തിരുവനന്തപുരം: 2016 ഡിസംബർ 30ന് റദ്ദായ റാങ്ക് പട്ടികകളിൽനിന്ന് 545 പേർക്ക് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമനശിപാർശ നൽകാൻ പി.എസ്.സിയുടെ അന്തിമ തീരുമാനം. 200 ഓളം റാങ്ക് പട്ടികകളാണ് അന്ന് പി.എസ്.സി റദ്ദാക്കിയതെങ്കിലും കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ച റാങ്ക് പട്ടികകളിൽ ഉൾപ്പെട്ടവർക്ക് മാത്രമായിരിക്കും നിയമന ശിപാർശ നൽകുക.
ആരോഗ്യവകുപ്പിൽ അസി.സർജൻ, തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്, വാട്ടർ അതോറിറ്റിയിൽ ഓവർസിയർ, മീറ്റർ റീഡർ, യു.പി.എസ്.എ (തിരുവനന്തപുരം, കാസർകോട്), എച്ച്.എസ്.ടി.എ ഇംഗ്ലീഷ് (ജൂനിയർ), ഡ്രൈവർ ഗ്രേഡ് 2 (വേരിയസ് ഡിപ്പാർട്ട്മെന്റ്) ആലപ്പുഴ തുടങ്ങിയ റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമന ശിപാർശ ലഭിക്കുമെന്നാണ് വിവരം.
ഏതൊക്കെ തസ്തികകളിൽ എത്രയൊക്കെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പി.എസ്.സി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച ചേർന്ന കമീഷനിലും ഈ വിവരം ഉദ്യോഗസ്ഥർ സമർപ്പിച്ചിട്ടില്ല.
2016 ജൂൺ 30ന് റദ്ദാകാനിരുന്ന വിവിധ റാങ്ക് പട്ടികകളുടെ കാലാവധി സംസ്ഥാന സർക്കാർ ശിപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 30 വരെ പി.എസ്.സി നീട്ടിയിരുന്നു. പിന്നീട് സർക്കാർ രണ്ടാമത് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ 2016 ഡിസംബർ 31 മുതൽ 2017 ജൂൺ 29 വരെയായി ആറുമാസം നീട്ടി നൽകി. എന്നാൽ, രണ്ടാമത് നീട്ടിയ അധിക കാലാവധി ലഭിക്കാതിരുന്നവർ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതാണ് പി.എസ്.സിക്ക് തിരിച്ചടിയായത്.
നേരത്തേ 11 തസ്തികകളിൽ 913 ഓളം ഒഴിവുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി കമീഷന് കൈമാറിയെങ്കിലും ഈ കണക്കുകളിൽ തെറ്റ് സംഭവിച്ചതായി പിന്നീട് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധന നടത്തിയാണ് പുതിയ കണക്ക് ഔദ്യോഗികമായി പി.എസ്.സി പുറത്തുവിട്ടത്.