‘സ്വന്തമായി എന്തെങ്കിലും ചെയ്യണം’ 3.3 കോടി രൂപ ശമ്പളമുള്ള ഗൂഗ്ൾ ജോലി ഉപേക്ഷിച്ച് യുവ ടെക്കി
text_fieldsന്യൂയോർക്ക്: വർഷം 3.3 കോടി രൂപ ശമ്പളം ലഭിക്കുന്ന ജോലി ഉപേക്ഷിക്കുക എന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരിക്കും. എന്നാൽ, പണത്തേക്കാൾ ഉപരി ജീവിതത്തിൽ താൻ എന്ത് ചെയ്തുവെന്ന ചോദ്യം മുന്നിൽവരുമ്പോൾ പണത്തിന്റെ കാര്യം മാറ്റി നിർത്തും. അത്തരമൊരു തീരുമാനമാണ് ന്യൂയോർക്ക് സ്വദേശിയായ ടെക് പ്രഫഷനലായ കെവിൻ നോട്ടൺ ജൂനിയറെയും ഗൂഗ്ളിലെ ജോലി വിടാൻ പ്രേരിപ്പിച്ചത്.
ഗൂഗ്ളിൽ ജോലി ചെയ്യുമ്പോൾ കെവിൻ നോട്ടൺ ജൂനിയറിന് പ്രതിവർഷം ഏകദേശം 3.5 ലക്ഷം ഡോളർ, അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 3.3 കോടി രൂപ ലഭിച്ചിരുന്നു. സാമ്പത്തികമായി മികച്ച അവസരമായിരുന്നെങ്കിലും താൻ ചെയ്യാൻ ആഗ്രഹിച്ചിരുന്ന ജോലി അതല്ലെന്നായിരുന്നു കെവിൻ നോട്ടൺ ജൂനിയറിന്റെ തിരിച്ചറിവ്. ഏറ്റവും മികച്ച ‘നയൺ ടു ഫൈവ്’ ജോലിയെന്നാണ് ഗൂഗ്ൾ ജോലിയെ അദ്ദേഹം വിശേഷിപ്പിച്ചതും.
ജീവിതകാലം മുഴുവൻ മറ്റൊരാൾക്കുവേണ്ടി ജോലി ചെയ്യുന്നതിനേക്കാൾ സ്വന്തമായി എന്തെങ്കിലും കെട്ടിപ്പടുക്കണമെന്ന ആഗ്രഹം കെവിൻ നോട്ടൺ ജൂനിയറിനുണ്ടായിരുന്നു. 2022ൽ പിതാവിന്റെ മരണം അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായി. ആ സംഭവം ജീവിതത്തെക്കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിക്കാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് കെവിൻ നോട്ടൺ പറയുന്നു. ഇനി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങൾ മാറ്റിവെച്ച് ജീവിക്കേണ്ടതില്ലെന്ന തിരിച്ചറിവാണ് ഇതിലൂടെ ഉണ്ടായത്. പണം മാത്രമല്ല, ഓരോ ദിവസവും സന്തോഷത്തോടെ ചെയ്യുന്ന ജോലിയാണ് പ്രധാനമെന്ന ചിന്തയും ശക്തമായി.
എന്നാൽ, കോടികൾ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചത് കെവിൻ നോട്ടൺ ജൂനിയറിന്റെ പെട്ടന്നുള്ള തീരുമാനമല്ലായിരുന്നു. ജോലി ഉപേക്ഷിക്കുന്നതിന് മുമ്പ്, വരും വർഷങ്ങളിൽ വരുന്ന ചെലവുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിൽ പണം സമ്പാദിച്ചു. അടുത്ത സുഹൃത്തുമായുള്ള സംഭാഷണവും തീരുമാനത്തിൽ നിർണായകമായി. ജോലി ഇല്ലാതെയും ഏകദേശം മൂന്ന് വർഷം ജീവിക്കാൻ കഴിയുന്ന സാമ്പത്തിക സുരക്ഷിതത്വമുണ്ടെങ്കിൽ, ആ കാലയളവിൽ സ്വന്തം ബിസിനസ് പരീക്ഷിക്കാമെന്നായിരുന്നു സുഹൃത്തിന്റെ നിർദേശം. ബിസിനസ് പരാജയപ്പെട്ടാൽ വീണ്ടും ജോലി അന്വേഷിക്കാമെന്നും കെവിൻ നോട്ടൺ തീരുമാനിച്ചു. ഗൂഗ്ൾ വിട്ടതിന് ശേഷം സ്വന്തമായി ജോലി ചെയ്യുന്നതിനും ബിസിനസ് കെട്ടിപ്പടുക്കുന്നതിനും നോട്ടൺ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ആദ്യ ദിവസം മുതൽ തന്നെ താൻ തനിക്ക് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും കെവിൻ നോട്ടൺ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

