കഠിനാധ്വാനം തന്ന വിജയം

 • ചിട്ടയായ പഠനത്തിലൂടെയും പരിശീലനത്തിലൂടെയും പി.എസ്.സി പരീക്ഷയില്‍ വിജയിച്ച് സര്‍ക്കാര്‍ ജോലി എന്ന സ്വപ്നം സഫലമാക്കിയ സ്മിത, ഗണേശമംഗലം വിജയമന്ത്രങ്ങൾ പങ്കുവെക്കുന്നു.

22:03 PM
17/07/2017
smitha ganesh mangalam
സ്മിത, ഗണേശമംഗലം

‘‘കല്യാണം കഴിഞ്ഞാല്‍ പിന്നെ സമയമുണ്ടാവില്ല. വീട്ടുജോലി, ഭര്‍ത്താവിന്‍റെ കാര്യം, കുട്ടികള്‍...’’ ജോലി കിട്ടിയിട്ടാവാം കല്യാണം എന്നു  പറയുന്നവരുടെ ന്യായങ്ങള്‍ നാമേറെ കേട്ടിരിക്കുന്നു. എന്നാല്‍, ഇത് തിരുത്തുകയാണ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരായ വീട്ടമ്മമാര്‍. പലതരം സമ്മര്‍ദങ്ങള്‍ക്കിടയിലും കഠിനപരിശ്രമം കൊണ്ട് സര്‍ക്കാര്‍ ജോലി കൈയിലൊതുക്കിയവരില്‍ വീട്ടമ്മമാരാണ് ഏറെ മുന്നില്‍. ആ ലക്ഷ്യത്തിലത്തെുംമുമ്പ് അവര്‍ പലവട്ടം പഴി കേട്ടിരിക്കണം. ഭര്‍ത്താവില്‍ നിന്ന്, സ്വന്തം വീട്ടില്‍ നിന്ന്, ഭര്‍തൃവീട്ടുകാരില്‍ നിന്ന്... മറിച്ച് ‘‘നീ പഠിച്ചോ... ജോലി കിട്ടും വരെ മറ്റൊന്നും നോക്കണ്ടാ...’’ എന്നു പറഞ്ഞ് കൂടെ നിന്നവരുമുണ്ടാകാം. ജീവിതച്ചെലവ്  കുത്തനെ കുതിക്കുമ്പോള്‍ ഭാവിയെ കരുപ്പിടിപ്പിക്കാന്‍ അല്‍പം ത്യാഗമൊക്കെയാവാം എന്ന് സര്‍ക്കാര്‍ ജോലി കൈയിലൊതുക്കുമ്പോള്‍ അഭിമാനത്തോടെ സ്മിത പറയുന്നു. 

യൂനിവേഴ്സിറ്റി കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് പരീക്ഷയില്‍ ഒന്നാംറാങ്ക്, എല്‍.ഡി ടൈപിസ്റ്റ്, ക്ളര്‍ക്ക് ടൈപിസ്റ്റ് എന്നിവയില്‍ ഒന്നാംറാങ്ക്. കമ്പനി/കോര്‍പറേഷന്‍/ബോര്‍ഡ് അസിസ്റ്റന്‍റ് റാങ്ക്പട്ടികയിലും മുന്‍നിരക്കാരി. തൃശൂര്‍ വാടാനപ്പള്ളി ഗണേശമംഗലം മഞ്ഞിലപ്പറമ്പില്‍ സുഹിയുടെ ഭാര്യ സ്മിത ആകെ എഴുതിയത് 10 പരീക്ഷ. അതില്‍ മിക്കതിലും റാങ്ക് ചുരുക്കപ്പട്ടികയില്‍ ഇടംനേടി. കുസാറ്റില്‍ (കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റാണ്. ഡിസംബര്‍ ഒന്നിനായിരുന്നു നിയമനം. സര്‍ക്കാര്‍ജോലി കിട്ടാന്‍ ഒരൊറ്റ എളുപ്പവഴിയേ സ്മിത ഉപദേശിക്കുന്നുള്ളൂ-കഠിനാധ്വാനം, സ്ഥിര പ്രയത്നം.

