സയന്റിസ്റ്റ്/എൻജിനീയറാവാൻ ഐ.എസ്.ആർ.ഒ വിളിക്കുന്നു
text_fieldsഐ.എസ്.ആർ.ഒ കേന്ദ്രീകൃത റിക്രൂട്ട്മെന്റ് ബോർഡ് പരസ്യനമ്പർ ഐ.എസ്.ആർ.ഒ:/സി.ആർ.ബി:02 (ഇ.എം.സി): 2025 പ്രകാരം സയന്റിസ്റ്റ്/എൻജിനീയർ ‘ഗ്രേഡ് SC’ തസ്തികയിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ സയൻസ് ഫസ്റ്റ്ക്ലാസ് എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. വിജ്ഞാപനം www.isro.gov.inൽ ലഭിക്കും. ആകെ 320 ഒഴിവുകളുണ്ട് (ഇലക്ട്രോണിക്സ് 115, മെക്കാനിക്കൽ 160, കമ്പ്യൂട്ടർ സയൻസ് 45). ഭാരത പൗരന്മാർക്ക് അപേക്ഷിക്കാം.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ മൊത്തം 65 ശതമാനം മാർക്കിൽ/6.84/10 സി.ജി.പി.എയിൽ കുറയാതെ ബി.ഇ/ബി.ടെക് ബിരുദം. അവസാനവർഷ പരീക്ഷയെഴുതി 2025 ആഗസ്റ്റ് 31നകം യോഗ്യത തെളിയിക്കാൻ കഴിയുന്നവർക്കും അപേക്ഷിക്കാം. ഡ്യൂവൽ/ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാമുകളിൽ യോഗ്യത നേടിയവരെയും പരിഗണിക്കും. പ്രായപരിധി 16.06.2025ൽ 28 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ് 250 രൂപ. എന്നാൽ, അപേക്ഷകർ 750 രൂപ പ്രോസസിങ് ഫീസായി നൽകണം. തിരഞ്ഞെടുപ്പിനായുള്ള എഴുത്തുപരീക്ഷക്ക് ഹാജരാകുന്ന എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/വിമുക്ത ഭടന്മാർ, വനിതകൾ എന്നീ വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസ് ഇല്ലാത്തതിനാൽ 750 രൂപയും തിരികെ ലഭിക്കുന്നതാണ്. മറ്റുള്ളവർക്ക് അപേക്ഷാഫീസായ 250 രൂപ കുറച്ച് 500 രൂപ മടക്കി നൽകും. ഓൺലൈനിൽ ജൂൺ 16 വരെ അപേക്ഷിക്കാം. 18 വരെ ഫീസ് സ്വീകരിക്കും.
സെലക്ഷൻ: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മെറിറ്റ്ലിസ്റ്റ് തയാറാക്കിയാണ് നിയമനം. ഒബ്ജക്ടിവ് മാതൃകയിലുള്ള പരീക്ഷയിൽ പാർട്ട് എയിൽ എൻജിനീയറിങ് അധിഷ്ഠിതമായ 80 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളും പാർട്ട് ബിയിലെ ആപ്റ്റിറ്റ്യൂഡ്/എബിലിറ്റി ടെസ്റ്റിൽ 15 മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളുമുണ്ടാവും. തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, ലഖ്നോ അടക്കമുള്ള കേന്ദ്രങ്ങളിലായാണ് പരീക്ഷ. ഇതിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‍ലിസ്റ്റ് ചെയ്ത് അഭിമുഖത്തിന് ക്ഷണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ 56,100 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

