Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
UK
cancel
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമികച്ച കരിയർ...

മികച്ച കരിയർ മനസ്സിലുണ്ടോ? യു.കെയിലേക്ക് പറക്കാം

text_fields
bookmark_border

വിദേശ സർവകലാശാലയിൽ ഉന്നതപഠനം, ഒപ്പം തന്നെ പഠനച്ചെലവും ജീവിതച്ചെലവും കണ്ടെത്താൻ മികച്ച വേതനത്തോടുകൂടിയ ജോലി. ബിരുദ യോഗ്യതയുള്ള, ഉന്നതപഠനം ആഗ്രഹിക്കുന്ന പുതുതലമുറ യുവാക്കളിൽ മിക്കവരുടെയും സ്വപ്നം ഇങ്ങനെയാണ്. ഈ സ്വപ്നത്തിലേക്ക്, സങ്കീർണമായ കാത്തിരിപ്പില്ലാതെ താരതമ്യേന അതിവേഗം എത്തിപ്പെടാവുന്ന രാജ്യം എന്നനിലയിൽ യു.കെ എല്ലാവരുടെയും പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു.

യു.കെയിൽ ആഗ്രഹിക്കുന്ന കോഴ്​സ്​ പൂർത്തിയാക്കിയ ശേഷം പി.ആർ നേടി, നാട്ടിലേതിൽനിന്ന്​ തികച്ചും വ്യത്യസ്തമായ ജീവിതാന്തരീക്ഷത്തിൽ തുടർജീവിതം നയിക്കുക എന്നതും യു.കെ സ്വപ്നം മനസ്സിൽ കൊണ്ടുനടക്കുന്നവരിൽ ഭൂരിഭാഗം പേരുടെയും ആഗ്രഹമാണ്. സ്വപ്നം പരിശ്രമത്തിലേക്ക്​ വഴിമാറിയപ്പോൾ ഈ ലക്ഷ്യത്തിൽ എത്തിയവർ ഏറെയുണ്ട്.

നല്ലൊരു കരിയർ കെട്ടിപ്പടുക്കാൻ മികച്ച അക്കാദമിക നിലവാരമുള്ള വിദേശ സർവകലാശാലയിലെ പഠനം ആഗ്രഹിക്കുന്നുണ്ടോ നിങ്ങൾ? എങ്കിൽ എങ്ങനെയാണ് യു.കെയിൽ എത്തിപ്പെടാനാവുക, വിശദമായി അറിയാം.

നിബന്ധനകൾ അത്ര കടുപ്പമല്ല

മറ്റു രാജ്യങ്ങളിലെ വിദ്യാർഥികളെ ആകർഷിക്കുന്നതിനായി മുൻവർഷങ്ങളെക്കാൾ ലളിതമായ വ്യവസ്ഥകളാണ് നിലവിൽ യു.കെ ഭരണകൂടം മുന്നോട്ടുവെക്കുന്നത്. എങ്കിലും, നിർബന്ധമായും ഉണ്ടായിരിക്കേണ്ട ചില യോഗ്യതകളും നിബന്ധനകളും ബാധകമാണ്. യു.കെയിൽ പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗികമായ മാർഗനിർദേശങ്ങൾക്കായി ബ്രിട്ടീഷ് കൗൺസിലി​െൻറ വെബ്സൈറ്റ് സഹായകരമാകും -www.britishcouncil.in. അനുയോജ്യമായ കോഴ്സ്, യൂനിവേഴ്സിറ്റികൾ, സ്‌കോളർഷിപ് സാധ്യതകൾ തുടങ്ങിയവയുടെയെല്ലാം വ്യക്തമായ വിവരങ്ങൾ ഈ വെബ്സൈറ്റിൽനിന്ന് ലഭിക്കും.

കോഴ്സ് തിരഞ്ഞെടുക്കാം

യു.കെയിൽ ഉപരിപഠനം നടത്താൻ തീരുമാനിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അനുയോജ്യമായതും ജോലി സാധ്യത ഉള്ളതുമായ കോഴ്സ് കണ്ടെത്തുക എന്നത് പ്രധാനമാണ്. ഇതുവരെയുള്ള വിദ്യാഭ്യാസ യോഗ്യതയോട് ചേർന്നുനിൽക്കുന്ന കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കൂടാതെ ഏത് യൂനിവേഴ്സിറ്റിയാണ് നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന തുകയിൽ കോഴ്സ് നൽകുന്നതെന്ന് കണ്ടെത്തുന്നതും പ്രധാനമാണ്. അഡ്മിഷൻ ലഭിക്കുന്നതിനുള്ള നടപടികളിൽ അപേക്ഷ നൽകലാണ് ആദ്യം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയമുണ്ടെങ്കിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, IELTS സർട്ടിഫിക്കറ്റ് (ആവശ്യപ്പെട്ടെങ്കിൽ), ബയോഡേറ്റ തുടങ്ങിയവ നിർബന്ധമായും നൽകണം.

