Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഇനി പ്രഫഷനലായി...

ഇനി പ്രഫഷനലായി ‘ചായകുടിക്കാം’

text_fields
bookmark_border
Tea
cancel

ഒരു ചായകുടിച്ചാൽ മാറാത്ത ക്ഷീണമൊന്നും മലയാളിക്കുണ്ടാവില്ല. രാവിലെ എഴുന്നേറ്റ് രാത്രി കിടക്കുമ്പോഴേക്ക് മിനിമം മൂന്നുനാല് ചായയെങ്കിലും അകത്താക്കാതെ മിക്കവരുടെയും ഒരുദിവസം തീരില്ല. ഇതൊക്കെകണ്ട് ‘നീ ഇങ്ങനെ ചായയും കുടിച്ചു നടന്നോ പണിക്കൊന്നും പോകാതെ’ എന്ന് ആരെങ്കിലും പറഞ്ഞാൽ അവരോട് ധൈര്യമായി തിരിച്ചുപറയാം ‘ചായകുടി അത്ര മോശം കാര്യമൊന്നും അല്ല’ എന്ന്. സംഗതി അൽപ്പം സീരിയസാണ്. ചായകുടിച്ച് പണം സമ്പാദിക്കാൻ പറ്റുമോ? തീർച്ചയായും. ‘ചായകുടി’ ലോകത്തെ ഏറ്റവും ‘വിലപിടിപ്പുള്ള’ ​ജോലികളിലൊന്നാണെന്ന് അധികമാർക്കും അറിഞ്ഞു​കൊള്ളണമെന്നില്ല. ടാറ്റ ഗ്ലോബൽ ബിവറേജസ്, മക്‍ലിയോഡ് റസ്സൽ തുടങ്ങി നിരവധി കമ്പനികളാണ് ടീ ടേസ്റ്റർമാരെ തപ്പി നടക്കുന്ന പ്രമുഖർ. വെറുതെ ചായകുടിക്കാൻ ചെന്നാൽ അവിടെ കയറ്റില്ല. പകരം ചില കോഴ്സുകൾകൂടി പഠിച്ചിരിക്കണം.

ടീ ടേസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ചില യോഗ്യതകൾ വേണം. ബയോളജി, അഗ്രികൾച്ചർ, ഹോം സയൻസ്, ഫുഡ് ടെക്നോളജി, ഹോർട്ടികൾച്ചർ, ബോട്ടണി എന്നിവയിൽ ഏതെങ്കിലുമൊന്നിൽ ബിരുദം പൂർത്തിയാക്കിയവർക്കാണ് ‘ടീ ടേസ്റ്റർ’ ആവാൻ കഴിയുക. ഇതുകൂടാതെ നേതൃപാഠവവും പെട്ടന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവും മികച്ച ആശയവിനിമയവും ആസൂത്രണ മികവുമെല്ലാം ഒരു ടീ ടേസ്റ്റർക്ക് വേണ്ട നിർബന്ധ യോഗ്യതകളാണ്. ടീ ടേസ്റ്റർ ആകാൻ ​പ്രത്യേക ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഒന്നുംതന്നെയില്ല എന്നതാണ് മറ്റൊരു കാര്യം. എന്നിരുന്നാലും ‘ടീ ടേസ്റ്റർ’ എന്ന പ്രഫഷനിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന, ബയോളജി ഗ്രൂപ്പെടുത്ത് ബിരുദം പൂർത്തിയാക്കിയവർക്കായി ‍ടീ ടേസ്റ്റർ ബിരുദാനന്തര ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾ ലഭ്യമാണ്. ഒന്നര മാസം മുതലുള്ള കോഴ്സുകൾ ഈ മേഖലയിലുണ്ട്.

ചില കോഴ്സുകൾക്ക് ഒരുവർഷംവരെ ദൈർഘ്യമുണ്ടാകും. സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉണ്ടെങ്കിലും ബയോളജി, അഗ്രികൾച്ചർ, ഹോം സയൻസ്, ഫുഡ് ടെക്നോളജി, ഹോർട്ടികൾച്ചർ, ബോട്ടണി എന്നിവയിൽ ബിരുദമുള്ളവർക്ക് നേരിട്ടും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

