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിസ നിയമങ്ങൾ കടുപ്പിക്കുമ്പോഴും മറുഭാഗത്ത് എച്ച്-വൺബി വിസകളുടെ എണ്ണം കുത്തനെ വർധിപ്പിച്ചിരിക്കുകയാണ് ചില യു.എസ് കമ്പനികൾ. കൺസൾട്ടിങ്, ടെക്നോളജി, ഫിനാൻഷ്യൽ സർവീസസ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളാണ് ഇത്തരത്തിൽ വിസകളുടെ എണ്ണം വർധിപ്പിച്ചത്.
ആമസോൺ, ജെ.പി. മോർഗൻ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികളാണ് എച്ച്-വൺബി വിസകളുടെ എണ്ണം വർധിപ്പിച്ചത്. അതിൽ ആമസോൺ ആണ് ഏറ്റവും മുന്നിൽ. ജെ.പി. മോർഗൻ ചേസ്, മൈക്രോസോഫ്റ്റ്, ആപ്പിൾ, മെറ്റ പ്ലാറ്റ്ഫോംസ് എന്നിവയും തൊട്ടുപിന്നിലുണ്ട്.
സിസ്കോ സിസ്റ്റം, ടി.സി.എസ്, വിസ ടെക്നോളജി ആൻഡ് ഓപറേഷൻസ്, ആമസോൺ വെബ് സർവീസസ്, ജനറൽ മോട്ടോഴ്സ് എന്നീ കമ്പനികളും എച്ച്-വൺബി വിസകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. വിസ പുതുക്കിയതുൾപ്പെടെ പരിഗണിച്ചാണ് ന്യൂസ് വീക്ക് വിശകലനം നടത്തിയിരിക്കുന്നത്. ഈ കണക്കുകളിൽ കോവിഡ് കാലത്ത് നിയമിക്കപ്പെട്ട ജീവനക്കാർക്ക് മൂന്നുവർഷത്തിലൊരിക്കൽ വിസ പുതുക്കി നൽകുന്നതും ഉൾപ്പെടുന്നുണ്ട്. എച്ച്-വൺബി വിസകളുടെ എണ്ണം വർധിക്കാനുള്ള പ്രധാന ഘടകവും ഈ വിസ പുതുക്കൽ തന്നെയാണെന്നും ന്യൂസ് വീക്ക് ഉദ്ധരിക്കുന്നുണ്ട്. നിയമാനുസൃത തൊഴിലുടമകൾക്കുള്ള ഉയർന്ന ലോട്ടറി സെലക്ഷൻ നിരക്കാണ് മറ്റൊരു കാരണമെന്ന് അവർ പറഞ്ഞു.
യു.എസ് കമ്പനികൾക്ക് വിദേശ വൈദഗ്ധ്യമുള്ള ആളുകളെ നിയമിക്കാൻ അനുവദിക്കുന്ന വിസ പ്രോഗ്രാമാണ് എച്ച്-വൺബി. ഇന്ത്യൻ ഐ.ടി ജീവനക്കാരാണ് ഈ വിസയുടെ ഏറ്റവും വലിയ പ്രായോജകർ. എന്നാൽ അമേരിക്കക്കാരുടെ തൊഴിലുകൾ കവരുന്നതാണെന്നാരോപിച്ച് എച്ച്-വൺബി വിസ നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഉയർന്ന വേതനമുള്ള തസ്തികകൾക്ക് മാത്രമേ നൽകൂ എന്ന രീതിയിൽ എച്ച്-വൺബി വിസ പദ്ധതി പുനഃക്രമീകരിക്കാനും ട്രംപ് ഭരണകൂടം പദ്ധതിയിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

