Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightആത്മവിശ്വാസത്തോടെ...

ആത്മവിശ്വാസത്തോടെ പൊതുപരീക്ഷയിൽ സ്റ്റാറാവാം

text_fields
bookmark_border
ആത്മവിശ്വാസത്തോടെ പൊതുപരീക്ഷയിൽ സ്റ്റാറാവാം
cancel

ഇത് പരീക്ഷാക്കാലം, എസ്.എസ്.എൽ.സി പൊതുപരീക്ഷ നാളെയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകൾ മറ്റന്നാളും ആരംഭിക്കുകയാണ്. കോവിഡിനാൽ രണ്ട് വർഷക്കാലം ഓൺലൈനിൽ അധ്യയനം നടന്ന ബാച്ചാണ് പൊതു പരീക്ഷയെ സമീപിക്കുന്നത്. പുതിയ വിദ്യാഭ്യാസ സമീപനങ്ങൾ പരീക്ഷാ പിരിമുറുക്കം ഏറെ കുറച്ചിട്ടുണ്ടെങ്കിലും വിദ്യാർഥി സമൂഹവും രക്ഷിതാക്കളും അധ്യാപകരും പൂർണമായി അതിൽ നിന്നും മോചിതരല്ല. മാർക്കിന് പകരം ഗ്രേഡുകൾ വന്നതും റാങ്കുകൾ ഒഴിവാക്കിയതും പരീക്ഷാ പേടിയിൽ കുറവു വരുത്തിയിട്ടുണ്ട്. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭ്യമാകുന്നതിലാണ് രക്ഷിതാക്കളുടെ ഇപ്പോഴത്തെ അങ്കലാപ്പ്. പരീക്ഷാക്കാലത്ത് അവധിയെടുത്ത് കുട്ടികളെ സഹായിക്കാനൊരുങ്ങുന്ന രക്ഷിതാക്കളെ നമ്മുടെ സമൂഹത്തിൽ ധാരാളമായി കണ്ടുവരുന്നു. മുൻകാലത്ത് അഭിമുഖീകരിച്ച പരീക്ഷകളെ വെച്ച് നോക്കുമ്പോൾ ഇന്നത്തെ പരീക്ഷ സമ്പ്രദായം എത്രയോ ലളിതമാണ്. 210 മാർക്ക് നേടി പത്താംതരം കടക്കുക എന്നത് അക്കാലത്ത് ഏറെ പ്രയാസകരമായിരുന്നു. ഭാഷാ ഗ്രൂപ്പിന് 90ഉം മറ്റു വിഷയങ്ങളുടെ ഗ്രൂപ്പിന് 120ഉം ലഭ്യമാക്കുക മാത്രമല്ല, മിനിമം ഒരു വിഷയത്തിൽ 10 മാർക്ക് നിർബന്ധവുമായിരുന്നു. 60 ശതമാനം മാർക്കിന് ഫസ്റ്റ് ക്ലാസും 80 ശതമാനത്തിന് മുകളിൽ ഡിസ്റ്റിങ്ഷനും റാങ്ക് സമ്പ്രദായവും ഒക്കെ അന്നത്തെ ഹൈലൈറ്റായിരുന്നു.

