സൈബർ കെണികളെ കുറിച്ച് ഡോ. ധന്യ മേനോൻ സംവദിക്കും
text_fieldsഇന്ത്യയിലെ ആദ്യ വനിതാ സൈബർ ക്രൈം വിദഗ്ധയായ ഡോ. പട്ടത്തിൽ ധന്യ മേനോൻ എജൂകഫേയിൽ 'സൈബർ സുരക്ഷ: അപകടങ്ങളും സുരക്ഷാ മുൻകരുതലുകളും' എന്ന തലക്കെട്ടിൽ സംവദിക്കാനെത്തുന്നു. ബിസിനസ് സ്ഥാപനങ്ങളും സ്കൂളുകളും കുടുംബങ്ങളും എല്ലാം ഓൺലൈനിൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട കാലത്ത് അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങൾ അനുഭവത്തിന്റെ വെളിച്ചത്തിൽ ഇവർ അവതരിപ്പിക്കും. ഓൺലൈൻ പഠനം, ഇന്റർനെറ്റ് ബാങ്കിങ്, ഓൺലൈൻ സ്വകാര്യത, സ്പാം, ഹാക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും അറിയേണ്ടതെല്ലാം ഈ സെഷനിലൂടെ മനസ്സിലാക്കാനാവും.
ഇന്ത്യ ഗവൺമെന്റിന് കീഴിലെ സൈബർ ക്രൈം അന്വേഷണ വിഭാഗവുമായി സഹകരിക്കുന്ന ധന്യ മേനോൻ പ്രമാദമായ നിരവധി കേസുകൾ തെളിയിക്കുന്നതിൽ ബാഗമായിട്ടുണ്ട്. തൃശൂരിലെ അവൻസോ സൈബർ സെക്യൂരിറ്റി സൊലൂഷൻസ് എന്ന സ്ഥാപനത്തിന്റെ എം.ഡിയാണ്. നർത്തകി കൂടിയായ ഇവർ രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കുച്ചിപ്പുടി അവതരിപ്പിച്ചിട്ടുണ്ട്.