Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightഇറാസ്മസ് മുണ്ടസ്; ഇനി...

ഇറാസ്മസ് മുണ്ടസ്; ഇനി സാധാരണക്കാർക്കും യൂറോപ്പിൽ പഠനം സ്വപ്നം കാണാം

text_fields
bookmark_border
study europe 89076
cancel

ണ്ട് വർഷം, നാല് സെമസ്റ്ററുകൾ, മൂന്നോ അതിലധികമോ രാജ്യങ്ങളിലെ സർവകലാശാലകൾ, പല പല രാജ്യങ്ങളിൽ നിന്നുള്ള സഹപാഠികൾ-അധ്യാപകർ, ലോകോത്തര സ്ഥാപനങ്ങളിൽ പരിശീലനം നേടാൻ അവസരം, കോഴ്സ് ഫീസും ഇൻഷുറൻസും പ്രതിമാസ സ്റ്റൈപ്പന്റുമടക്കം 40 മുതൽ 50 ലക്ഷത്തോളം വരുന്ന സ്‌കോളർഷിപ്പ്; യൂറോപ്പിൽ ബിരുദാനന്തര ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കാൻ ഇതിലും മികച്ച മറ്റൊരു ഓപ്ഷൻ ഉണ്ടോ എന്നത് സംശയമാണ്. പറഞ്ഞു വരുന്നത് യൂറോപ്യൻ യൂനിയന്‍റെ ഇറാസ്മസ് മുണ്ടസ് ജോയിന്‍റ്​ മാസ്റ്റേഴ്സ് പ്രോഗ്രാമുകളെ കുറിച്ചാണ്.

ഡൽഹിയിലെ എം.എസ്.ഡബ്ള്യൂ പഠനകാലത്ത്, ഇന്ത്യൻ ഹാബിറ്റാറ്റ് സെന്‍ററിൽ ജർമ്മൻ എംബസി സംഘടിപ്പിച്ച പരിപാടിയിൽ വെച്ചാണ് ഇറാസ്മസ് സ്‌കോളർഷിപ്പ് ലഭിച്ച സന അഹ്മദ് എന്ന വിദ്യാർഥിനിയെ പരിചയപ്പെടുന്നത്. രണ്ട് വർഷത്തെ ഇറാസ്മസ് പഠനകാലം തനിക്ക് സമ്മാനിച്ച അവസരങ്ങളെക്കുറിച്ച് അവർ പങ്കുവെച്ച കാര്യങ്ങളൊക്കെയും പ്രചോദനാത്മകമായിരുന്നു. അവരുടെ അനുഭവങ്ങളിലെ അതിശയങ്ങൾ കേട്ട് പ്രചോദനം തോന്നിയെങ്കിലും, കേരള സിലബസിൽ നാട്ടിലെ സ്‌കൂളുകളിൽ പഠിച്ച 'നാടൻ കുട്ടികൾ' സ്വപ്നം കാണേണ്ട ഒന്നല്ല ഇറാസ്മസ് എന്ന ചിന്തയിൽ ആ കാര്യം അതിന്‍റെ വഴിക്ക് വിട്ടു. സ്‌കോളർഷിപ്പ് പോർട്ടലുകളിൽ ഇറാസ്മസ് നോട്ടിഫിക്കേഷൻ പ്രത്യക്ഷപ്പെടുന്ന സമയങ്ങളിൽ പിന്നീട് പലപ്പോഴും ഇറാസ്മസ് സ്‌കോളേഴ്‌സിന്റെ ലിങ്ക്ഡ് ഇൻ പരിശോധിക്കുകയും അവരുടെ 'അർബൻ' 'എലീറ്റ്' പ്രൊഫൈലുകൾ കണ്ട് അപകർഷത തോന്നി അതിനായുള്ള ശ്രമങ്ങൾ മുളയിലേ നുള്ളിക്കളയകയും ചെയ്തു പോന്നു.