മാനേജ്‌മെൻറ്​, എൻജിനീയറിങ്, ഐ.ടി, നഴ്സിങ്, ഫിസിയോതെറപ്പി, പാരാമെഡിക്കൽ കോഴ്‌സുകൾ, ഹോസ്പിറ്റാലിറ്റി, സോഷ്യൽ വർക്​ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കോഴ്‌സുകളാണ് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത്. എന്നാൽ, ഏത് തരം കോഴ്സ് എടുത്താലും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് ജോലിസാധ്യത ഏറെയാണ്. കഴിവും പരിശ്രമവും തന്നെയാണ് ഇവിടെയും പ്രധാനം.

പ്ലസ് ടു കഴിഞ്ഞവർക്ക്

ബിരുദ കോഴ്‌സുകൾ മൂന്ന്‌ അല്ലെങ്കിൽ നാലു വർഷത്തെ കാലാവധിയിലാണ് നൽകുന്നത്. തിരഞ്ഞെടുക്കുന്ന കോഴ്‌സുകൾ, അഡ്മിഷൻ ലഭിക്കുന്ന സർവകലാശാലകൾ എന്നിവയുടെ നിബന്ധനകൾക്ക് അനുസരിച്ച് ഇക്കാര്യങ്ങളിൽ വ്യത്യാസമുണ്ടാകും.

ഡിഗ്രി കഴിഞ്ഞവർക്ക്

ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർഥികളാണ് യു.കെയിൽ ഉപരിപഠനത്തിനായി പോകുന്നവരിൽ ഏറെയും. വിവിധ വിഷയങ്ങളിൽ പി.ജി ചെയ്യാനുള്ള അവസരം ഇവിടെയുണ്ട്. കൂടുതലായും എം.ബി.എ പോലുള്ള മാനേജ്‌മെൻറ്​ കോഴ്‌സുകളിലാണ് കൂടുതൽ പേരും അഡ്മിഷൻ നേടുന്നത്. സാധ്യതകൾ കൂടുതലാണെന്നതും പ്രായോഗിക തലത്തിലേക്ക് അനുയോജ്യമായ രീതിയിൽ കോഴ്സ് രൂപപ്പെടുത്തിയിട്ടുണ്ട് എന്നതിനാലും മാനേജ്‌മെൻറ്​ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർ ധാരാളമായി യു.കെയിൽ എത്താറുണ്ട്.

മാസ്​റ്റേഴ്​സിനുശേഷം

ഒരു മാസ്​റ്റേഴ്സ് കോഴ്സ് പൂർത്തിയാക്കിയവരാണെങ്കിൽ അനുബന്ധ വിഷയത്തിലോ അല്ലെങ്കിൽ സമാനമായ മറ്റേതെങ്കിലും വിഷയങ്ങളിലോ ഒരു മാസ്​റ്റേഴ്സ് ബിരുദം കൂടെ ചെയ്യാൻ അവസരം നൽകുന്നുണ്ട്. അല്ലെങ്കിൽ ഗവേഷണം ചെയ്യാനുള്ള സാധ്യതകളും ധാരാളമുണ്ട്.

ഹെൽത്ത് ഇൻഷുറൻസ്

യു.കെയിൽ എത്തിപ്പെടുന്നതിന​ു മുമ്പായി തന്നെ നിർബന്ധമായും ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്‌. നിങ്ങൾ യു.കെയിൽ എത്തിയ ശേഷമുള്ള എല്ലാ ചികിത്സകളും സൗജന്യമായി നൽകുന്നതാണ്. ഇതി​െൻറ മുന്നോടിയായാണ് ഇൻഷുറൻസ് നിർബന്ധമാക്കിയത്. ഒരുവർഷം ഏകദേശം 65,000 രൂപയാണ് ഇൻഷുറൻസ് തുക നൽകേണ്ടിവരുക. കോഴ്സ് കാലാവധി കൂടുന്നതിനനുസരിച്ച് ഈ തുകയിലും വ്യത്യാസമുണ്ടാകും. ഇതോടൊപ്പം വിശദമായ മെഡിക്കൽ ടെസ്​റ്റ്​ ആവശ്യമാണ്. ഇത് പ്രത്യേകമായി ലിസ്​റ്റ്​ ഔട്ട് ചെയ്തിട്ടുള്ള സെൻററുകളിൽനിന്ന് തന്നെ ചെയ്യണം.

