ഇനി വയ്യ, അത്രയും മടുത്തു; ആറ് കാരണങ്ങൾ എണ്ണിപ്പറഞ്ഞ് ടെക്കി യുവാവ് ഇൻഫോസിസ്‍ വിട്ടു
text_fieldsമുംബൈ: ഇൻഫോസിസ് വിടാനുള്ള കാരണങ്ങൾ എണ്ണിപ്പറയുന്ന പുനെയിൽ നിന്നുള്ള ടെക്കി യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു. പ്രധാനമായും ആറ് കാരണങ്ങളാണ് ഇൻഫോസിസിലെ ജോലി ഉപേക്ഷിക്കുന്നതിനായി ഭൂപേന്ദ്ര വിശ്വകർമ നിരത്തിയിരിക്കുന്നത്. കുടുംബത്തിന്റെ അത്താണിയായിരുന്ന ഭൂപേന്ദ്ര മറ്റൊരു ജോലി കിട്ടിയിട്ടില്ല ഇൻഫോസിസ് വിട്ടതെന്നതും ശ്രദ്ധേയമാണ്. കമ്പനിയിൽ താൻ നേരിട്ട വ്യവസ്ഥാപിത പ്രശ്നങ്ങളാണ് മറ്റൊരു ജോലി തേടുംമുമ്പേ രാജിവെക്കാൻ നിർബന്ധിതനാക്കിയതെന്നും ഭൂപേന്ദ്ര പറയുന്നു.
വൻ ശമ്പളമുണ്ടെങ്കിലും കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർ വലിയ സമ്മർദമാണ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഭൂപേന്ദ്ര രാജിക്ക് നിരക്കിയ ആറ് കാരണങ്ങൾ ഇവയാണ്:
1.സാമ്പത്തിക നേട്ടമില്ല: സിസ്റ്റം എൻജിനീയർ എന്ന പോസ്റ്റിൽ നിന്ന് സീനിയർ സിസ്റ്റം എൻജിനീയർ ആയി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ ശമ്പളത്തിൽ ഒരു വർധനയും ഉണ്ടാകുന്നില്ല. മൂന്നുവർഷത്തെ കഠിനമായ ജോലിയും അർപ്പണബോധവും കൊണ്ട് ഒരു കാര്യവുമില്ലെന്ന് മനസിലാക്കാൻ സാധിച്ചു. അക്കാലയളവിൽ ഒരുപാട് പ്രതീക്ഷയോടെയാണ് ടീമിനൊപ്പം ജോലി ചെയ്തത്. എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും ശമ്പളവർധനവില്ലെന്ന് കണ്ടപ്പോൾ വലിയ നിരാശ തോന്നി.
2.പക്ഷപാതം നിറഞ്ഞ ജോലി ഭാര വിന്യാസം: ആദ്യം 50 ടീമംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് 30 ആയി ചുരുങ്ങിയപ്പോഴും തൊഴിൽ ഭാരം വർധിച്ചതല്ലാതെ കുറഞ്ഞില്ല. 50 പേർ ചെയ്യേണ്ട ജോലി 30 പേർ തീർക്കേണ്ട അവസ്ഥയായി. പുതിയ ആളുകളെ എടുക്കാത്തതാണ് പ്രധാന കാരണം. എന്നാൽ അധികമായി ജോലി ചെയ്യുന്നതിന് മറ്റാനുകൂല്യങ്ങളൊന്നും നൽകിയതുമില്ല.
3.കരിയറിലെ വളർച്ച സ്തംഭനം: പരിമിതമായ ശമ്പള വർധനയും കരിയർ വളർച്ച സ്തംഭിച്ചതും വലിയ ഭാരമായി തോന്നി.
4. മോശം ക്ലയന്റ് എൻവയൺമെന്റ്: ജോലി സ്ഥലത്ത് ചെറിയ കാര്യങ്ങൾക്ക് പോലും കലഹമുണ്ടാകുന്നത് ജീവനക്കാരുടെ മാനസിക നിലയെ ബാധിച്ചു. സമ്മർദം എല്ലാതലത്തിലും കൂടിവരികയായിരുന്നു. വ്യക്തികളുടെ മാനസികാരോഗ്യത്തെ കുറിച്ചോ മറ്റ് പ്രശ്നങ്ങളെ കുറിച്ചോ അന്വേഷിച്ചറിയാൻ ആരും മിനക്കെട്ടില്ല. ജോലി മാത്രമായിരുന്നു മുതലാളിമാർക്ക് മുഖ്യം.
5. അംഗീകാരം ലഭിച്ചില്ല: നന്നായി ജോലി ചെയ്തിട്ടും അതിനനുസരിച്ചുള്ള അംഗീകാരം സഹപ്രവർത്തകരിൽ നിന്നും മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ചില്ല. ഒരാൾ പോലും സ്ഥാനക്കയറ്റത്തിന് ശിപാർശ ചെയ്തില്ല. ശമ്പളവും വർധിപ്പിച്ചില്ല. തന്റെ കഠിനാധ്വാനം ചൂഷണം ചെയ്യുകയായിരുന്നു കമ്പനി അധികൃതർ.
6. ചുമതലകൾ നൽകുന്നതിലെ പ്രാദേശിക പക്ഷപാതം: ചുമതലകൾ നൽകിയിരുന്നത് ഒരിക്കലും യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നില്ല, മറിച്ച് പക്ഷപാതപരമായിരുന്നു. ഹിന്ദി പോലെ ചില പ്രത്യേക ഭാഷകൾ സംസാരിക്കുന്നവരെ മാറ്റിനിർത്തുകയും ചെയ്തു. തെലുങ്ക്, തമിഴ്,മലയാളം ഭാഷകൾ സംസാരിക്കുന്നവർക്കാണ് കൂടുതൽ പരിഗണന ലഭിച്ചത്.
ഈ പ്രശ്നങ്ങൾ തന്റേത് മാത്രമല്ലെന്നും കമ്പനിയിലെ പലരും നേരിടുന്നതാണെന്നും പറഞ്ഞാണ് ഭൂപേന്ദ്ര കുറിപ്പ് അവസാനിപ്പിച്ചത്.
പോസ്റ്റിനു മേൽ വലിയ ചർച്ചയാണ് നടക്കുന്നത്. കോർപറേറ്റ് മേഖലകളിൽ നടക്കുന്ന തൊഴിൽ ചൂഷണത്തെ കുറിച്ചാണ് പലരും പ്രതികരിച്ചത്. ചിലയിടങ്ങളിൽ ഒരു പ്രമോഷൻ പോലും ലഭിക്കുന്നില്ലെന്നും പലരും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.