ഫ്രീസോണിൽ 400 കമ്പനികൾ; തൊഴിലവസരങ്ങൾ 6000
text_fieldsഖത്തർ ഫ്രീസോൺ
ദോഹ: ഖത്തർ ഫ്രീസോണുകളിൽ ഇതിനകം 400 കമ്പനികൾ രജിസ്റ്റർ ചെയ്യുകയും 6000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും ഫ്രീസോൺ അതോറിറ്റി സി.ഇ.ഒ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഫൈസൽ ആൽഥാനി. കമ്പനികളുടെ നിക്ഷേപം 300 കോടി ഡോളറിലധികം വരുമെന്നും ഒരു ദശലക്ഷം ചതുരശ്ര മീറ്റർ ഭൂമി ഇതിലൂടെ പാട്ടത്തിനെടുത്തതായും ശൈഖ് മുഹമ്മദ് ആൽഥാനി കൂട്ടിച്ചേർത്തു. ഫിനാൻഷ്യൽ ടൈംസിന്റെ എഫ്.ഡി.ഐ ഇന്റലിജൻസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ലോജിസ്റ്റിക്സ്, ട്രേഡിങ്, ഫുഡ് ആൻഡ് അഗ്രിടെക്, വ്യവസായിക ഉപഭോക്താവ്, പ്രതിരോധം, ബയോമെഡിക്കൽ സയൻസ്, സമുദ്രവികസനം തുടങ്ങി ഏഴു തന്ത്രപ്രധാന മേഖലകളിലാണ് കമ്പനികൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ക്യു.എഫ്.ഇസെഡ് സി.ഇ.ഒ ചൂണ്ടിക്കാട്ടി.ഗൂഗ്ൾ ക്ലൗഡ്, മൈക്രോസോഫ്റ്റ്, തേൽസ്, ഡി.എച്ച്.എൽ, ഫോക്സ് വാഗൺ, ഗൗസിൻ തുടങ്ങിയ വ്യക്തിഗത കമ്പനികളെ അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പിന്തുണക്കാൻ കഴിയുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ഗൂഗ്ൾ ക്ലൗഡുമായുള്ള ദീർഘകാല പങ്കാളിത്തവും ദോഹയിൽ ഗൂഗ്ൾ ക്ലൗഡ് മേഖലയുടെ ആരംഭവും ചൂണ്ടിക്കാട്ടി. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയായി മാറുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളെ പിന്തുണക്കാനും ഫ്രീസോണുകളിലുടനീളം മറ്റു നിക്ഷേപകർക്ക് അവസരങ്ങൾ നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
ഈ പദ്ധതിയിലൂടെ 2030ഓടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് 1890 കോടി ഡോളർ സംഭാവന നൽകാനാകുമെന്നും ഖത്തറിലെ സാമ്പത്തിക പ്രവർത്തനങ്ങൾ വർധിപ്പിക്കുമെന്നും ആക്സസ് പാർട്ട്ണർഷിപ് നടത്തിയ ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഹമദ് രാജ്യാന്തര വിമാനത്താവളവുമായി ബന്ധിപ്പിച്ചിരിക്കുന്ന റാസ് അബൂ ഫുൻതാസ് (നാല് ചതുരശ്ര കിലോമീറ്റർ), ഹമദ് തുറമുഖത്തോട് ബന്ധിപ്പിച്ചിരിക്കുന്ന ഉം അൽ ഹൂൽ (32 ചതുരശ്ര കിലോമീറ്റർ) ഫ്രീസോണുകളാണ് ഖത്തറിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