സി.എ.എസ്​ ലഭിച്ചാൽ വിസ

നിങ്ങൾ ആഗ്രഹിക്കുന്ന സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചുകഴിഞ്ഞാൽ അടുത്ത പ്രധാന കടമ്പ വിസ ലഭിക്കുക എന്നതാണ്. ഇതിനായി യൂനിവേഴ്സിറ്റി നൽകിയ സി.എ.എസ്​ (Confirmation of Acceptance for Studies) ലെറ്റർ നൽകണം. അഡ്മിഷൻ ലഭിച്ച യൂനിവേഴ്സിറ്റിയിൽനിന്ന് സി.എ.എസ്​ ലഭിച്ചശേഷം മാത്രമേ വിസ ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ കഴിയൂ. ഉപരിപഠനം തന്നെയാണ് പ്രധാന ലക്ഷ്യമെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ വിസ ലഭിക്കൂ. മാത്രമല്ല, നിങ്ങൾ പഠിക്കാനായി തിരഞ്ഞെടുത്ത കോഴ്സ് നല്ലരീതിയിൽ പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസവും അത്യാവശ്യമാണ്. കൂടാതെ യു.കെയിൽ പഠനം പൂർത്തിയാക്കാനുള്ള സാമ്പത്തിക ശേഷി നിങ്ങൾക്കുണ്ട് എന്ന കാര്യവും അവർക്ക് ബോധ്യപ്പെടണം. അതിനായി കോഴ്സ് ഫീസ് കൂടാതെ ഒരു വർഷത്തെ ജീവിതച്ചെലവിനുള്ള തുകകൂടി നിങ്ങളുടെ അക്കൗണ്ടിൽ നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിനുള്ള സാമ്പത്തിക പശ്ചാത്തലമില്ലെങ്കിൽ വിദ്യാഭ്യാസ വായ്പക്കായി ബാങ്കുകളെ സമീപിക്കാം. വിദേശ സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചതി​െൻറ രേഖകൾ ഇതിനായി നൽകേണ്ടതുണ്ട്. വായ്പത്തുകയുടെ മൂല്യമുള്ള ഈടുനൽകിയാൽ കോഴ്സ് ഫീ, കോഴ്സ് കാലാവധിയിലേക്ക് ആവശ്യമായ ജീവിതച്ചെലവിനുള്ള തുക എന്നിവ ബാങ്കുകൾ നൽകുന്നുണ്ട്. കോഴ്സ് പൂർത്തിയായി ഒരു വർഷത്തിനു ശേഷമാണ് തിരിച്ചടവ് തുടങ്ങേണ്ടത്.

സ്‌കോളർഷിപ് ലഭിക്കും

നിങ്ങളുടെ അക്കാദമിക നിലവാരം വിദേശ യൂനിവേഴ്സിറ്റികളിൽ വളരെ പ്രധാനമാണ്. പഠനനിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളിൽ 60 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ കോഴ്സ് ഫീസി​െൻറ നല്ലൊരു ശതമാനം സ്കോളർഷിപ്പായി ലഭിക്കും. സ്കോളർഷിപ് കഴിഞ്ഞുള്ള തുക മാത്രം കണ്ടെത്തിയാൽ മതിയാകും. എന്നാൽ, 60 ശതമാനം മാർക്ക് ഇല്ലാത്തവരാണെങ്കിൽ കോഴ്‌സ്ഫീ ഇനത്തിൽ ഭീമമായ തുകതന്നെ നൽകേണ്ടിവരും.

ചെലവ് എത്ര വരും?

