Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഗെയിമിങ് വെറും...

ഗെയിമിങ് വെറും കളിയല്ല; വമ്പൻ കരിയർ

text_fields
bookmark_border
ഗെയിമിങ് വെറും കളിയല്ല; വമ്പൻ കരിയർ
cancel

ഫോണിലും പി.സിയിലും തലകുനിച്ച് ഇരിക്കുന്നവരെ നോക്കി ‘സമയം കൊല്ലികൾ’ എന്ന് വിളിക്കാൻ വരട്ടെ. നാളെ കോടികൾ ശമ്പളം വാങ്ങുന്ന ഒരു ഇ-സ്പോർട്സ് താരമോ, ലോകം ഉറ്റുനോക്കുന്ന ഗെയിം ഡെവലപ്പറോ ആകാനുള്ള തയാറെടുപ്പിലാകാം അവർ.

ഇ-സ്പോർട്സ് എന്ന വമ്പൻ വ്യവസായത്തെയും അതിലെ പഠനസാധ്യതകളെയും അടുത്തറിയാം. പത്ത് വർഷം മുമ്പു വരെ, ‘എനിക്ക് വിഡിയോ ഗെയിം കളിച്ച് ജീവിക്കണം’ എന്ന് പറഞ്ഞാൽ തമാശയായി മാത്രമേ ആരും കാണുമായിരുന്നുള്ളൂ. എന്നാൽ, ഇന്ന് കഥ മാറി.

ക്രിക്കറ്റും ഫുട്ബാളും പോലെ തന്നെ സ്റ്റേഡിയം നിറയെ ആരാധകരും സ്പോൺസർമാരും കോടികളുടെ സമ്മാനത്തുകയുമുള്ള ലോകമാണ് ഇലക്ട്രോണിക് സ്പോർട്സ്. ആഗോളതലത്തിൽ സിനിമയേക്കാളും സംഗീതവ്യവസായത്തേക്കാളും വരുമാനം ഇന്ന് ഗെയിമിങ് വ്യവസായം നേടുന്നുണ്ട്.

എന്താണ് ഇ-സ്പോർട്സ്?

ലളിതമായി പറഞ്ഞാൽ, വിഡിയോ ഗെയിമുകളുടെ പ്രഫഷനൽ തലത്തിലുള്ള മത്സരമാണ് ഇ-സ്പോർട്സ്. പബ്ജി, വാലറന്റ്, ഫിഫ, ലീഗ് ഓഫ് ലെജൻഡ്സ് തുടങ്ങിയ ഗെയിമുകളിൽ വ്യക്തികളോ ടീമുകളോ ഏറ്റുമുട്ടുന്നു. ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതികവിദഗ്ധരും മാനേജർ മാരും ഡിസൈനർമാരും ചേരുന്നതാണ് ഈ തൊഴിൽ മേഖല.

കരിയർ സാധ്യതകൾ

ഗെയിമിങ് കരിയർ എന്നാൽ ഗെയിം കളിക്കൽ മാത്രമല്ല. പ്രധാനമായും മൂന്ന് മേഖലകളിലായി ഇതിനെ തിരിക്കാം:

1. പ്രഫഷനൽ അത്‌ലറ്റ്

  • ഏറ്റവും ഗ്ലാമറുള്ള വേഷം. മികച്ച സ്കില്ലുള്ള ഗെയിമർമാർക്ക് ടീമുകൾ ശമ്പളം നൽകുന്നു. ടൂർണമെന്റ് സമ്മാനത്തുക, സ്പോൺസർഷിപ്, സ്ട്രീമിങ് എന്നിവയാണ് വരുമാന മാർഗങ്ങൾ.
  • ആവശ്യമായവ: അസാമാന്യമായ റിഫ്ലക്സുകൾ, ടീം വർക്ക്, നിരന്തരമായ പരിശീലനം.

2. ഗെയിം ഡെവലപ്‌മെന്റ്

  • ഏറ്റവും കൂടുതൽ സ്ഥിരതയുള്ള ജോലി സാധ്യതകൾ ഇവിടെയാണ്.
  • ഗെയിം ഡിസൈനർ: ഗെയിമിന്റെ കഥയും നിയമങ്ങളും ഉണ്ടാക്കുന്നവർ.
  • ഗെയിം ഡെവലപ്പർ/പ്രോഗ്രാമർ: കോഡിങ്ങിലൂടെ ഗെയിമിന് ജീവൻ നൽകുന്നവർ.
  • ആർട്ടിസ്റ്റ്/അനിമേറ്റർ: കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും വരച്ചെടുക്കുന്നവർ (2 ഡി/3ഡി).
  • ഓഡിയോ എൻജിനീയർ: ശബ്ദവിന്യാസം ഒരുക്കുന്നവർ.

3. ഇ-സ്പോർട്സ് മാനേജ്‌മെന്റ്

  • ടീം മാനേജർ: ടീമിന്റെ കാര്യങ്ങൾ നോക്കിനടത്തുക.
  • ഇവന്റ് ഓർഗനൈസർ: ടൂർണമെന്റുകൾ സംഘടിപ്പിക്കുക.
  • ഷൗട്ട്‌കാസ്റ്റർ (കമന്റേറ്റർ): കളി ആവേശകരമായി വിവരിക്കുക.
  • ഗെയിം ടെസ്റ്റർ: ഗെയിമുകൾ പുറത്തിറങ്ങുന്നതിനുമുമ്പ് കളിച്ച് നോക്കി കുറ്റമറ്റതാണെന്ന് ഉറപ്പാക്കുക.

