റെയിൽവേയിൽ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്
text_fieldsഇന്ത്യൻ റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ (എ.എൽ.പി) റിക്രൂട്ട് ചെയ്യുന്നു. അടിസ്ഥാന ശമ്പളം 19,900 രൂപ. വിവിധ റെയിൽവേ റിക്രൂട്ട്മെന്റുകളുടെ കീഴിലായി രാജ്യമാകെ 9970 ഒഴിവുകളുണ്ട്. (കേരളത്തിൽ 148). വിശദമായ കേന്ദ്രീകൃത വിജ്ഞാപനം (CEN No: 01/2025) www.rrbthiruvananthapuram.gov.inൽ ലഭിക്കും. മേയ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒറ്റ ആർ.ആർ.ബിയിൽ അപേക്ഷ നൽകിയാൽ മതി. അതിന് കീഴിലുള്ള റെയിൽവേ മേഖലകൾ നിയമനത്തിനായി മുൻഗണനാക്രമത്തിൽ അപേക്ഷയിൽ രേഖപ്പെടുത്താം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എൽ.സി/ മെട്രിക്കുലേഷൻ/ തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇനി പറയുന്ന ട്രേഡുകളിലൊന്നിൽ അംഗീകൃത എൻ.സി.വി.ടി/എസ്.സി.വി.ടി സർട്ടിഫിക്കറ്റുണ്ടാകണം. ട്രേഡുകൾ: ഫിറ്റർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മിൽറൈറ്റ് / മെയിന്റനൻസ് മെക്കാനിക്, മെക്കാനിക് (റേഡിയോ ആൻഡ് ടെലിവിഷൻ), ഇലക്ട്രോണിക്സ് മെക്കാനിക്, മെക്കാനിക് (മോട്ടോർ വെഹിക്കിൾ), വയർമാൻ, ട്രാക്ടർ മെക്കാനിക്, ആർമെച്വർ ആൻഡ് കോയിൽ വൈൻഡർ, മെക്കാനിക് (ഡീസൽ), ഹീറ്റ് എൻജിൻ, ടർണർ, മെഷ്യനിസ്റ്റ്, റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്. അല്ലെങ്കിൽ എസ്.എസ്.എൽ.സിയും അപ്രന്റിസ്ഷിപ് ആക്ട് സർട്ടിഫിക്കറ്റും അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമയും (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഓട്ടോമെബൈൽ). ഡിപ്ലോമക്ക് പകരം ഇതേ ബ്രാഞ്ചുകളിൽ എൻജിനീയറിങ് ബിരുദക്കാരെയും പരിഗണിക്കും. അവസാന വർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകർക്ക് മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
പ്രായം: 1-7-2025ൽ 18-30 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാ ഫീസ്: 500 രൂപ, പട്ടികവിഭാഗം/വിമുക്ത ഭടന്മാർ/ വനിതകൾ/ ട്രാൻസ്ജൻഡർ/ സാമ്പത്തിക പിന്നാക്ക വിഭാഗം (ഇ.ബി.സി) എന്നീ കാറ്റഗറിയിൽപെടുന്നവർക്ക് 250 രൂപ മതി.
സെലക്ഷൻ: അഞ്ചു ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ്. ഒന്നും രണ്ടും ഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, മൂന്നാംഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത അഭിരുചി പരീക്ഷ, നാലാംഘട്ടം സർട്ടിഫിക്കറ്റ് പരിശോധന, അഞ്ചാംഘട്ടം വൈദ്യ പരിശോധന. പരീക്ഷാ തീയതിയും സമയക്രമവും പരീക്ഷാ കേന്ദ്രവും പരീക്ഷാർഥികളെ അറിയിക്കും. വിവരങ്ങൾ വെബ് സൈറ്റിലും പ്രസിദ്ധീകരിക്കും.
ഒന്നാംഘട്ട പരീക്ഷയിൽ (സി.ബി.ടി) മാത്തമാറ്റിക്സ്, മെന്റൽ എബിലിറ്റി, ജനറൽ സയൻസ്, പൊതുവിജ്ഞാനം എന്നിവയിൽ ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് ചോദ്യങ്ങളുണ്ടാവും. രണ്ടാംഘട്ട സി.ബി.ടിയിൽ മാത്തമാറ്റിക്സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ്, ബേസിക് സയൻസ് ആൻഡ് എൻജിനീയറിങ് എന്നിവക്ക് പുറമെ ബന്ധപ്പെട്ട എൻജിനീയറിങ്/ ട്രേഡിൽ പരിജ്ഞാനമളക്കുന്ന ചോദ്യങ്ങളുണ്ടാവും.
വിശദമായ തെരഞ്ഞെടുപ്പ് നടപടികൾ, ഓരോ റിക്രൂട്ട്മെന്റ് ബോർഡിന് കീഴിൽ ലഭ്യമായ ഒഴിവുകൾ, മാതൃക ഫോറങ്ങൾ എന്നിവ വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

