എൽ.എം.ആർ.എ വഴി ജോലി മാറാൻ
text_fieldsബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം
1. ഞാൻ ഒരു കമ്പനിയിൽ കഴിഞ്ഞ അഞ്ചര വർഷമായി ജോലി ചെയ്യുകയാണ്. ഇപ്പോൾ എനിക്ക് വേറെ ഒരു കമ്പനിയിൽനിന്നും ഓഫർ ലെറ്റർ കിട്ടി. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ നേരിട്ടുപറഞ്ഞാൽ അവർ എെൻറ ട്രാൻസ്ഫർ തടയാൻ സാധ്യതയുണ്ട്. അതുകൊണ്ട് എൽ.എം.ആർ.എ വഴി ജോലി മാറാൻ എന്തെല്ലാമാണ് ചെയ്യേണ്ടത്? (ഒരു വായനക്കാരൻ)
തൊഴിൽ നിയമപ്രകാരം താങ്കൾ അഞ്ചര വർഷം ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതുകൊണ്ട് ഒരു മാസത്തെ നോട്ടീസ് നൽകി കരാർ റദ്ദ് ചെയ്യാൻ കഴിയും. എൽ.എം.ആർ.എ മുഖേന ഇപ്പോഴത്തെ തൊഴിലുടമയുടെ സമ്മതമില്ലാതെ ജോലി മാറണമെങ്കിൽ താങ്കൾ കരാർ പ്രകാരമുള്ള നോട്ടീസ് അല്ലെങ്കിൽ മൂന്ന് മാസത്തെ നോട്ടീസ് നൽകണം. അത് തൊഴിലുടമയുടെ സി.ആറിലുള്ള വിലാസത്തിൽ രജിസ്റ്റേഡ് വിത്ത് അക്നോളജ്മെൻറ് ആയി അയക്കണം. (പിങ്ക് കാർഡ് ഉൾപ്പെടെ). കരാറിൽ ഒരു മാസത്തെ നോട്ടീസാണെങ്കിൽ അതുപ്രകാരം നൽകിയാൽ മതി.
ഇങ്ങനെ നോട്ടീസ് നൽകാൻ രണ്ട് വ്യവസ്ഥകളുണ്ട്. 1. വിസക്ക് കുറഞ്ഞത് മൂന്ന് മാസത്തെ കാലാവധി ഉണ്ടായിരിക്കണം. 2. ഇപ്പോഴത്തെ തൊഴിലുടമയുടെ കൂടെ കുറഞ്ഞത് 12 മാസമെങ്കിലും ജോലി ചെയ്തിരിക്കണം. നോട്ടീസ് കാലാവധി കഴിയുേമ്പാൾ പുതിയ തൊഴിലുടമക്ക് താങ്കളുടെ വിസക്കുവേണ്ടി അപേക്ഷിക്കാൻ സാധിക്കും. പുതിയ തൊഴിലുടമ നൽകുന്ന അപേക്ഷയുടെ കൂടെ താങ്കൾ കൊടുത്ത നോട്ടീസിെൻറ കോപ്പി, പിങ്ക് കാർഡ് എന്നിവയും എൽ.എം.ആർ.എയിൽ നൽകണം. പുതിയ തൊഴിലുടമയുടെ പേരിൽ വിസ ലഭിക്കുന്നതുവരെ താങ്കൾ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ജോലി ചെയ്യണം. എൽ.എം.ആർ.എ മുഖേന തൊഴിൽ മാറാനുള്ള വ്യവസ്ഥകൾ ഇവയാണ്: പുതിയ തൊഴിലുടമയുടെ കമ്പനിക്ക് പുതിയ വിസ ലഭിക്കാനുള്ള അർഹതയുണ്ടോയെന്ന് വ്യക്തത വരുത്തി മാത്രമേ ഇപ്പോഴുള്ള തൊഴിലുടമക്ക് നോട്ടീസ് നൽകാവൂ. പുതിയ തൊഴിലുടമയുടെ പരിപൂർണ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ ഇൗ രീതിയിൽ തൊഴിൽ മാറാൻ ശ്രമിക്കാവൂ.
2. ഞാൻ ഒരു കമ്പനിയിൽ മൂന്ന് മാസമായി കൗണ്ടർ സെയിൽസ്മാനായി ജോലി ചെയ്യുകയാണ്. എനിക്ക് രണ്ട് വർഷത്തെ വിസയാണുള്ളത്. ശാരീരിക പ്രയാസം മൂലം ജോലിയിൽ തുടരാൻ ബുദ്ധിമുട്ടാണ്. എനിക്ക് ജോലി വിടാൻ എന്താണ് മാർഗം? (ഒരു വായനക്കാരൻ)
താങ്കളുടെ ആദ്യത്തെ മൂന്ന് മാസം പ്രബേഷൻ പീരിയഡ് ആയതുകൊണ്ട് തൊഴിൽ നിയമപ്രകാരം ഒരു ദിവസത്തെ നോട്ടീസ് നൽകി കരാർ റദ്ദ് ചെയ്യാം. അതുകൊണ്ട് മൂന്നുമാസം തികയുന്നതിനുമുമ്പ് ഇതിനുള്ള നടപടി സ്വീകരിക്കണം.