ഇനി എന്താണ് ഒരു ടീ ടേസ്റ്ററുടെ ജോലി എന്നല്ലേ? സിംപ്ൾ ആയി, ചായ രുചിച്ച് തേയിലയുടെ ഗുണമേന്മ ഉറപ്പാക്കുന്നവരാണ് ടീ ടേസ്റ്റേഴ്സ് എന്ന് പറയാം. ചായ രുചിച്ചുനോക്കുന്നതിനൊപ്പം എങ്ങനെ വ്യത്യസ്ത രീതികളിൽ വ്യത്യസ്ത രുചികളിൽ ഇവ തയാറാക്കാം എന്നതിനെക്കുറിച്ച് വിദഗ്ധോപദേശം നൽകുകയും ചെയ്യുന്ന ആളാണ് ടീ ടേസ്റ്റർ. വ്യത്യസ്‌തമായ ഫ്ലേവറുകളെക്കുറിച്ച് പഠിക്കുക എന്ന ജോലികൂടി ഇവർക്കുണ്ട്. ഒരു ടീ ടേസ്റ്റർ ടീ ഇന്റസ്ട്രിയുടെ നെടുന്തൂണാണ് എന്നുതന്നെ വേണമെങ്കിൽ പറയാം.

കാരണം അവരാണ് അതത് കമ്പനികളുടെ വ്യത്യസ്ത ഫ്ലേവറുകൾക്കും ടേസ്റ്റിനും പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന വ്യക്തി. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച തൊഴിലുകളിൽ ഒന്നാണ് ടീ ടേസ്റ്ററുടേത്.​ രുചിയും ഗുണമേന്മയും മനസ്സിലാക്കി അതിന്റെ അടിസ്ഥാനത്തിൽ ടീ വ്യത്യസ്ത ഗ്രേഡുകളായി തരം തിരിക്കുക എന്ന ഉത്തരവാദിത്തം ടീ ടേസ്റ്റർമാർക്കുണ്ട്. ചായ രുചിച്ചുനോക്കി ഗുണനിലവാരമുള്ള തേയിലയാണെന്ന അന്തിമ ഉറപ്പ് നൽകേണ്ടതും ഇവരാണ്. മാത്രമല്ല തേയില തോട്ടങ്ങളിൽ നേരിട്ടുചെന്ന് പരിശോധനകൾ നടത്തി അത് പരിപാലിക്കുന്നവർക്കുള്ള നിർദേശങ്ങളും നൽകേണ്ടിവരും. ഏറ്റവും പുതിയ മാർക്കറ്റ് ട്രെൻഡുകളെക്കുറിച്ചുള്ള വിവരങ്ങൾ നിർമ്മാതാക്കൾക്ക് നൽകുക എന്നതുകൂടി ഇവരുടെ ചുമതലയാണ്. മദ്യപാനവും പുകവലിയും ഉള്ള ആൾക്കാരെ ഒരിക്കലും ഉൾക്കൊള്ളിക്കാത്ത മേഖലയാണിത്.

രസമുകുളങ്ങൾ നന്നായി പ്രവർത്തിക്കുന്നവർക്കേ ഈ മേഖലയിൽ നിലനിൽപ്പുള്ളൂ. ദിവസം 200 മുതൽ 400 വരെ വ്യത്യസ്ത രുചികളിലുള്ള ചായവരെ ഇവർക്ക് രുചിച്ചുനോക്കേണ്ടിവരും എന്നതുകൊണ്ടുതന്നെ കൃത്യമായ ജീവിതരീതി ടീ ടേസ്റ്റർമാർ പിന്തുടരേണ്ടിവരും. മികച്ച സ്കിൽ ആവശ്യമുള്ള മേഖലകൂടിയാണിത്. വിവിധ തേയിലക്കമ്പനികൾ, ഫാക്ടറികൾ, വിപണന കേന്ദ്രങ്ങൾ, കയറ്റുമതി യൂനിറ്റുകൾ, ബ്രോക്കിങ് കമ്പനികൾ എന്നിവിടങ്ങളിലായിരിക്കും ​ടീ ടേസ്റ്റർമാർക്ക് പ്രവർത്തിക്കാനുള്ള അവസരം. ഇന്റർവ്യൂ, സൈക്കോമെട്രിക് ടെസ്റ്റ്, സെൻസറി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമേ കമ്പനികൾ യോഗ്യരായവരെ ജോലിക്ക് തെരഞ്ഞെടുക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tea TasterTata Global Beverages
News Summary - Let's 'drink tea' professionally
Next Story