അതിഥി സൽക്കാരവും ഹോട്ടൽ ഭരണവും പഠിക്കാം
text_fieldsഅതിഥി സൽക്കാരവും ഹോട്ടൽ നടത്തിപ്പും ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമുള്ളവരാണോ? ഫൂഡ് പ്രൊഡക്ഷനിലും ബിവറേജ് സർവിസിലും മറ്റും തൽപരരാണോ? കായികശേഷിയും ഊർജസ്വലതയുമുള്ള പ്ലസ് ടു കഴിഞ്ഞ യുവതീ യുവാക്കളാണോ? നക്ഷത്ര ഹോട്ടലുകളുടെ അമരക്കാരനാകാൻ തയാറാണോ? എങ്കിൽ വരൂ, നിങ്ങൾക്ക് ഏറെ അനുയോജ്യമായ മൂന്നുവർഷത്തെ മുഴുവൻ സമയ ബി.എസ്‍സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ (എച്ച്.എച്ച്.എ) കോഴ്സ് പഠിക്കാം. ഇതുവഴി മികച്ച ഷെഫും ഹോട്ടൽ മാനേജരുമൊക്കെയാകാം.
രാജ്യത്തെ പ്രമുഖ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്റിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ മികച്ച സൗകര്യങ്ങളൊരുക്കി നിങ്ങൾക്കായി കാത്തിരിപ്പുണ്ട്. ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് ഇവിടെ ലഭിക്കുക.
2026 അധ്യയനവർഷമാരംഭിക്കുന്ന ബി.എസ്‍സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിൽ പ്രവേശനമാഗ്രഹിക്കുന്നവർ നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് നടത്തുന്ന ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം-ജെ.ഇ.ഇ-2026) അഭിമുഖീകരിച്ച് ഉയർന്ന സ്കോർ കരസ്ഥമാക്കണം.
ഏപ്രിൽ 25ന് ആണ് പരീക്ഷ. വിജ്ഞാപനവും വിവരണ പത്രികയും www.nta.ac.in, https://exams.nta.nic.in/nchm-jee എന്നീ വെബ്സൈറ്റുകളിലുണ്ട്.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ അഫിലിയേഷനിലും നിയന്ത്രണത്തിലും 82 ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടുകളാണുള്ളത്. (ഇതിൽ 21 കേന്ദ്രസർക്കാർ, 33 വിവിധ സംസ്ഥാനസർക്കാർ, 1 പൊതുമേഖല, 2 പൊതു-സ്വകാര്യം , 25 സ്വകാര്യ സ്ഥാപനങ്ങളാണ്). ഈ സ്ഥാപനങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയാണിത്.
കേരളത്തിലും അവസരം: സംസ്ഥാനത്ത് നാല് സ്ഥാപനങ്ങളുണ്ട്. (1) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, കോവളം, (കേന്ദ്രസർക്കാർ), (2) സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, കോഴിക്കോട് (സംസ്ഥാന സർക്കാർ), (3) ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ്, വയനാട്, (4) മൂന്നാർ കാറ്ററിങ് കോളജ് - ഇടുക്കി (സ്വകാര്യ സ്ഥാപനങ്ങൾ). പ്രവേശനം സംയുക്ത പ്രവേശന പരീക്ഷയുടെ സ്കോർ പരിഗണിച്ച് തന്നെ.
പഠനവിഷയങ്ങൾ: മൂന്നുവർഷം, ‘ആറു സെമസ്റ്ററുകളായുള്ള ബി.എസ്‍സി (എച്ച്.എച്ച്.എ) പ്രോഗ്രാമിൽ ഫൂഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവിസ്, ഹോസ്പിറ്റാലിറ്റി മാർക്കറ്റിങ്, ഫിനാൻഷ്യൽ മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, റവന്യൂ മാനേജ്മെന്റ്, ഫെസിലിറ്റി പ്ലാനിങ് മാനേജ്മെന്റ് മുതലായ വിഷയങ്ങൾ പഠിപ്പിക്കും.
തിയറി ക്ലാസുകൾക്ക് പുറമെ ലബോറട്ടറി വർക്കുമുണ്ടാവും. വിജയകരമായി പഠനം പൂർത്തിയാക്കുന്നവർക്ക് ബിരുദം സമ്മാനിക്കും. ജവഹർലാൽ നെഹ്റു സർവകലാശാലയുടെ (ജെ.എൻ.യു) അംഗീകാരമുണ്ട്.
വിദ്യാഭ്യാസ യോഗ്യത: ഹയർസെക്കൻഡറി/വി.എച്ച്.എസ്.ഇ/പ്ലസ് ടു/തത്തുല്യബോർഡ് പരീക്ഷ പാസായിരിക്കണം. ഏത് സ്ട്രീമുകാരെയും പരിഗണിക്കും. പ്ലസ് ടുതലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അവസാനവർഷം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. പരീക്ഷ അഭിമുഖീകരിക്കുന്നതിന് പ്രായപരിധിയില്ല. ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം.
അപേക്ഷ: ഓൺലൈൻ വഴി രജിസ്ട്രേഷനും അപേക്ഷയും സ്വീകരിച്ച് തുടങ്ങി. വെബ്സൈറ്റിൽ ജനുവരി 25 വൈകീട്ട് അഞ്ചുമണിവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ജനറൽ/ഒ.ബി.സി നോൺക്രീമിലെയർ വിഭാഗങ്ങൾക്ക് 1000 രൂപ. ഇ.ഡബ്ല്യു.എസ് വിഭാഗത്തിന് 700 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി (പി.ഡബ്ല്യു.ഡി) തേർഡ് ജൻഡർ വിഭാഗങ്ങൾക്ക് 450 രൂപ. (ജി.എസ്.ടി കൂടി നൽകേണ്ടതുണ്ട്).
പരീക്ഷ: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഏപ്രിൽ 25ന് ദേശീയതലത്തിൽ നടത്തും. ചോദ്യപേപ്പർ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയിസ് മാതൃകയിലുള്ള പരീക്ഷയിൽ 120 ചോദ്യങ്ങളുണ്ടാവും.
ശരിയുത്തരത്തിന് നാലുമാർക്ക്. ഉത്തരം തെറ്റിയാൽ ഓരോ മാർക്ക് വീതം കുറക്കും. കേരളത്തിൽ എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശൂർ, തിരുവനന്തപുരം നഗരങ്ങളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