സഹജമായ അപകർഷത അക്കാദമികവും വ്യക്തികതവുമായ ജീവിതത്തിലെന്നും കൂടെയുണ്ടായിരുന്നെങ്കിലും ശുഭാപ്‌തി വിശ്വാസവും സഹാനുഭൂതിയും കൈമുതലാക്കിയ കുറേയധികം ആളുകൾ ചുറ്റുമുണ്ടായതിന്‍റെ ഫലം കൊണ്ട് മാത്രം ഇറാസ്മസ് പ്രോഗ്രാമിൽ എത്തിപ്പെട്ട ഒരുവന്‍റെ കുറിപ്പാണിത്. ശരിയായ വിവരങ്ങൾ, കൃത്യമായ സമയങ്ങളിൽ ലഭിച്ചാൽ വളരെയെളുപ്പം നേടാൻ കഴിയുന്നതാണ് ഇറാസ്മസ് സ്‌കോളർഷിപ്പ് അടക്കമുള്ള മിക്ക വിദേശ ഫെല്ലോഷിപ്പുകളും എന്ന പോയിന്‍റിലേക്ക് പ്രിയപ്പെട്ട വിദ്യാർഥികളെ കൊണ്ടുവരിക എന്ന് മാത്രമാണ് ഈ കുറിപ്പിന്റെ ഉദ്ദേശം.

ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം

സാധാരണ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ നിന്ന് വ്യത്യസ്തമായി മൂന്നോ അതിലധികമോ സർവകലാശാലകൾ ഭാഗമായ കൺസോർഷ്യങ്ങൾ നടത്തുന്ന ജോയിന്റ് മാസ്റ്റേഴ്സ് കോഴ്‌സുകളാണ് ഇറാസ്മസ് ജോയിന്റ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ഇൻഫർമേഷൻ ടെക്‌നോളജി, നിയമപഠനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 171 കോഴ്‌സുകൾ ഈ പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മിടുക്കരായ വിദ്യാർഥികളെ യൂറോപ്പിലേക്ക് ആകർഷിക്കാൻ ആരംഭിച്ച ഈ പദ്ധതിക്ക് യൂറോപ്യൻ യൂണിയനാണ് സാമ്പത്തിക സഹായം ചെയ്യുന്നത്.

നാല് സെമസ്റ്റർ ദൈർഘ്യമുള്ള ഈ കോഴ്സുകളിൽ വിദ്യാർഥികൾക്ക് കൺസോർഷ്യത്തിന്റെ ഭാഗമായ വിവിധ രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠനം നടത്താനുള്ള അവസരമാണ് ലഭിക്കുക. പ്രോഗ്രാമിന്റെ ഘടനയനുസരിച്ച് സെമസ്റ്റർ അടിസ്ഥാനത്തിലോ വാർഷികാടിസ്ഥാനത്തിലോ കൺസോർഷ്യത്തിന്റെ ഭാഗമായ രണ്ട് മുതൽ നാല് വരെ രാജ്യങ്ങൾ വിദ്യാർഥികൾക്ക് തെരെഞ്ഞെടുക്കാനാവും.

ഉദാഹരണത്തിന് 'മൈഗ്രെഷൻ & ഇന്റർ-കൾച്ചറൽ റിലേഷൻസ്' എന്ന പ്രോഗ്രാം എട്ട് സർവ്വകലാശാലകൾ ചേർന്നിട്ടുള്ള കൺസോർഷ്യം ആണ് നടത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളായ ജർമനി, നോർവേ, ചെക്ക് റിപ്പബ്ലിക്ക്, സ്ലൊവീനിയ, ഏഷ്യയിൽ നിന്നും ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങളായ ഉഗാണ്ട, സുഡാൻ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ ഈ എട്ട് സർവകലാശാലകളിൽ നിന്നും വിദ്യാർഥികൾക്ക് അവരുടെ താല്പര്യത്തിനനുസരിച്ച് നാല് സർവ്വകലാശാലകളിൽ പഠിക്കാം. ഇതിന് പുറമെ പ്രോഗ്രാമിന്‍റെ ഭാഗമായ യു.എൻ സംഘടനകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ ഇന്‍റേൺഷിപ് ചെയ്യാനുള്ള അവസരവും വിദ്യാർഥികൾക്ക് ലഭിക്കും.





