ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തുന്നത് പരിഗണനയിലില്ലെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്
text_fieldsകൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിലെ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് ബോർഡ് ഹൈകോടതിയിൽ. ബോർഡിന്റെ ഓഫിസിലും ക്ഷേത്രങ്ങളിലുമായി 650ലേറെ താൽക്കാലിക ജീവനക്കാരെ നിയമിച്ചതായി ചൂണ്ടിക്കാട്ടി കൊച്ചിൻ ദേവസ്വം ബോർഡ് പെൻഷനേഴ്‌സ് അസോസിയേഷൻ നൽകിയ ഹരജിയിലാണ് വിശദീകരണം.
കൂടുതൽ വിശദീകരണം സത്യവാങ്മൂലം മുഖേന നൽകാൻ ബോർഡ് കൂടുതൽ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി മാർച്ച് 17ലേക്ക് മാറ്റി.
കെടുകാര്യസ്ഥതയും ദുർഭരണവും നിമിത്തം ബോർഡിന്റെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നും മാനദണ്ഡങ്ങൾ പാലിക്കാതെ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
താൽക്കാലിക ജീവനക്കാരെ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് മുഖേന നിയമിക്കണമെന്നും സേവനം ആറുമാസം കൂടുമ്പോൾ വിലയിരുത്തണമെന്നുമുള്ള നിർദേശങ്ങൾ പാലിക്കുന്നില്ല. രാഷ്ട്രീയ നേട്ടത്തിനാണ് ഇത്തരം നിയമനങ്ങളെന്നും ഹരജിയിൽ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