എന്ത് പഠിക്കണം? എവിടെ പഠിക്കണം?

ഇന്ത്യയിൽ ഇപ്പോൾ ഗെയിമിങ്ങുമായി ബന്ധപ്പെട്ട മികച്ച ബിരുദ കോഴ്സുകൾ ലഭ്യമാണ്. വെറുതെ കളിച്ചു നടന്നാൽ പോര, കൃത്യമായ അക്കാദമിക് യോഗ്യത നേടുന്നത് കരിയറിൽ കുതിച്ചുചാട്ടം നടത്താൻ സഹായിക്കും.

പ്രധാന കോഴ്സുകൾ

1. ബി.ടെക്/ബി.എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ്: പ്രോഗ്രാമിങ് അടിത്തറക്ക് (ഗെയിം ഡെവലപ്പർ ആകാൻ).

2. ബി.എസ് സി ഇൻ ഗെയിം ഡിസൈൻ ആൻഡ് ഡവലപ്മെന്റ്: ഗെയിം നിർമാണത്തിൽ സ്പെഷലൈസ് ചെയ്യാൻ.

3. ബി.ഡെസ് (ബാച്ചിലർ ഓഫ് ഡിസൈൻ: ഗെയിം ആർട്ട്, യുഐ/യുഎക്സ് (UI/UX) എന്നിവക്ക്.

4. ബി.എസ് സി ഇൻ അനിമേഷൻ ആൻഡ് മൾട്ടിമീഡിയ: വിഷ്വൽ ഇഫക്ട്സിനും അനിമേറ്ററുകൾക്കും.

5. ഡിപ്ലോമ ഇൻ ഗെയിം എൻജിനീയറിങ്: ചുരുങ്ങിയ കാലയളവിൽ സാങ്കേതിക വിദ്യ പഠിക്കാൻ.

ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ:

സ്ഥാപനം, സ്ഥലം, കോഴ്സുകൾ എന്ന ക്രമത്തിൽ

● നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (എൻ.ഐ.ഡി) അഹ്മദാബാദ്, ബംഗളൂരു. കോഴ്സ്- ബി.ഡെസ് ഇൻ ഡിജിറ്റൽ ഗെയിം ഡിസൈൻ

● ബാക്സ്റ്റേജ് പാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ് ആൻഡ് ടെക്നോളജി,ഹൈദരാബാദ്. കോഴ്സ്-ബി.എസ് സി ഗെയിം ഡെവലപ്മെന്റ്, ബി.ടെക് സി.എസ്.ഇ (ഗെയിം ഡെവലപ്മെന്റ്)

● ഐ.സി.എ.ടി ഡിസൈൻ ആൻഡ് മീഡിയ കോളജ്, ചെന്നൈ, ബംഗളൂരു. ഗെയിം ഡിസൈൻ, ഗെയിം പ്രോഗ്രാമിങ്, ഗെയിം ആർട്ട്.

● ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗെയിമിങ് ആൻഡ് അനിമേഷൻ, ബംഗളൂരു. ഡിപ്ലോമ ആൻഡ് സർട്ടിഫിക്കറ്റ് ഇൻ ഗെയിം ആർട്ട് ആൻഡ് പ്രോഗ്രാമിങ്

● ഐ.ഐ.ഐ.ടി, ഹൈദരാബാദ്. കമ്പ്യൂട്ടർ സയൻസിൽ ഗവേഷണാവസരങ്ങൾ

● സൃഷ്ടി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു. ഹ്യൂമൺ കമ്പ്യൂട്ടർ ഇന്ററാക്ഷൻ, ഡിജിറ്റൽ ആർട്സ്.

● ടൂൺസ് അക്കാദമി, തിരുവനന്തപുരം. അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ് കോഴ്സുകൾ

വരുംകാല സാധ്യതകൾ

ഇന്ത്യയിൽ ഗെയിമിങ് വ്യവസായം 30-40 ശതമാനം വാർഷിക വളർച്ചയാണ് നേടുന്നത്.

● 5ജി ആൻഡ് ക്ലൗഡ് ഗെയിമിങ്: ഹൈ-എൻഡ് പി.സി ഇല്ലാതെതന്നെ മൊബൈലിൽ വലിയ ഗെയിമുകൾ കളിക്കാൻ സാധിക്കുന്ന കാലം വരുന്നു.

● എ.ഐ ആൻഡ് വി.ആർ/എ.ആർ: ആർട്ടിഫിഷ്യൽ ഇന്റലിജൻസും വെർച്വൽ റിയാലിറ്റിയും ഗെയിമിങ് അനുഭവത്തെ മാറ്റിമറിക്കും.

● ഗെയിമിഫിക്കേഷൻ: വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും ഗെയിം ഡിസൈൻ തത്ത്വങ്ങൾ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career Newsvideo gamesGaming
News Summary - E-sports gaming career
Next Story