വൈവിധ്യങ്ങളുടെ പറുദീസ

ഇറാസ്മസ് പ്രോഗ്രാമുകളെ മറ്റു വിദേശ പഠന പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം ക്ലാസ് റൂമുകളിലെ വൈവിധ്യമാണ്. അന്റാർട്ടിക്ക, ആസ്‌ട്രേലിയ എന്നീ വൻകരകൾ ഒഴികെയുള്ള മറ്റെല്ലാ വൻകരകളിൽ നിന്നുമുള്ള സഹപാഠികളാണ് ഞങ്ങളുടെ ക്ലാസിലുള്ളത്. അവരുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക, ഭാഷ വൈവിധ്യങ്ങളിൽ നിന്ന് മാത്രമല്ല, അവരുടെ പ്രൊഫഷണൽ പശ്ചാത്തലങ്ങളിൽ നിന്ന് കൂടി നമുക്ക് പ്രതിഫലദായകമായ ഒത്തിരി പഠനാനുഭവം ഉണ്ടാകും. കുടിയേറ്റവും, ബഹു-സാംസ്കാരിക ബന്ധങ്ങളും, അഭയാർഥികളുമൊക്കെ പഠനവിഷയങ്ങളായ ഞങ്ങളുടെ ക്ലാസിൽ വിവിധ അന്താരാഷ്‌ട്ര സംഘടനകളിൽ പ്രവൃത്തി പരിചയമുള്ളവർ, സൈക്കോളജിസ്റ്റുകൾ, വക്കീൽ, അധ്യാപന പരിചയമുള്ളവർ തുടങ്ങി ഉക്രൈനിൽ നിന്നുള്ള അഭയാർഥി വരെയുണ്ട്. ക്ലാസ് റൂമിലെ ചർച്ചകളിലും ഗ്രൂപ്പ് വർക്കുകളിലും ഇവർ കൊണ്ടുവരുന്ന അനുഭവജ്ഞാനങ്ങൾ വിലമതിക്കാനാവാത്തതാണ്.

അധ്യാപകരിലെ വൈവിധ്യം മറ്റൊരു പ്രത്യേകതയാണ്. ഒരു സെമസ്റ്ററിൽ തന്നെ നിങ്ങൾക്ക് പല രാജ്യങ്ങളിൽ നിന്നുള്ള പ്രഫസർമാരുടെ കൂടെ പഠിക്കാം. ആദ്യ മോഡ്യൂളിലെ പ്രൊജക്റ്റിൽ സുഡാനിലെയോ സ്ലൊവീനിയയിലെയോ സർവകലാശാല പ്രഫസർ നിങ്ങളുടെ സൂപ്പർവൈസറാവുകയും രണ്ടാമത്തെ മോഡ്യൂളിൽ ഇംഗ്ലണ്ടിലെയോ ഉഗാണ്ടയിലെയോ മറ്റൊരു പ്രഫസർ നിങ്ങൾക്ക് റിസേർച്ച് ക്ളാസെടുക്കുന്നതും സങ്കൽപ്പിക്കുക. ഗവേഷണ സ്ഥാപനങ്ങളിലെ സീനിയർ ഗവേഷകരും നയരൂപീകരണ വിദഗ്ധരുമൊക്കെ അധ്യാപകരായെത്തുന്നത് അറിവുത്പാദനത്തിന്റെ വ്യത്യസ്താനുഭങ്ങളാണ് നിങ്ങൾക്ക് മുന്നിൽ തുറന്ന് തരാൻ പോവുന്നത്. വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിസരങ്ങളിൽ നിന്നുള്ള അക്കാദമിക 'കൾച്ചർ' നേരിട്ടനുഭവിക്കാനുള്ള അവസരം കൂടിയാണിത്.

ഇറാസ്മസ് കാറ്റലോഗ്

മുഴുവൻ കോഴ്‌സുകളുടെയും വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ച കാറ്റലോഗ് https://www.eacea.ec.europa.eu/scholarships/erasmus-mundus-catalogue_en എന്ന ലിങ്ക് വഴി സന്ദർശിക്കാവുന്നതാണ്. വിദ്യാർഥികളുടെ താല്പര്യത്തിനനുസരിച്ച് കോഴ്‌സുകൾ സെർച്ച് ചെയ്യാൻ സൗകര്യമുണ്ട്. ഈ കാറ്റലോഗ് പരിശോധിച്ച് അഭിരുചിക്കനുസരിച്ചുള്ള കോഴ്‌സുകൾ തെരഞ്ഞെടുക്കുക എന്നതാണ് ആദ്യ സ്റ്റെപ്പ്. കാറ്റലോഗിൽ നൽകിയിട്ടുള്ള ലിങ്ക് വഴി അതാത് പ്രോഗ്രാമുകളുടെ വെബ്‌സൈറ്റിലേക്ക് ചെന്നുകഴിഞ്ഞാൽ അപേക്ഷ തീയതി, സിലബസ്, പ്രോഗ്രാമിന്റെ ഭാഗമായ രാജ്യങ്ങൾ തുടങ്ങി കോഴ്‌സിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കും.

