സി.ആർ.പി.എഫിൽ കോൺസ്റ്റബ്ൾ തസ്തികകളിലേക്ക് നിയമനം; 9,195 ഒഴിവുകൾ, പത്താംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
text_fieldsന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേനാ വിഭാഗമായ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിൽ (സി.ആർ.പി.എഫ്) കോൺസ്റ്റബിളാകാൻ അവസരം. 9,195 കോൺസ്റ്റബ്ൾ പോസ്റ്റുകളിലേക്കുള്ള വിജ്ഞാപനം പുറത്തിറക്കി. പത്താം ക്ലാസ് വിജയിച്ച പുരുഷ - വനിതാ ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം. മേയ് 19 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ടെക്‌നിക്കൽ, ട്രേഡ്‌സ്മാൻ, പയനിയർ വിങ്ങുകളിലാണ് അവസരം. ചില തസ്തികകൾക്ക് സാങ്കേതിക യോഗ്യതയോ ഐ.ടി.ഐ സർട്ടിഫിക്കറ്റുകളോ, പ്രവൃത്തി പരിചയമോ ആവശ്യമാണ്. കുക്ക്, ഡ്രൈവർ, കാർപെന്റർ, ടെയിലർ, ബാർബർ, മറ്റു ട്രേഡ്സ്മാൻ തസ്തികകളിലേക്കുമാണ് നിയമനം. പുരുഷന്മാർക്ക് 9,096 തസ്തികകളിലേക്കും വനിതാ ഉദ്യോഗാർഥികൾക്ക് 79 തസ്തികകളിലും അവസരമുണ്ട്. ഉദ്യോഗാർഥികൾ ഇന്ത്യൻ പൗരന്മാരായിരിക്കണം.
21,700 മുതൽ 69,100 രൂപവരെയാണ് ശമ്പളം. ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവരുടെ പ്രായപരിധി 21 മുതൽ 27 വയസ്സ് വരെയും മറ്റ് തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട പ്രായപരിധി 18 മുതൽ 23 വയസ്സ് വരെയുമാണ്. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
2026 മെയ് 19 വരെ ഫീസ് അടക്കാം. ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യൂ.എസ് പുരുഷ ഉദ്യോഗാർഥികൾക്ക് 100 രൂപയാണ് ഫീസ്. എസ്.സി, എസ്.ടി, സ്ത്രീകൾ, മുൻ സൈനികർ എന്നിവർക്ക് ഫീസില്ല. ശാരീരിക കാര്യക്ഷമതാ പരിശോധന (പി.ഇ.ടി), ശാരീരിക നിലവാര പരിശോധന (പി.എസ്.ടി), കമ്പ്യൂട്ടർ അധിഷ്ഠിത പരിശോധന (സി.ബി.ടി), ട്രേഡ്/സ്കിൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരീക്ഷ എന്നിവകളുടെ അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്.
സി.ആർ.പി.എഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ crpf.gov.in ലൂടെ Constable Recruitment 2026 ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളുൾപ്പെടെ വിശദവിവരങ്ങൾ rect.crpf.gov.in ൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