ജീവിതത്തിൽ എത്രയോ പരീക്ഷകൾ നേരിട്ടവരാണ് നാമെന്ന് കുട്ടികൾ തിരിച്ചറിയണം. നിങ്ങൾ എഴുതിക്കഴിഞ്ഞ പരീക്ഷകളെക്കുറിച്ച് ആലോചിച്ചു നോക്കൂ... ഇത്രയേറെ പരീക്ഷകൾ എഴുതിക്കഴിഞ്ഞ നിങ്ങൾ അനുഭവത്തിലൂടെ തന്നെ പരീക്ഷയെ നേരിടേണ്ടതെങ്ങനെയെന്ന ധാരണ കൈവന്നിട്ടുണ്ടാകും. പരീക്ഷയെ വളരെ സ്വാഭാവികമായി നേരിടാൻ കഴിയണം. നമ്മുടെ ദിനചര്യയിൽ പരീക്ഷാക്കാലത്ത് വലിയ മാറ്റങ്ങൾ വരുത്താതിരിക്കുന്നതാണ് നല്ലത്. സമയാസമയം ഭക്ഷണം കഴിക്കുകയും സമയത്ത് തന്നെ ഉറങ്ങുകയും സാധാരണ പോലെ നേരത്തെ ഉണരുകയും വേണം. രാത്രി ഏറെ സമയം വായിച്ച് ശീലമില്ലാത്തവർ, പരീക്ഷാ കാലത്ത് വൈകിയുറങ്ങുന്നത് തലവേദനക്കും ശാരീരികാസ്വാസ്ഥ്യങ്ങൾക്കും കാരണമാകാം. മുഴുവൻ പേടിയും പുറത്ത് കളഞ്ഞ് മനസ്സിനെ സ്വതന്ത്രമാക്കുക. എനിക്ക് നന്നായി പരീക്ഷയെഴുതാനാകുമെന്ന് മനസ്സിനെ ആവർത്തിച്ച് ബോധ്യപ്പെടുത്തുക. ഒരു ടൈം ടേബിൾ തയാറാക്കുക. പരീക്ഷക്ക് അവസാന മിനുക്കു പണികൾ നടത്താനുള്ള കുറഞ്ഞ സമയമേ നമ്മുടെ പക്കലുള്ളൂ. അതിനാൽ സമയം നഷ്ടപ്പെടുത്തുകയേ അരുത്. പക്ഷേ ആവശ്യത്തിന് വിശ്രമവും വിനോദവുമൊക്കെ വേണമെന്നത് മറക്കരുത്. പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം നൽകണം. ഓരോ വിഷയങ്ങൾക്കും ആവശ്യമായ ഇടവേളകൾ നൽകാം. ഏത് സമയയമാണ് പഠനത്തിന് അനുയോജ്യമെന്നത് വ്യക്തികേന്ദ്രീകൃതമാണ്. നേരത്തെ ഉറങ്ങുകയും കഴിയുന്നത്ര നേരത്തെ എഴുന്നേറ്റ് പഠിക്കുകയും ചെയ്യുന്നതാണ് നല്ലത്. കൂടുതൽ ആശ്വാസം തോന്നുന്ന സമയവും സ്ഥലവും പഠിക്കാൻ തെരഞ്ഞെടുക്കാൻ ശ്രമിക്കുക. വെളിച്ചവും വായുവും ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥലമായിരിക്കണം പഠനത്തിന് തെരെഞ്ഞെടുക്കേണ്ടത്. കിടക്കയിലോ കസേരയിലോ കിടന്നു കൊണ്ട് പഠിക്കരുത്. സ്പൈനൽ കോഡ് നേരെ നിൽക്കുന്ന രൂപത്തിൽ നിവർന്നിരുന്ന് പഠിക്കുക. പഠനത്തിനാവശ്യമായ സാമഗ്രികൾ വായനക്ക് മുമ്പ് സമീപത്ത് ക്രമീകരിച്ച് വെക്കുക. സമയനഷ്ടം ഒഴിവാക്കാൻ ഇത് സഹായിക്കും. ആവശ്യാനുസരണം കുടിവെള്ളവും കരുതണം. സമവാക്യങ്ങളും, ചിത്രങ്ങളും, പ്രധാന പോയന്റുകളും വളരെ ചുരുക്കത്തിൽ കുറിച്ചുവെക്കുക. മുഴുവൻ പേജുകളും ആവർത്തിച്ചു വായിക്കാതെ കുറഞ്ഞ സമയം കൊണ്ട് റിവൈസ് ചെയ്യാൻ ഇത് ഉപകരിക്കും. പരീക്ഷക്ക് തൊട്ടുമുമ്പുള്ള രാത്രി നന്നായി ഉറങ്ങുക. കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങിയാൽ കൂടുതൽ ഉന്മേഷവും പരീക്ഷയിൽ മെച്ചപ്പെട്ട സ്കോർ നേടാനും സഹായകമാവും. മന:പാഠമാക്കുന്നതിനു പകരം, മനസ്സിലാക്കി പഠിക്കുകയാണ് വേണ്ടത്. ചോദ്യ മാതൃകകൾ നോക്കി തയാറെടുപ്പ് നടത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