യോഗ്യത, രേഖകൾ, അപേക്ഷ സമർപ്പണം

മിക്ക കോഴ്‌സുകൾക്കും ബിരുദമാണ് അടിസ്ഥാന യോഗ്യതയെങ്കിലും ജോലി പരിചയം ആവശ്യമുള്ള കോഴ്‌സുകളുമുണ്ട്. യോഗ്യതയും താല്പര്യവുമനുസരിച്ച് എത്ര കോഴ്‌സുകൾക്ക് വേണമെങ്കിലും വിദ്യാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പണം പൂർണ്ണമായും സൗജന്യമാണ്. പൂർണമായും ഓൺലൈൻ വഴി അതാത് പ്രോഗ്രാമുകളുടെ വെബ്സൈറ് വഴി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. കോഴ്‌സിനും സ്‌കോളർഷിപ്പിനും ഒറ്റ അപേക്ഷ നൽകിയാൽ മതി. സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (എസ്.ഒ.പി), സി.വി, അക്കാദമിക് സർട്ടിഫിക്കറ്റുകൾ, ഭാഷ പരിജ്ഞാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തുടങ്ങിയവയാണ് പ്രധാനമായും അപേക്ഷിക്കാൻ ആവശ്യമായിട്ടുള്ളത്. നിങ്ങളുടെ അക്കാദമിക്-പ്രഫഷണൽ പശ്ചാത്തലവും, അതിലൂടെ നിങ്ങൾ ആർജ്ജിച്ചെടുത്ത കഴിവുകളും, അപേക്ഷിക്കുന്ന കോഴ്‌സിൽ നിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങളും, നിങ്ങളുടെ കരിയർ അഭിലാഷങ്ങളും മറ്റും പ്രതിപാദിച്ച് നിങ്ങൾ എഴുതേണ്ട കുറിപ്പാണ് സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ് (എസ്.ഒ.പി). നിങ്ങളുടെ അക്കാദമിക്-പ്രഫഷണൽ കഴിവുകളെ കുറിച്ച് നിങ്ങളുമായി അടുത്ത് പ്രവർത്തിച്ച പ്രഫസർ അല്ലെങ്കിൽ സൂപ്പർവൈസർ എന്നിവർ എഴുതുന്നതാണ് റഫറൻസ് ലെറ്റർ. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിലാണ് സാധാരണ രീതിയിൽ അപേക്ഷ സമയം. സെപ്റ്റംബർ മാസത്തിലാണ് സാധാരണ രീതിയിൽ പുതിയ ബാച്ച് ക്ളാസുകൾ ആരംഭിക്കുക.





ഐ.ഇ.എൽ.ടി.എസ് നിർബന്ധമോ ?

വിദേശ പഠനം ആഗ്രഹിക്കുന്ന പല വിദ്യാർഥികൾക്കും മുന്നിൽ വില്ലനായെത്തുന്ന ഒന്നാണ് ഐ.ഇ.എൽ.ടി.എസ്. ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം പരിശോധിക്കാനുള്ള ഈ ടെസ്റ്റ് ചിലവേറിയതും സമയം ഏറെ ആവശ്യമുള്ളതുമാണ്​. എന്നാൽ ഇംഗ്ലീഷ് മാധ്യമത്തിൽ സർവകലാശാല പഠനം നടത്തിയിട്ടുള്ള വിദ്യാർഥികൾക്ക് ഐ.ഇ.എൽ.ടി.എസ് ഇല്ലാതെ തന്നെ അപേക്ഷിക്കാൻ സാധിക്കുന്ന കോഴ്‌സുകളും ഇറാസ്മസിൽ ലഭ്യമാണ്. ഇന്ത്യയിലെ സർവകലാശാല വിദ്യാഭ്യാസം ഇംഗ്ലീഷിലായത് കൊണ്ട് തന്നെ ഈ ഇളവ് ഇറാസ്മസിനെ സാധാരണക്കാർക്കും പ്രാപ്യമാവുന്ന ഒന്നായി മാറ്റും. നിങ്ങളുടെ ഡിഗ്രി ഇംഗ്ലീഷ് മീഡിയത്തിലുള്ളതാണെന്ന് തെളിയിക്കാൻ സർവകലാശാല അല്ലെങ്കിൽ സ്ഥാപന മേധാവി നൽകുന്ന രേഖ സമർപ്പിക്കുക വഴി ഐ.ഇ.എൽ.ടി.എസ് ടെസ്റ്റിൽ നിന്നും ഇളവ് ലഭിക്കും. പല കോഴ്‌സുകളും ഈ ഇളവ് നൽകുന്നുവെങ്കിലും ഐ.ഇ.എൽ.ടി.എസ് നിർബന്ധമായിട്ടുള്ള കോഴ്‌സുകളാണ് കൂടുതലും. ഭാഷ പരിജ്ഞാനവുമായി ബന്ധപ്പെട്ട യോഗ്യതകൾ അതാത് പ്രോഗ്രാം വെബ്‌സൈറ്റുകൾ സന്ദർശിച്ച് പരിശോധിക്കാവുന്നതാണ്.

