You are here
കെ.ടെറ്റ് മാർച്ച് 31നകം നേടണമെന്ന്; നിയമനം ലഭിച്ചവർ ആശങ്കയിൽ
2011ന് ശേഷം നിയമിതരായവർക്ക് ബാധകം
ചെറുവത്തൂർ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ 2011ന് ശേഷം നിയമിതരായവർ മാർച്ച് 31നുള്ളിൽ കെ.ടെറ്റ് യോഗ്യത നേടണമെന്ന് നിർദേശം. ഇതേ തുടർന്ന്, നിയമനം ലഭിച്ചവർ ആശങ്കയിൽ. ടി.ടി.സി, ബി.എഡ് എന്നീ അധ്യാപക യോഗ്യതകൾക്ക് പുറമെ കെ.ടെറ്റ് യോഗ്യതയും വിദ്യാഭ്യാസ വകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്.
തുടക്കത്തിൽ എല്ലാ അധ്യാപകർക്കും നിർബന്ധമാക്കിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് 2011ന് ശേഷം നിയമിതരായവർക്ക് മാത്രം നിർബന്ധമാക്കുകയായിരുന്നു. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസിൽ അധ്യാപകരാകാൻ കാറ്റഗറി ഒന്ന്, ആറ് മുതൽ എട്ട് വരെ കാറ്റഗറി രണ്ട്, 9, 10 ക്ലാസുകളിൽ അധ്യാപകരാകാൻ കാറ്റഗറി മൂന്ന്, ഭാഷാ വിഷയങ്ങളിൽ അധ്യാപകരാകാൻ കാറ്റഗറി നാല് വിജയമാണ് നിഷ്കർഷിച്ചിട്ടുള്ളത്.
150 ചോദ്യങ്ങളിൽ 60 ശതമാനം മാർക്ക് സ്വന്തമാക്കിയാലേ കെ.ടെറ്റ് വിജയിക്കുകയുള്ളൂ. നിലവിൽ നിയമനം ലഭിച്ചവരെ കെ.ടെറ്റ് പരീക്ഷയിൽനിന്നും ഒഴിവാക്കണമെന്നതാണ് ഉദ്യോഗാർഥികളുടെ ആവശ്യം.