വിദേശ പഠനത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ ഏതൊരാളുടെയും ആദ്യത്തെ ചോദ്യമാണ് ചെലവ് എത്രയാകും എന്ന കാര്യം. കൃത്യമായ ചെലവ് കണക്കാക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. കാരണം താമസിക്കുന്ന സ്ഥലം, തിരഞ്ഞെടുത്ത കോഴ്സ്, യൂനിവേഴ്സിറ്റി, ജീവിതരീതി എന്നിവയെല്ലാം അനുസരിച്ച് കോഴ്സ് ഫീ, ജീവിതച്ചെലവ് എന്നിവയിൽ വ്യത്യാസങ്ങൾ സംഭവിക്കാം.

എന്നാൽ, താമസസ്ഥലം ഇന്നർ ലണ്ടൻ ആണെങ്കിൽ ഏകദേശം 12-13 ലക്ഷംവരെ ഒരു വർഷത്തെ ജീവിതച്ചെലവിനായി മാറ്റിവെക്കേണ്ടതായിവരും. എന്നാൽ, ഔട്ടർ ലണ്ടൻ ആണെങ്കിൽ ഏകദേശം 9 -10 ലക്ഷം വരെയാണ് ചെലവിനത്തിൽ ആവശ്യമായിവരുക.

IELTS നിർബന്ധമില്ല

യു.കെയിൽ പഠനം ആഗ്രഹിക്കുന്നവർക്ക് മുൻകാലങ്ങളിൽ IELTS നിർബന്ധമായിരുന്നെങ്കിൽ, നിലവിൽ ഇക്കാര്യത്തിൽ ഇളവുകളുണ്ട്. ചില സർവകലാശാലകൾ മാത്രമാണ് IELTS ഉണ്ടായിരിക്കണമെന്ന് നിഷ്കർഷിക്കുന്നത്. മറ്റുള്ളവർ പ്ലസ് ടു പഠനത്തിന് മീഡിയം ഓഫ് ഇൻസ്ട്രക്​ഷൻ ഇംഗ്ലീഷ് ആയവരെയും ഇംഗ്ലീഷിന് 60 ശതമാനം മാർക്ക് നേടിയിട്ടുണ്ടെങ്കിലും പരിഗണിക്കും. കൂടാതെ സർവകലാശാല നടത്തുന്ന ഓൺലൈൻ ഇൻറർവ്യൂവിൽ ഇംഗ്ലീഷ് ഭാഷയിൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താനും കഴിയണം. അഡ്മിഷൻ നൽകുന്നതിനു മുമ്പ്​ നടത്തുന്ന ഈ അഭിമുഖം നിങ്ങളുടെ ഭാഷാപ്രാവീണ്യത്തി​െൻറ അളവുകോലായി കണക്കാക്കപ്പെടും. നിങ്ങൾ തിരഞ്ഞെടുക്കുന്ന സർവകലാശാല, കോഴ്സ് എന്നിവയുടെയെല്ലാം അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച വ്യവസ്ഥകളിൽ വ്യത്യാസമുണ്ടാകും.

ബ്രെക്സിറ്റ്‌ അനുഗ്രഹം

യൂറോപ്യൻ യൂനിയനിൽനിന്ന് ബ്രിട്ടൻ എക്സിറ്റ് ആയതോടെ യു.കെയിൽ ജോലിചെയ്തിരുന്ന യൂറോപ്യൻ യൂനിയനിൽ ഉൾപ്പെടുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുടെ കൊഴിഞ്ഞുപോക്ക് വർധിച്ചു. അതുകൊണ്ടുതന്നെ മികച്ച അക്കാദമിക നിലവാരമുള്ള ഹ്യൂമൻ റിസോഴ്‌സ് വളർത്തിയെടുക്കുക എന്നത് രാജ്യത്തി​െൻറ നിലവാരം നിലനിർത്തുന്നതിന് അനിവാര്യമാണ്. കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് കാരണം യു.കെയുടെ വിവിധ മേഖലകളിൽ ധാരാളം തൊഴിലവസരങ്ങളും സൃഷ്​ടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ അവസരത്തിന് അനുയോജ്യമായ കോഴ്‌സുകൾ തിരഞ്ഞെടുത്ത് പഠിക്കുന്നത് കൂടുതൽ തൊഴിൽസാധ്യത വർധിപ്പിക്കും.

