ദിവസവേതന നിയമനവും പ്രായപരിധിയും

യു.പി സ്കൂളില്‍ അറബി പഠിപ്പിക്കാനുള്ള യോഗ്യത എനിക്കുണ്ട്. എംപ്ളോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേന ആറു മാസം അറ്റന്‍ഡര്‍ ജോലി ചെയ്തിട്ടുണ്ട്. 48 വയസ്സായ എനിക്ക് സ്കൂളില്‍ ഒഴിവുവരുന്ന അറബിക് ടീച്ചര്‍ തസ്തികക്ക് ദിവസക്കൂലിക്കുള്ള ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടോ? ദിവസക്കൂലിക്ക് വയസ്സ് പ്രശ്നം ഉണ്ടോ?
അബ്ദുല്‍ ലത്തീഫ്, അരീക്കോട്
അധ്യാപക തസ്തികയിലേക്ക് ദിവസവേതനത്തില്‍ റിട്ട. അധ്യാപകരെയും പരിഗണിക്കുന്നുണ്ട്. അതിനര്‍ഥം പ്രായപരിധിയില്ല എന്നാണ്. ദിവസവേതന നിയമനത്തിന് പ്രായപരിധി നിശ്ചയിച്ചിട്ടില്ല. അതിനാല്‍ ലത്തീഫിനും ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയും.

ഹോമിയോ ഫാര്‍മസി
ഞാന്‍ ഹോമിയോ ഫാര്‍മസിയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞ് ഫാര്‍മസി തസ്തികയിലേക്ക് വിജ്ഞാപനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ഥിയാണ്. സര്‍വിസിലുള്ള ഫാര്‍മസിസ്റ്റ് ബി.എച്ച്.എം.എസ് ബിരുദം കരസ്ഥമാക്കിയാല്‍ പ്രബേഷന്‍ കാലാവധി കഴിയുന്നമുറക്ക് ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതായി അറിയാന്‍ കഴിഞ്ഞു. കേരള ആരോഗ്യ സര്‍വകലാശാലയുടെ ബി.എച്ച്.എം.എസ് ബിരുദ സര്‍ട്ടിഫിക്കറ്റ് മാത്രമാണോ പി.എസ്.സി പരിഗണിക്കുക? സംസ്ഥാനത്തിനു പുറത്തുള്ള ഹോമിയോ കോളജുകളില്‍നിന്ന് നേടുന്ന ബി.എച്ച്.എം.എസ് ബിരുദം സ്ഥാനക്കയറ്റത്തിനായി പി.എസ്.സി പരിഗണിക്കുമോ?
അനീസ് റഹ്മാന്‍
മോഷനായാലും നേരിട്ടുള്ള നിയമനമായാലും കേരളത്തിലെ ആരോഗ്യ സര്‍വകലാശാല അംഗീകരിച്ചിട്ടുള്ള റെഗുലര്‍ കോഴ്സു വഴിയുള്ള ബി.എച്ച്.എം.എസ് ബിരുദമാണ് വേണ്ടത്.

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകുന്നു
ഞാന്‍ 17.10.2015ല്‍ കെ.ടെറ്റ് പരീക്ഷ എഴുതി പാസായ ഒരു ഹൈസ്കൂള്‍ അധ്യാപകനാണ് (കാറ്റഗറി III, രജിസ്റ്റര്‍ നമ്പര്‍ 302414). ഫലപ്രഖ്യാപനത്തിനുശേഷം സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും കഴിഞ്ഞു. കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് ഡി.ഒ ഓഫിസില്‍നിന്ന് വിതരണം ചെയ്തപ്പോള്‍ എന്‍െറ സര്‍ട്ടിഫിക്കറ്റ് ഫോട്ടോ അപ്ലോഡിങ് പ്രശ്നം അയതിനാല്‍ എത്തിയിട്ടില്ളെന്ന് അറിയിച്ചു. ഉടന്‍ നിശ്ചിത എം.ബിയില്‍ ഫോട്ടോ സീഡിയിലാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ട പ്രകാരം അത് നല്‍കുകയും ചെയ്തു. താമസിയാതെ സര്‍ട്ടിഫിക്കറ്റ് എത്തുമെന്ന് ഡി.ഒ ഓഫിസില്‍നിന്ന് പറഞ്ഞു. ഇതുവരെ എന്‍െറ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. സര്‍വിസ് ബുക്കില്‍ സര്‍ട്ടിഫിക്കറ്റിന്‍െറ വിവരം ചേര്‍ക്കേണ്ടതിനാല്‍ ഇത് വേഗത്തില്‍ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
ഹബീബ് റഹ്മാന്‍, മലപ്പുറം
സര്‍ട്ടിഫിക്കറ്റ് വൈകുന്നത് പ്രമോഷനെ ബാധിക്കുമെന്ന് അറിയാത്തവരല്ല പരീക്ഷ കമീഷണര്‍. സര്‍ട്ടിഫിക്കറ്റ് പെട്ടെന്ന് ലഭിക്കാന്‍ പരീക്ഷ കമീഷണറെ നേരിട്ട് സമീപിക്കുക.

