
നിഫ്റ്റ് പ്രവേശന പരീക്ഷ ഫെബ്രുവരിയിൽ, ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 17നകം
text_fieldsനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ (നിഫ്റ്റ്) 2022 വർഷത്തെ അണ്ടർ ഗ്രാജ്വേറ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി ആറിന് ദേശീയ തലത്തിൽ നടത്തും. http://niftadmissions.inൽ ജനുവരി 17നകം ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീസ് 3000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപെടുന്നവർക്ക് 1500 രൂപ. എൻട്രൻസ് വിജ്ഞാപനവും വിശദ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും www.nift.ac.inൽ നിന്നും ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാവുന്നതാണ്.
നിഫ്റ്റിന് ഇന്ത്യയൊട്ടാകെ 17 കാമ്പസുകളുണ്ട്. കേരളത്തിൽ കണ്ണൂരിലാണ് (ധർമ്മശാല, മാങ്ങാട്ട്പറമ്പ്) കാമ്പസുള്ളത്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗാന്ധിനഗർ, ഭോപാൽ, മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, പട്ന, പഞ്ചകുള, റായ്ബറേലി, ഷില്ലോങ്, കാൻഗ്ര, ജോധ്പുർ, ഭുവനേശ്വർ, ശ്രീനഗർ എന്നിവിടങ്ങളിലാണ് മറ്റ് കാമ്പസുകൾ.
കോഴ്സുകൾ:ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്), നാല് വർഷം സ്പെഷലൈസേഷനുകൾ, അക്സസറി ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ, ഫാഷൻ ഡിസൈൻ, നിറ്റ്വെയർ ഡിസൈൻ, ലതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ. യോഗ്യത: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനിൽ പ്ലസ് ടു/ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്), അപ്പാരൽ പ്രൊഡക്ഷൻ. യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. ത്രിവത്സര എൻജിനീയറിങ്ങിന് ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.
ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. പ്രായം 2022 ആഗസ്റ്റ് ഒന്നിന് 24 വയസ്സിന് താഴെയാവണം. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രായപരിധിയിൽ അഞ്ച് വർഷത്തെ ഇളവുണ്ട്.
മാ്സറ്റർ ഓഫ് ഡിസൈൻ (എം.ഡെസ്), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെൻറ് (എം.എഫ്.എം). യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ ബിരുദം. NIFT/NID യിൽനിന്നും ത്രിവത്സര ഡിപ്ലോമ നേടിയിട്ടുള്ളവർക്കും അപേക്ഷിക്കാം.
മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്. ടെക്), യോഗ്യത: ബി.എഫ് ടെക് അല്ലെങ്കിൽ ബി.ഇ/ബി.ടെക് ബിരുദം. ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
മാസ്റ്റേഴ്സ് പ്രോഗ്രാമുകളുടെ പഠന കാലാവധി രണ്ടുവർഷം വീതമാണ്. പ്രവേശനത്തിന് പ്രായ പരിധിയില്ല.
പ്രവേശന പരീക്ഷ: പേപ്പർ അധിഷ്ഠിത പരീക്ഷ കണ്ണൂർ, കൊച്ചി, കോയമ്പത്തൂർ, മധുരൈ, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ന്യൂഡൽഹി ഉൾപ്പെടെ രാജ്യത്തെ 32 കേന്ദ്രങ്ങളിൽ വെച്ച് നടത്തും. ക്രിയേറ്റിവ് എബിലിറ്റി ടെസ്റ്റ് (സി.എ.ടി), ജനറൽ എബിലിറ്റി ടെസ്റ്റ് (ജി.എ.ടി) ടെസ്റ്റുകളിൽ യോഗ്യത നേടണം. രണ്ടു മണിക്കൂർ വീതം സമയം അനുവദിക്കും. കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.