ഫ്യൂച്ചർ സെറ്റാക്കി ‘മാധ്യമം’; എജുകഫെക്ക് സമാപനം
text_fieldsമലപ്പുറം: മികച്ച തൊഴിൽ സാധ്യതകളിലും ഉന്നത പഠന മേഖലകളിലും ദിശാബോധം നൽകിയും ഫ്യൂച്ചർ സെറ്റാക്കിയും ‘മാധ്യമം’ എജുകഫെയുടെ മലപ്പുറം പതിപ്പിന് സമാപനം. ഭാവി കെട്ടിപ്പടുക്കുന്നതിൽ ആശയ കുഴപ്പങ്ങളില്ലാത്തവിധം സുദൃഢ തീരുമാനമെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കിയാണ് രണ്ടുദിവസം നീണ്ട മേളക്ക് തിരശ്ശീല വീണത്. മലപ്പുറം റോസ് ലോഞ്ചിൽ നടന്ന മേളയിൽ ജില്ലയിൽനിന്നും സമീപ ജില്ലകളിൽനിന്നും മറ്റുമായി ആയിരക്കണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഒഴുകിയെത്തി. കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ‘മാധ്യമം’ എജുകഫെ ‘കൺഫ്യൂഷൻ വേണ്ട, ഫ്യൂച്ചർ സെറ്റാണ്’ എന്ന ടാഗ് ലൈനോടെയാണ് മലപ്പുറത്ത് അരങ്ങേറിയത്. വിദ്യാർഥികളിൽ ആത്മവിശ്വാസം വളർത്തിയും ഉപരിപഠന മേഖലകളുടെ വാതായനങ്ങൾ തുറന്നും നടത്തിയ മേളയിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ഒന്നാംകിട വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിശീലന കേന്ദ്രങ്ങളും വിദഗ്ധരും അണിനിരന്നു. വിദേശത്തുനിന്നുള്ള സ്ഥാപനങ്ങളുടെയടക്കം സ്റ്റാളുകൾ നിരന്ന എക്സിബിഷൻ ഉപരിപഠന-തൊഴിൽ മേഖലകളിലേക്ക് തുറന്ന വാതായനങ്ങളായിരുന്നു. മേളയുടെ രണ്ടാംദിനവും സെഷനുകളാൽ സമ്പുഷ്ടമായിരുന്നു.
പഠനം എങ്ങനെ മെച്ചമാക്കാമെന്ന് വ്യക്തമാക്കി കരിയർ കോച്ചും മെന്ററുമായ ജാബിർ ഇസ്മയിലിന്റെ സെഷൻ, സൈബർ സുരക്ഷ സംബന്ധിച്ച് സൈബർ സുരക്ഷ വിദഗ്ധൻ ജിയാസ് ജമാലിന്റെ സെഷൻ എന്നിവയോടെയാണ് രണ്ടാംദിനത്തിലെ സെഷനുകൾ ആരംഭിച്ചത്. ‘ഫ്യൂച്ചർ’ സ്റ്റുഡന്റ് കൗൺസിലർ മുഹമ്മദ് ജാബിറും ‘ഫ്യൂച്ചർ’ എജുക്കേഷനിസ്റ്റ് അഷിമ ജോഷിയും നയിച്ച ‘ഫ്യൂച്ചർ ബസ് ദ ബ്രെയിൻ -ക്വിസ് ടൈം’ വിദ്യാർഥികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ആരോഗ്യ പരിരക്ഷയിൽ നിർമിതബുദ്ധിയുടെ പ്രാധാന്യം വ്യക്തമാക്കി ബംഗളൂരു റേവ യൂനിവേഴ്സിറ്റി അസി. പ്രഫസർ പി. അശ്വതിയുടെ സെഷൻ, വിദ്യാഭ്യാസ രംഗത്ത് നിർമിത ബുദ്ധിയുടെ പ്രാധാന്യം വിശദീകരിച്ച് സായ് യൂനിവേഴ്സിറ്റി വൈസ് ചാൻസലറും എ.ഐ വിദഗ്ധനുമായ ഡോ. അജിത് എബ്രഹാമിന്റെ സെഷൻ എന്നിവ എ.ഐ സാങ്കേതികവിദ്യയിൽ അറിവ് പകരുന്നവയായി. ടീനേജുകാരുടെ മാനസികാരോഗ്യത്തെപ്പറ്റി ക്ലിനിക്കൽ സൈകോളജിസ്റ്റ് ആർദ്ര മോഹനും ലൈഫ് കോച്ചും നടിയുമായ അശ്വതി ശ്രീകാന്തും ചേർന്ന് നയിച്ച ചാറ്റ് ഷോ രക്ഷിതാക്കൾക്ക് അറിവുനേടാനും സംശയനിവാരണത്തിനും സഹായമായി.
മലേഷ്യയിലെ പഠനസാധ്യതകളും മികവും പകർന്നുനൽകിയതായിരുന്നു ഉച്ചക്കുശേഷം നടന്ന പാനൽ ഡിസ്കഷൻ. എജുക്കേഷൻ മലേഷ്യ ഗ്ളോബൽ സർവിസസിന്റെ റീജനൽ ഹെഡ് സയിദ് മൊഹ്സിൽ അൽകാഫ്, സീനിയർ എക്സിക്യൂട്ടീവ് നൂർ അസ്ലിന അബ്ദുൽ റഹബുദ്ദീൻ എന്നിവരുമായി എയിംസോൺ ഡയറക്ടർ അഹമദ് റിവാദ് കാസിം സംവദിച്ചു. കോട്ടക്കൽ ഹോട്ടൽ ലിവയുടെ മാനേജിങ് ഡയറക്ടർ സജീവ് രാമകൃഷ്ണൻ മെഡോസിനെ ‘മാധ്യമം’ റീജനൽ മാനേജർ ടി.സി. റഷീദും നിഷ് സീനിയർ അഡ്മിഷൻ എക്സിക്യൂട്ടീവ് ഹരിദാസിനെ ‘മാധ്യമം’ മാർക്കറ്റിങ് മാനേജർ തബ്ഷീറും റോസ് ലോഞ്ച് ചെയർമാൻ അബ്ദുറഹിമാൻ പട്ടർകടവിനെ മീഫ്രണ്ട് ഈവന്റ്സ് കൺട്രി ഹെഡ് എം. മുഹ്സിനും സ്നേഹോപഹാരം നൽകി ആദരിച്ചു. ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് മേളയെ അഭിസംബോധന ചെയ്തു. മജീഷ്യൻ ഡോ. ആനന്ദ് മേഴത്തൂരിന്റെ മാജിക്-മെന്റലിസം ഷോയോടുകൂടിയാണ് മേള സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