നാലുവര്‍ഷമായി പി.എസ്.സി ജോലിക്കായി ശ്രമം തുടങ്ങിയിട്ട്. ആദ്യ കുറച്ച് പരീക്ഷകളില്‍ റാങ്ക്ലിസ്റ്റില്‍ ഇടം കണ്ടെത്താനായില്ല. നിരാശപ്പെടാതെ പഠനം തുടര്‍ന്നു. കഴിഞ്ഞ രണ്ടുവര്‍ഷം കഠിനപ്രയത്നത്തിലായിരുന്നു. പൊതുവിജ്ഞാനം വര്‍ധിപ്പിച്ചാല്‍ മാര്‍ക്ക് കൂടുതല്‍ നേടാനാകും. പരന്ന വായനയാണ് ജി.കെ പരീക്ഷയില്‍ സ്കോര്‍ ചെയ്യാന്‍ ആവശ്യം. ഇതറിഞ്ഞ് ദിവസവും പത്രം വായിച്ച് നോട്സ് കുറിച്ചുവെക്കും. പരീക്ഷാ പരിശീലനവുമായി ബന്ധപ്പെട്ട ആനുകാലികങ്ങള്‍ സ്ഥിരമായി വാങ്ങും. ഓരോ ആഴ്ചയും അവ ഹൃദിസ്ഥമാക്കും. അടുത്ത ആഴ്ചയിലേക്ക് മാറ്റിവെക്കാറില്ല. പകല്‍ സമയമായിരുന്നു വായിക്കാറ്.

കണക്കായിരുന്നു വിഷമം. അതിനായി കൂടുതല്‍ സമയം നീക്കിവെച്ചു. കൊടുങ്ങല്ലൂരിലെ പരീക്ഷാപരിശീലന കേന്ദ്രത്തില്‍ കുറച്ചുനാള്‍ പോയി. വീട്ടിലിരുന്നു തന്നെയായിരുന്നു കൂടുതല്‍ പഠനം. മുന്‍വര്‍ഷത്തെ ചോദ്യപേപ്പറുകളില്‍ പരിശീലനം നേടുക എന്നത് അത്യാവശ്യമാണ്. പ്രധാന തയാറെടുപ്പാണിത്. സമയത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാന്‍ ഇത് സഹായിക്കും. ഓരോ വിഭാഗത്തിലും മുന്‍വര്‍ഷങ്ങളില്‍ വന്ന ചോദ്യങ്ങളുടെ പ്രാതിനിധ്യം മനസ്സിലാക്കിയുള്ള പഠനവും ഗുണകരമാകും.

അബൂദബിയില്‍ അക്കൗണ്ടന്‍റായ സ്മിതയുടെ ഭര്‍ത്താവ് സുഹിയും പഠനത്തില്‍ നന്നായി പിന്തുണച്ചു. ബിരുദപഠനം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍. ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങിലും ഷെയര്‍ മാര്‍ക്കറ്റിങ്ങിലും ഡിപ്ളോമ. വിവാഹം കഴിഞ്ഞ് കുട്ടി സ്കൂളില്‍ പോകാനുള്ള പ്രായമത്തെിയശേഷമാണ് പഠനം കൂടുതല്‍ സീരിയസായത്. മകള്‍ സ്കൂളില്‍ പോയ സമയമാണ്  ഉപയോഗപ്പെടുത്തിയത്. പഠനത്തിരക്കില്‍ പലതും മാറ്റിവെക്കേണ്ടിവന്നു. പല പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും പഠനം സജീവമായി മുന്നോട്ടുപോയി. 

