സി.ബി.എസ്.ഇ  12ാം ക്ലാസ് പരീക്ഷ നീട്ടിയേക്കും

00:45 AM
08/01/2017
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സി.ബി.എസ്.ഇയുടെ 12ാം ക്ളാസ് പരീക്ഷ മാര്‍ച്ച് രണ്ടാം വാരത്തിലേക്ക് മാറ്റുമെന്ന് സൂചന. മാര്‍ച്ച് ഒമ്പതിനോ പത്തിനോ ആയിരിക്കും പരീക്ഷ ആരംഭിക്കുകയെന്നാണ് വിവരം. അന്തിമ തീരുമാനമായിട്ടില്ല. 
സാധാരണ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് ഏപ്രിലില്‍ അവസാനിപ്പിക്കാറാണ് പതിവ്. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഫെബ്രുവരി 11നും മാര്‍ച്ച് എട്ടിനുമിടയിലാണ് തെരഞ്ഞെടുപ്പ്. ഈ സമയങ്ങളില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരിക്കും. ഇത് പരീക്ഷാ നടത്തിപ്പിനെ കാര്യമായി ബാധിക്കുമെന്നാണ് സി.ബി.എസ്.ഇ പറയുന്നത്. കൂടാതെ ഫലപ്രഖ്യാപനം വൈകാനും സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ പരീക്ഷ തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കാനാണ് സി.ബി.എസ്.ഇയുടെ നീക്കം. 

എന്നാല്‍, തീയതി നീട്ടേണ്ടതില്ളെന്നാണ് ഒരുവിഭാഗം അധ്യാപകര്‍ പറയുന്നത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ ഡിജിറ്റലൈസ് ചെയ്ത സാഹചര്യത്തില്‍ ഫലപ്രഖ്യാപനം 10 ദിവസത്തിനകം നടത്താനാകുമെന്നാണ് ഇവരുടെ വാദം. പരീക്ഷ നീട്ടിയാല്‍ ബോര്‍ഡ് പരീക്ഷയുടെ ഇടക്ക് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ ആരംഭിക്കുമോയെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും.
 
COMMENTS