ലാസ്റ്റ് ഗ്രേഡ്, മലപ്പുറം, എല്‍.ഡി.സി (പി.എച്ച്) മലപ്പുറം
കാറ്റഗറി നമ്പര്‍ 258/12 പ്രകാരം മലപ്പുറം ജില്ലയില്‍ വികലാംഗര്‍ക്കുള്ള എല്‍.ഡി ക്ളര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയെഴുതി ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥിയാണ. 26.7.2016ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയും കഴിഞ്ഞു. ഇതിന്‍െറ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചോ? മലപ്പുറം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റില്‍നിന്ന് എത്ര നിയമനം നടന്നിട്ടുണ്ട്?
നസീമ, കാരക്കുന്ന്
മലപ്പുറം ജില്ലയിലെ വികലാംഗര്‍ക്കുള്ള എല്‍.ഡി ക്ളര്‍ക്ക് റാങ്ക്ലിസ്റ്റ് നിലവില്‍വരുകയും ആ ലിസ്റ്റില്‍നിന്ന് മൂന്നു വിഭാഗത്തില്‍ ഉള്‍പ്പെട്ട വികലാംഗര്‍ക്കും ആറു വീതം അഡൈ്വസ് നല്‍കുകയുണ്ടായി.മലപ്പുറം ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക്ലിസ്റ്റില്‍നിന്ന് ഓപണ്‍ 266ാം റാങ്കുവരെയും മുസ്ലിം 263ാം റാങ്കുവരെയും അഡൈ്വസായി. വികലാംഗരില്‍ ഓര്‍ത്തോ വിഭാഗത്തില്‍നിന്ന് ഏഴാം റാങ്കുവരെയും ബധിര-മൂക വിഭാഗത്തില്‍നിന്ന് നാലാം റാങ്കുവരെയും അന്ധരെ മൂന്നാം റാങ്കുവരെയും അഡൈ്വസ് ചെയ്തു. ആകെ 305 പേരെയാണ് അഡൈ്വസ് ചെയ്തത്. 44 ഒഴിവുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹൈസ്കൂള്‍ അസിസ്റ്റന്‍റ് (അറബിക്) , ഫുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍ (അറബിക്)
കോഴിക്കോട് ജില്ലയില്‍ കാറ്റഗറി നമ്പര്‍ 199/16 അനുസരിച്ച് ഹൈസ്കൂള്‍ അസിസ്റ്റന്‍റ് അറബിക് തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. ഇതിന്‍െറ വിജ്ഞാപനം നടന്നപ്പോള്‍ ആറു മാസത്തിനുള്ളില്‍ പരീക്ഷയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. അതുപോലെ കാറ്റഗറി നമ്പര്‍ 532/2013 അനുസരിച്ച് കോഴിക്കോട് ജില്ലയില്‍ ഫുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍ (അറബിക്) തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. ഈ രണ്ട് തസ്തികകളിലേക്കുള്ള എഴുത്തുപരീക്ഷ എന്നാണ് നടക്കുക?
ജുമൈലത്ത്, കക്കോട്
കോഴിക്കോട് ജില്ലയിലെ എച്ച്.എസ്.എ (അറബിക്) തസ്തികയിലേക്കുള്ള പരീക്ഷ 8.2.2017ല്‍ നടത്താനാണ് പി.എസ്.സി തീരുമാനിച്ചിട്ടുള്ളത്. ഫുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍ (അറബിക് -യു.പി സ്കൂള്‍) തസ്തികയുടെ പരീക്ഷ തീയതി നിശ്ചയിച്ചിട്ടില്ല.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആലപ്പുഴ
ആലപ്പുഴ ജില്ലയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ്2 (കാറ്റഗറി നമ്പര്‍ 665/2012) തസ്തികയുടെ റാങ്ക്ലിസ്റ്റില്‍ 19ാം റാങ്കുകാരനാണ്. പട്ടികജാതി വിഭാഗത്തില്‍ മൂന്നാം റാങ്കുമുണ്ട്. എനിക്ക് എന്ന് നിയമനം ലഭിക്കും. ഇപ്പോള്‍ എത്ര ഒഴിവുകളുണ്ട്?
പ്രവീണ്‍, കൊണ്ടോട്ടി
ഇതിന്‍െറ റാങ്ക്ലിസ്റ്റ് 17.11.16ലാണ് നിലവില്‍വന്നത്. അതില്‍നിന്ന് അഡൈ്വസ് ആരംഭിച്ചിട്ടില്ല. ഒഴിവുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഒഴിവുകള്‍ ധാരാളം ഉണ്ടാകാന്‍ സാധ്യതയുള്ള തസ്തികയാണ്. 19ാം റാങ്കുകാരന് താമസിയാതെ നിയമനം പ്രതീക്ഷിക്കുകയും ചെയ്യാം.