കുറച്ചുസമയം കിട്ടിയാല്‍ പോലും പുസ്തകമെടുക്കുന്ന എന്‍റെ സ്വഭാവം കണ്ട് പലരും കളിയാക്കുമായിരുന്നു. ദിവസം ആറും ഏഴും മണിക്കൂര്‍ വരെ പരീക്ഷാസമയങ്ങളില്‍ പഠനത്തിനുവേണ്ടി നീക്കിവെച്ചു. കഴിഞ്ഞ എല്‍.ഡി.സി പരീക്ഷയില്‍ സപ്ളിമെന്‍ററി ലിസ്റ്റിലേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 2016ലെ ക്ളര്‍ക്ക് ടൈപിസ്റ്റ് പരീക്ഷയില്‍ തൃശൂര്‍ ജില്ലയില്‍ ഒന്നാമതായി. ഏപ്രില്‍-മാര്‍ച്ച് മാസങ്ങളിലായിരുന്നു റാങ്ക് ലിസ്റ്റില്‍ ഒന്നാമതത്തെിയ മറ്റു പരീക്ഷകള്‍. ലീഗല്‍ മെട്രോളജി വകുപ്പില്‍ നിയമനം ലഭിച്ചിട്ടും വേണ്ടെന്നുവെച്ച് റാങ്ക് ലിസ്റ്റില്‍ ഒന്നാമതത്തെിയ കുസാറ്റില്‍ (കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റായി ചേര്‍ന്നു. കണ്ടശ്ശാംകടവ് സ്കൂളിലെ വിദ്യാര്‍ഥിനി ദേവികൃഷ്ണയാണ് മകള്‍.

