ഭിന്നശേഷി നിയമനം: സ്ഥിരപ്പെടുന്ന അധ്യാപകർ ദിവസവേതനം തിരിച്ചടക്കണമെന്ന നിർദേശം റദ്ദാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണ വ്യവസ്ഥകൾ പാലിച്ചതിനെ തുടർന്ന് സ്ഥിരപ്പെടുന്ന അധ്യാപകർ അതിന് മുമ്പ് ദിവസവേതനമായി കൈപ്പറ്റിയ തുക തിരിച്ചടച്ച് പി.എഫിൽ ലയിപ്പിക്കണമെന്ന നിർദേശം റദ്ദാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു. പകരം ശമ്പള കുടിശികയിൽ നിന്ന് ദിവസവേതനമായി വാങ്ങിയ തുക കുറവ് ചെയ്ത് ബാക്കി തുക പി.എഫിൽ ലയിപ്പിച്ചാൽ മതിയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്കും വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകി.
ഭിന്നശേഷി സംവരണ വ്യവസ്ഥകൾ പാലിക്കാത്ത സ്കൂളുകളിൽ ദിവസ വേതനത്തിൽ നിയമനാംഗീകാരം ലഭിക്കുകയും പിന്നീട് വ്യവസ്ഥകൾ പാലിച്ചതിനെ തുടർന്ന് നിയമനം സ്ഥിരപ്പെടുത്തുകയും ചെയ്യുമ്പോൾ അധ്യാപകരുടെ ശമ്പള കുടിശിക പൂർണമായും പി.എഫിൽ ലയിപ്പിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ട്രഷറി അധികൃതരും നിലപാടെടുത്തിരുന്നത്.
ഇതുകാരണം നിയമനം സ്ഥിരപ്പെടുത്തുംമുമ്പ് കൈപ്പറ്റിയ ദിവസവേതനം ഉൾപ്പെടെ തിരിച്ചടക്കണമെന്നും ഇത് പി.എഫിൽ ലയിപ്പിക്കണമെന്നുമായിരുന്നു നിർദേശം. അഞ്ചും ആറും വർഷമായി ദിവസവേതനക്കാരായി തുടരുന്നവർ നിയമനം സ്ഥിരപ്പെട്ടതോടെ ലക്ഷക്കണക്കിന് രൂപ തിരിച്ചടക്കേണ്ട ബാധ്യതയിലുമായി. ഇക്കാര്യം കെ.എസ്.ടി.എ ഉൾപ്പെടെയുള്ള അധ്യാപക സംഘടനകൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ ശ്രദ്ധയിൽപെടുത്തുകയും മന്ത്രി ഡയറക്ടർക്ക് നിർദേശം നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