സ്​റ്റേ ബാക്ക് കാലയളവ് നിർണായകം

കോഴ്സ് കാലാവധി പൂർത്തിയായ ശേഷവും യു.കെയിൽ തന്നെ തുടരാൻ അനുവദിക്കുന്നത് വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമാണ്. നിലവിൽ രണ്ടുവർഷം നീളുന്ന കോഴ്സ് എടുക്കുകയാണെങ്കിൽ കോഴ്സ് കാലാവധിക്കുശേഷം രണ്ടു വർഷംകൂടി യു.കെയിൽ തുടരാൻ അനുമതിയുണ്ട്. ഈ സമയം പഠിച്ച വിഷയവുമായി ബന്ധപ്പെട്ട മികച്ച ജോലികൾ കണ്ടെത്താൻ അവസരം ലഭിക്കും. ഇങ്ങനെ ജോലി കണ്ടെത്തിയാൽ മാത്രമേ പെർമനൻറ്​ റെസിഡൻസിനായി അപേക്ഷിക്കാൻ കഴിയൂ. നിങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തൊഴിലുടമയുടെ ഓഫർ ലെറ്റർ ഉണ്ടെങ്കിൽ പി.ആർ ലഭിക്കാൻ പ്രയാസപ്പെടേണ്ടതില്ല. അതുകൊണ്ട് തന്നെ യു.കെയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്നവർക്ക് ഈ സ്​റ്റേ ബാക്ക് കാലയളവ് ഏറെ നിർണായകമാണ്. അഥവാ ഒരു ജോലിക്കായുള്ള ഓഫർ ലഭിച്ചില്ലെങ്കിൽ സ്​റ്റേ ബാക്ക് കാലാവധി തീരുന്നതോടെ നാട്ടിലേക്ക് മടങ്ങണം.

ആഴ്ചയിൽ 20 മണിക്കൂർ ജോലി

യു.കെയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനത്തോടൊപ്പംതന്നെ പാർട്ട്ടൈം ജോലികൾ ചെയ്യാൻ സാധിക്കും. എന്നാൽ, വിദ്യാർഥി എന്നനിലയിൽ ആഴ്ചയിൽ 20 മണിക്കൂർ മാത്രമാണ് ജോലി ചെയ്യാൻ അനുവാദമുള്ളത്. ക്ലാസ് കഴിഞ്ഞുള്ള സമയങ്ങളിൽ സർവകലാശാലകളിൽ തന്നെയോ പുറത്തുള്ള മറ്റു സ്ഥാപനങ്ങളിലോ ജോലി ചെയ്യാവുന്നതാണ്. ജോലി ചെയ്യാൻ കഴിയുന്ന സമയം കുറവാണെങ്കിലും ജീവിതച്ചെലവ് കണ്ടെത്താനും ചെറുതല്ലാത്ത തുക മാറ്റിവെക്കാനും ഇതുവഴി സാധിക്കും. എന്നാൽ, താമസിക്കുന്ന സ്ഥലവും അവിടെയുള്ള ജീവിതച്ചെലവിൽ വരുന്ന മാറ്റങ്ങളും അനുസരിച്ച് ഇത് വ്യത്യാസപ്പെടാം.

കുടുംബത്തെ കൂടെ കൂട്ടാം

യു.കെയിലെ സർവകലാശാലകളിൽ പഠിക്കാനായി എത്തുന്നവർക്ക് പങ്കാളിയെയും മക്കളെയും കൂടെ കൊണ്ടുവരാം. ഇങ്ങനെ വിദ്യാർഥികളുടെ കൂടെയെത്തുന്നവർക്ക് മുഴുസമയം ജോലിചെയ്‌ത്‌ വരുമാനം കണ്ടെത്താനും സാധിക്കും. അതുകൊണ്ടുതന്നെ ജീവിതച്ചെലവ് കണ്ടെത്താനും വലിയൊരു തുക സമ്പാദിക്കാനും കഴിയും.

അംഗീകാരമുള്ള ഏജൻസികളെ ആശ്രയിക്കാം

വിദേശ പഠനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ധാരാളം ഏജൻസികൾ നമ്മുടെ നാട്ടിലുണ്ട്. ഓരോ രാജ്യത്തേക്കും എത്തിപ്പെടാനുള്ള കടമ്പകൾ കടക്കാൻ അവരുടെ സഹായം അത്യാവശ്യമാണ്. എന്നാൽ, വിശ്വാസയോഗ്യമായ അംഗീകാരമുള്ള ഏജൻസികളെ മാത്രം ഇതിനായി തിരഞ്ഞെടുക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Study AbroadUKCareer Abroad
News Summary - For Better career Fly to Uk
Next Story