വിജയമന്ത്രങ്ങള്‍

 • ആദ്യം ലക്ഷ്യമാണ് വേണ്ടത്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു വര്‍ഷത്തിനുള്ളില്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ജോലി കിട്ടിയിരിക്കണം എന്ന് ലക്ഷ്യംവെക്കുക. തുടര്‍ന്ന് നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പഠനത്തിനുള്ള അവസരമൊരുക്കുക. വീട്ടുകാരെ അവസ്ഥയും ലക്ഷ്യവും ബോധ്യപ്പെടുത്തണം.
 • പി.എസ്.സി ജോലിക്കുള്ള പഠനം  ജോലി കിട്ടുംവരെയുള്ള തുടര്‍പ്രക്രിയയാണ്. അതിനാല്‍ പത്ര, ആനുകാലിക വായന മുടക്കരുത്. ഒരു പരീക്ഷ കഴിഞ്ഞാല്‍ അടുത്ത പരീക്ഷ വരുമെന്നതിനാല്‍ തുടര്‍ച്ച ആവശ്യമാണ്. പൊതുവിജ്ഞാനം വര്‍ധിപ്പിച്ചാല്‍ മാര്‍ക്ക് കൂടുതല്‍ നേടാനാകും. പരന്ന വായനയാണ് ജി.കെ സെക്ഷനില്‍ സ്കോര്‍ ചെയ്യാന്‍ ആവശ്യം. ദിവസവും പത്രം വായിച്ച് നോട്സ് കുറിച്ചുവെക്കുക.  
 • പഠനത്തിന് ടൈംടേബ്ള്‍ ഉണ്ടാക്കുക. ഓരോ വിഷയവും ക്രമമനുസരിച്ച് പഠിക്കാനും പരീക്ഷക്ക് ഉപകാരപ്പെടുന്ന ആനുകാലികങ്ങള്‍ പഠിക്കാനുമുള്ള സമയം ടൈംടേബ്ളില്‍ രേഖപ്പെടുത്തുക. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ചെലവിടുക.
 • പരീക്ഷയുടെ സിലബസ് അറിഞ്ഞിരിക്കുകയെന്നത് പ്രധാനമാണ്. ഏതു തരം ചോദ്യങ്ങളാണ് വരുന്നതെന്ന് മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ ചെയ്തുനോക്കുന്നതിലൂടെ മനസ്സിലാക്കാനാവും. 
 • ജനറല്‍നോളജ്, ഗണിതം, മാനസികശേഷി പരിശോധിക്കുന്നവ, ഇംഗ്ളീഷ്, പ്രാദേശിക ഭാഷാ പ്രാവീണ്യം തുടങ്ങിയവക്ക് ചോദ്യപേപ്പറുകളില്‍ ലഭിക്കുന്ന പരിഗണന മനസ്സിലാക്കണം. എല്‍.ഡി.സിക്ക് 100ല്‍ 50 മാര്‍ക്ക് പൊതുവിജ്ഞാനത്തില്‍ നിന്നുള്ളതായിരിക്കും. 20 മാര്‍ക്കിന്‍റെ മാനസികശേഷി പരിശോധിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. പ്രാദേശികഭാഷാ പ്രാവീണ്യത്തിന് 10 മാര്‍ക്കും നീക്കിവെച്ചിട്ടുണ്ടാകും. ഈ അനുപാതത്തില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. ഇത് അറിഞ്ഞിരിക്കല്‍ പ്രധാനമാണ്.
 • പൊതുവിജ്ഞാനത്തില്‍ അവാര്‍ഡുകള്‍, തലവന്മാര്‍, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, സ്പോര്‍ട്സ് തുടങ്ങിയവയില്‍നിന്ന് ഏതാനും ചോദ്യങ്ങള്‍ ഉണ്ടാവും.  വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ സ്വഭാവം മുന്‍ ചോദ്യപേപ്പറുകള്‍ നോക്കി മനസ്സിലാക്കുക.
 • തുടക്കത്തില്‍ റാങ്ക്ലിസ്റ്റില്‍ ഇടം കണ്ടത്തൊനായില്ലെങ്കിലും നിരാശപ്പെടരുത്. പഠനം തുടരുക.  
 • സമയലഭ്യത മനസ്സിലാക്കിക്കൊണ്ട് വേണം തീവ്ര പരിശീലനം നടത്താന്‍. ഇത് പഠനം കൂടുതല്‍ ഗൗരവത്തോടെ കാണാനും കൂടുതല്‍ സമയം നീക്കിവെച്ച് പഠനം സജീവമാക്കാനും സഹായിക്കും. മാതൃകാ പരീക്ഷകളും മുന്‍വര്‍ഷങ്ങളിലെ പരീക്ഷകളും ചെയ്ത് പരിശീലിക്കുക. സമയത്തിനനുസരിച്ച് പരീക്ഷയെഴുതാന്‍ പഠിക്കണം.
 • സമകാലിക വിജ്ഞാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംബന്ധിച്ച പുസ്തകങ്ങള്‍, ഇയര്‍ബുക്കുകള്‍, തൊഴില്‍സഹായ പ്രസിദ്ധീകരണങ്ങള്‍, ഗൈഡുകള്‍ തുടങ്ങിയവ അധിക പഠനത്തിന് ഉപയോഗിക്കാം. ഒന്നോ അതിലധികമോ റാങ്ക് ഫയലുകള്‍ റഫര്‍ ചെയ്യുക. വലിയ റാങ്ക് ഫയലുകള്‍ വാങ്ങിയതുകൊണ്ട് ഉപകാരപ്പെടണമെന്നില്ല. അതില്‍നിന്ന് നമുക്ക് ഉപകാരപ്പെടുംവിധം നോട്സ് തയാറാക്കി എടുത്തുവെക്കാം.  
 • മറന്നുപോകാന്‍ സാധ്യതയുള്ളവ പ്രത്യേകം എഴുതിവെച്ച് ഇടക്കിടെ വീണ്ടും പഠനത്തിനെടുക്കുക. പരീക്ഷ അടുത്ത സമയങ്ങളില്‍ ഇവ നിര്‍ബന്ധമായും വായിച്ചിരിക്കണം.

കടപ്പാട്: സ്മിത, ഗണേശമംഗലം

COMMENTS