തെരെഞ്ഞെടുപ്പ് രീതി

ഓരോ പ്രോഗ്രാമുകളും വ്യത്യസ്ത കൺസോർഷ്യങ്ങളാണ് നടത്തുന്നതെന്ന് നേരത്തെ പറഞ്ഞുവല്ലോ. യോഗ്യതകൾ നിർണയിക്കുന്നതും തെരഞ്ഞെടുപ്പ് രീതി നിശ്ചയിക്കുന്നതുമൊക്കെ ഈ കൺസോർഷ്യമാണ്. അക്കാദമിക് നേട്ടങ്ങളോടൊപ്പം തന്നെ ബന്ധപ്പെട്ട മേഖലയിൽ നിങ്ങളുടെ നോൺ-അക്കാദമിക് ഇടപഴകലുകലും പ്രധാനമാണ്. ഇതൊക്കെയും നിങ്ങളുടെ സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസിൽ കൃത്യമായി പ്രതിപാദിക്കുകയും വേണം.

അക്കാദമിക് പെർഫോമൻസ്, സ്റ്റേറ്റ്മെന്റ് ഓഫ് പർപ്പസ്/ മോട്ടിവേഷൻ ലെറ്റർ, സി.വി, റഫറൻസ് ലെറ്റർ തുടങ്ങിയവയൊക്കെയും പരിശോധിച്ചാണ് ഷോർട്ട്‌ലിസ്റ്റിംഗ് നടത്തുക. പ്രോഗ്രാമിന്റെ സ്വഭാവമനുസരിച്ച് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചില കോഴ്‌സുകൾക്ക് ഓൺലൈൻ അഭിമുഖം ഉണ്ടാവും. അപേക്ഷിക്കുന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട മേഖലയിൽ ഇന്റേൺഷിപ്പ്, സർട്ടിഫിക്കറ്റ് കോഴ്‌സുകൾ, വിന്റർ/സമ്മർ സ്‌കൂളുകൾ, വർക്ക്ഷോപ്പുകൾ, കോണ്ഫറന്സുകൾ എന്നിവ നിങ്ങളുടെ വിജയ സാധ്യത ഉയർത്തുന്ന പൊതുവായ കാര്യങ്ങളാണ്.

സ്‌കോളർഷിപ്പ്

ബിരുദാനന്തര ബിരുദ പഠനത്തിന് ലോകത്തെ തന്നെ ഏറ്റവും ഉദാരമായ സ്കോളർഷിപ്പാണ് ഇറാസ്മസ് മുണ്ടസ്. കോഴ്സ് ഫീസിൽ പൂർണമായ ഇളവ് നൽകുന്നതിന് പുറമെ പ്രോഗ്രാം കാലയളവിൽ (24 മാസം) നിങ്ങൾക്കുള്ള ഹെൽത്ത് ഇൻഷുറൻസ്, പ്രതിമാസം 1400 യൂറോ സ്റ്റൈപ്പന്റ് എന്നിവയുമാണ് ഫുൾ സ്‌കോളർഷിപ്പ് ഹോൾഡർമാർക്ക് ലഭിക്കുക.

ഫർസീൻ അലി പി.വി 
യൂറോപ്യൻ മാസ്റ്റേഴ്സ് ഇൻ മൈഗ്രെഷൻ & ഇന്റർ-കൾച്ചറൽ റിലേഷൻസ്
Erasmus Mundus Batch 2022-24
Carl von Ossietzky Universität Oldenburg, Germany
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Study abroadErasmus Mundus
News Summary - Erasmus Mundus; Now common people can dream of studying in Europe
Next Story