കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ച് സർക്കാർ; സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹരജി നൽകും
text_fieldsതിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് പിന്നാലെ, കെ ടെറ്റ് യോഗ്യത നേടാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റ നിയമനം ഉൾപ്പെടെ വിലക്കിയുള്ള ഉത്തരവ് മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരിയിലെ പ്രത്യേക കെ.ടെറ്റ് യോഗ്യത പരീക്ഷക്ക് ശേഷം പുതിയ ഉത്തരവ് പുറപ്പെടുവിക്കും. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. വിധിക്കെതിരെ ഉടൻ റിവ്യൂ ഹരജി നൽകുമെന്ന് മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളെ അറിയിച്ചു.
സുപ്രീംകോടതി വിധിക്ക് പിന്നാലെ, കെ.ടെറ്റ് യോഗ്യത നേടാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റ നിയമനം ഉൾപ്പെടെ വിലക്കിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് അധ്യാപക സംഘടനകൾ ഉയർത്തിയത്.
സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടിഎ ഉൾപ്പെടെ സർക്കാറിന്റെ ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവന്നിരുന്നു. കോടതി വിധി നിലവിലുള്ള അരലക്ഷത്തിലധികം അധ്യാപകരെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഇതിനെതിരെ പുനഃപരിശോധനാ ഹരജി നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയതിന് പിന്നാലെ ഇതിന് വിരുദ്ധമായി വിദ്യാഭ്യാസ വകുപ്പ് തന്നെ ഉത്തരവിറക്കിയത് അധ്യാപകരെ വെട്ടിലാക്കിയത്. സർവീസിൽ നിന്ന് വിരമിക്കാൻ ഏതാനും വർഷങ്ങൾ മാത്രമുള്ള അധ്യാപകർ വരെ കെ.ടെറ്റ് യോഗ്യത നേടണമെന്ന വ്യവസ്ഥയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
ഹയർസെക്കൻഡറി അധ്യാപക തസ്തികകളിലേക്കുള്ള (എച്ച്.എസ്.എസ്.ടി/ എച്ച്.എസ്.എസ്.ടി ജൂനിയർ) ബൈ ട്രാൻസ്ഫർ നിയമനത്തിന് പോലും കെ.ടെറ്റ് കാറ്റഗറി മൂന്ന് യോഗ്യത നേടിയ ഹൈസ്കൂൾ അധ്യാപകരെ പരിഗണിച്ചാൽ മതിയെന്നാണ് ഉത്തരവിൽ പറഞ്ഞിരുന്നത്.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ വ്യക്തത തേടി പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ കത്തിലാണ് സർവീസിലുള്ള അധ്യാപകരെ ഒന്നടങ്കം പ്രതിസന്ധിയിലാക്കുന്ന ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ പുറപ്പെടുവിച്ചത്.
അതേസമയം, വിദ്യാഭ്യാസ മേഖലയിൽ ആശങ്ക പടർത്തുന്നതാണ് കെ.ടെറ്റ് സംബന്ധിച്ച സർക്കാർ ഉത്തരവെന്ന് കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങളടങ്ങിയ ഉത്തരവ് പുനഃപരിശോധിക്കണം. സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി സമർപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കെ.എസ്.ടി.എ ആവശ്യപ്പെട്ടിരുന്നു.
കെ.ടെറ്റ് സംബന്ധിച്ച സർക്കാർ ഉത്തരവ് അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. കൊലപാതകക്കേസ് പ്രതികൾക്കു വേണ്ടി ലക്ഷങ്ങൾ ഫീസുള്ള അഭിഭാഷകരെ നിയമിച്ച് ദിവസങ്ങൾക്കകം അപ്പീൽ നൽകുന്ന സർക്കാരാണ് പതിനായിരക്കണക്കിന് അധ്യാപകരുടെ ജീവിതം തന്നെ ഇരുട്ടിലാക്കുന്ന ഉത്തരവിനെതിരെ മാസങ്ങൾ കഴിഞ്ഞിട്ടും അപ്പീൽ പോലും നൽകാൻ തയാറാകാതിരിക്കുന്നതെന്നും സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദും ജനറൽ സെക്രട്ടറി പി.കെ അരവിന്ദനും കുറ്റപ്പെടുത്തി. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.
കെ.ടെറ്റിന്റെ പേരിൽ അധ്യാപകരുടെ സ്ഥാനക്കയറ്റം തടയില്ലെന്ന് മിനിട്സ് തയാറാക്കിയതിന് പിന്നാലെ ഇതിന് വിരുദ്ധമായ ഉത്തരവിറക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി അധ്യാപക വഞ്ചനയെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. സർക്കാർ നടപടിക്കെതിരെ സമാനമനസ്കരുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് കെ.എം. അബ്ദുല്ലയും ജനറൽ സെക്രട്ടറി കല്ലൂർ മുഹമ്മദലിയും അറിയിച്ചിരുന്നു.
കെ.ടെറ്റ് ഉത്തരവ് അധ്യാപക ദ്രോഹ നടപടിയാണെന്നും പിൻവലിക്കണമെന്നുമാണ് കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) ആവശ്യപ്പെട്ടത്. കോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകാതെ ഉത്തരവിറക്കിയ നടപടി അധ്യാപക വഞ്ചനയാണെന്നും സംസ്ഥാന പ്രസിഡന്റ് എ.എ ജാഫർ, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ എന്നിവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

