ബിരുദക്കാർക്ക് ഡിഫൻസ് സർവിസിൽ ഓഫിസറാകാം
text_fieldsയു.പി.എസ്.സി ദേശീയതലത്തിൽ 2026 ഏപ്രിൽ 12ന് നടത്തുന്ന കമ്പയിൻഡ് ഡിഫൻസ് സർവിസസ് (സി.ഡി.എസ്) പരീക്ഷ വഴി വിവിധ കോഴ്സുകളിൽ പരിശീലനം നേടി ബിരുദക്കാർക്ക് പ്രതിരോധസേനാ വിഭാഗങ്ങളിൽ ലഫ്റ്റനന്റ് പദവിയിൽ ഓഫിസറാകാം. പരിശീലനകാലം പ്രതിമാസം 56,100 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവരെ 56,100-1,77,500 രൂപ ശമ്പളനിരക്കിൽ നിയമിക്കും.
ആകർഷകമായ നിരവധി ആനുകൂല്യങ്ങളും ഉദ്യോഗക്കയറ്റ സാധ്യതകളുമുണ്ട്. പുരുഷന്മാർക്കും വനിതകൾക്കുമായി 451 ഒഴിവുകളാണുള്ളത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈനിൽ ഡിസംബർ 30 വരെ അപേക്ഷ സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്.
കോഴ്സുകളും ഒഴിവുകളും
1. മിലിട്ടറി അക്കാദമി ഡറാഡൂൺ:162-ാമത് കോഴ്സ്. 2027 ജനുവരിയിൽ തുടങ്ങും. ഒഴിവുകൾ 100 (എൻ.സി.സി-സി സർട്ടിഫിക്കറ്റുകാർക്ക് (ആർമി വിങ്) 13 ഒഴിവുകളിൽ സംവരണമുണ്ട്).
2. നേവൽ അക്കാദമി, ഏഴിമല: കോഴ്സ് 2027 ജനുവരിയിൽ ആരംഭിക്കും. എക്സിക്യൂട്ടിവ് ബ്രാഞ്ച് (ജനറൽ സർവിസ്)/ഹൈഡ്രോ ഒഴിവുകൾ 26. (എൻ.സി.സി-സി സർട്ടിഫിക്കറ്റ്-നേവൽ വിങ്-7 ഒഴിവുകളിൽ സംവരണം).
3. എയർഫോഴ്സ് അക്കാദമി, ഹൈദരാബാദ്: (പ്രീ ഫ്ലൈയിങ്) 221 എഫ് (പി) ട്രെയിനിങ് കോഴ്സ് 2027 ജനുവരിയിൽ തുടങ്ങും. ഒഴിവുകൾ 32 (എൻ.സി.സി-സി സർട്ടിഫിക്കറ്റ്-എയർവിങ്-3 ഒഴിവുകളിൽ സംവരണം)
4. ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ: 125-ാമത് എസ്.എസ്.സി മെൻ (എൻ.ടി-യു.പി.എസ്.സി) കോഴ്സ് 2027 ഏപ്രിലിൽ തുടങ്ങും. ഒഴിവുകൾ 275.
5. ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ: 125-ാമത് എസ്.എസ്.സി വിമെൻ (എൻ.ടി-യു.പി.എസ്.സി)-കോഴ്സ് 2027 ഏപ്രിലിൽ ആരംഭിക്കും. ഒഴിവുകൾ 18.
യോഗ്യത: ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. 2003 ജനുവരി 2ന് മുമ്പോ 2008 ജനുവരി ഒന്നിന് ശേഷമോ ജനിച്ചവരാകരുത്. അംഗീകൃത സർവകലാശാല ബിരുദം/തത്തുല്യ യോഗ്യത വേണം.ഇന്ത്യൻ നേവൽ അക്കാദമിയിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി ‘ഐ.എം.എ’ക്കുള്ളതുപോലെ തന്നെ. എൻജിനീയറിങ് ബിരുദമുണ്ടായിരിക്കണം.
വ്യോമ അക്കാദമിയിലേക്ക് പ്രായം 20-24. കമേർഷ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സുവരെയാകാം. 25 വയസ്സിന് താഴെയുള്ളവർ അവിവാഹിതരായിരിക്കണം. പരിശീലനകാലം വിവാഹം അനുവദിക്കില്ല. ബിരുദമാണ് യോഗ്യത (പ്ലസ്ടുവിന് ഫിസിക്സ്, മാത്സ് വിഷയങ്ങൾ പഠിച്ചിരിക്കണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം. ഫീസ് 200 രൂപ. വനിതകൾക്കും പട്ടിക വിഭാഗങ്ങൾക്കും ഫീസില്ല. https://upsconline.nic.in വഴിയാണ് അപേക്ഷിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