മതപരിവര്‍ത്തനവും ജാതിസംവരണവും
ഞാന്‍ ഹിന്ദു-തിയ്യ സമുദായത്തിപ്പെട്ട ഒരു ഉദ്യോഗാര്‍ഥിയായിരുന്നു. പിന്നീട് ഇസ്ലാംമതം സ്വീകരിക്കുകയും അതിന്‍െറ ആചാരപ്രകാരം ജീവിക്കുകയുമാണ്. പേരിലും മതത്തിലുമുള്ള മാറ്റം ഗസറ്റ് വിജ്ഞാപനം ചെയ്തിട്ടുണ്ട്. പി.എസ്.സിയുടെ ഒ.ടി.ആറില്‍ ഇസ്ലാം-മുസ്ലിം എന്നാണ് രേഖപ്പെടുത്തിയത്. ഒ.ടി.ആര്‍ വെരിഫിക്കേഷന്‍െറ സമയത്ത് ഹിന്ദു-തിയ്യ വിഭാഗത്തില്‍പ്പെടുന്ന നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റാണ് (എന്‍.സി.എല്‍.സി) ലഭിച്ചത്. അച്ഛന്‍െറ ജാതിയില്‍ എന്‍.സി.എല്‍.സി തരാനേ കഴിയൂവെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഒ.ടി.ആറില്‍ മുസ്ലിം എന്ന് കൊടുത്തതുകൊണ്ട് ഹിന്ദു-തിയ്യ സംവരണം തരാന്‍ കഴിയില്ളെന്നും ഓപണ്‍ കാറ്റഗറിയില്‍ പരിഗണിക്കാമെന്നും പറഞ്ഞു. എസ്.എസ്.എല്‍.സി ബുക്കില്‍ മാറ്റംവരുത്തിയിട്ടില്ല. രണ്ടിലേതെങ്കിലും സംവരണം ലഭിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഒ.ടി.ആറില്‍ മാറ്റം സാധ്യമാണോ?
സൈറ, ബാലുശ്ശേരി
മാതാപിതാക്കളുടെ സ്റ്റാറ്റസ് അനുസരിച്ചാണ് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഒ.ടി.ആറില്‍ ഇസ്ലാം-മുസ്ലിം എന്ന് രേഖപ്പെടുത്തിയതുകൊണ്ട് തിയ്യ സമുദായത്തിന്‍െറ ആനുകൂല്യം ലഭിക്കുകയില്ല. ഇനി അപേക്ഷിക്കുമ്പോള്‍ മാത്രമേ ഒ.ടി.ആറില്‍ മാറ്റംവരുത്താനാകൂ. നിലവിലുള്ള സാഹചര്യത്തില്‍ ഓപണ്‍ കാറ്റഗറിയില്‍ അപേക്ഷിക്കാനേ കഴിയൂ. സൈറയുടെ മക്കള്‍ക്ക് ഇസ്ലാം-മുസ്ലിം സംവരണത്തിന് അര്‍ഹത ലഭിക്കുകയും ചെയ്യും. ഗസറ്റ് വിജ്ഞാപനത്തിന്‍െറ കോപ്പി (ജാതിയും പേരും മാറ്റിയത്) എസ്.എസ്.എല്‍.സിയോടൊപ്പം സൂക്ഷിക്കുക.

പി.എസ്.സി സംശയങ്ങള്‍ക്ക്: എഡിറ്റര്‍, ജാലകം, 
മാധ്യമം, വെള്ളിമാട്കുന്ന്, കോഴിക്കോട്-12
jalakam@madhyamam.in

COMMENTS