പരീക്ഷ ദിവസം എഴുതുന്ന ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതിന്റെ 15 മിനിറ്റ് മുമ്പെങ്കിലും സ്കൂളിലെത്തുക. തനിക്കനുവദിച്ച പരീക്ഷാ ഹാളും രജിസ്റ്റർ നമ്പർ അനുസരിച്ചുള്ള സീറ്റും കണ്ടുപിടിക്കുക. ഫസ്റ്റ് ബെല്ലിനു തന്നെ ഹാളിൽ കയറാൻ ശ്രമിക്കുക. ഇൻവിജിലേറ്ററുടെ നിർദേശങ്ങൾ ശ്രദ്ധിക്കുക. ചോദ്യപേപ്പർ ലഭിക്കുന്നതിന് മുമ്പായി പ്രാർഥിക്കുകയും ശ്വാസഗതി നേരെയാക്കുന്നതിന് മെഡിറ്റേഷൻ നൽകുകയും ചെയ്യാവുന്നതാണ്. പരീക്ഷ എഴുതുന്നതിന് മുമ്പുള്ള കൂൾ ഓഫ് ടൈം വെറുതെ തരുന്നതല്ല. ചോദ്യപേപ്പറിലെ നിർദേശങ്ങൾ മുഴുവൻ ശ്രദ്ധാപൂർവം വായിച്ച ശേഷം, ചോദ്യങ്ങളുടെ വായനക്കും ഉത്തരമെഴുത്തിന്റെ ആസൂത്രണത്തിനും ഈ സമയം പ്രയോജനപ്പെടുത്തണം. ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ എണ്ണം, വിവിധ സെക്ഷനുകളിലുള്ള മാർക്കിന്റെ തോത്, അനുവദിച്ചിരിക്കുന്ന സമയം എന്നിവയെ സംബന്ധിച്ച് ധാരണ ഉണ്ടാക്കുക. ചോദ്യത്തിൽ നിന്ന് ഏത് തരത്തിലുള്ള ഉത്തരമാണ് പ്രതീക്ഷിക്കുന്നതെന്ന് മനസ്സിലാക്കുക. ഓരോ ചോദ്യത്തിനും ഉള്ള സമയം, മാർക്ക് എന്നിവ ഉത്തരമെഴുതുമ്പോൾ പരിഗണിക്കണം. മാർക്കിന്റെ വിഹിതത്തിനനുസരിച്ച് മാത്രമേ ഉത്തരമെഴുതാവൂ, വാരിവലിച്ച് എഴുതുന്ന രീതി ഒഴിവാക്കുക. അനുവദിക്കപ്പെട്ട സമയത്തിന് പത്തു മിനിറ്റ് മുമ്പെങ്കിലും ഉത്തരമെഴുതിത്തീർക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഉത്തരക്കടലാസ് പരിശോധകനിൽ നല്ല അഭിപ്രായം ഉണ്ടാകുന്ന രീതിയിൽ വൃത്തിയിലും ക്രമത്തിലും ആയിരിക്കണം ഉത്തരമെഴുതേണ്ടത്. നന്നായി അറിയുന്നവ ആദ്യം എഴുതുക. പരിശോധകൻ ഉത്തരത്തിനായി നിങ്ങളുടെ പേപ്പർ സ്കാൻ ചെയ്യുമ്പോൾ പ്രധാന പോയന്റുകൾ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ അടിവരനൽകുകയും ചെയ്യുക. കൈയക്ഷരം പരമാവധി മെച്ചപ്പെടുത്തുവാൻ ശ്രദ്ധിക്കുക. മറ്റൊരാൾക്ക് വായിച്ച് മാർക്കിടാൻ വേണ്ടിയാണ് നിങ്ങൾ എഴുതുന്നത് എന്ന തോർക്കുക. നന്നായി അറിയുന്ന ഉത്തരങ്ങൾ കൊണ്ട് തുടങ്ങിയാൽ സ്വാഭാവികമായും അത്ര അറിയാത്ത അവസാന ചോദ്യങ്ങൾക്ക് മാർക്ക് കുറയാതിരിക്കുകയും ഒരു ഇമ്പ്രഷൻ നേടിയെടുക്കാൻ കഴിയുകയും ചെയ്യും. വിശദമായി ഉത്തരമെഴുതുമ്പോൾ, ഉത്തരം പൂർണമായില്ല എന്ന തോന്നലുണ്ടാവുമ്പോൾ ഒന്നോ രണ്ടോ വരികൾ വിടുന്നത് പിന്നീട് വിട്ടു പോയ പോയന്റുകൾ കൂട്ടിച്ചേർക്കാൻ സഹായകരമാകും. സിലബസിന് പുറത്തു നിന്ന് ചോദ്യങ്ങൾ വന്നാൽ ക്രമനമ്പർ രേഖപ്പെടുത്തി അറിയാവുന്ന വിവരങ്ങൾ രേഖപ്പെടുത്തുക. ഉത്തരമെഴുതാൻ ശ്രമിച്ചവർക്കേ ഇത്തരം അവസരത്തിൽ മാർക്ക് ലഭിക്കൂ. ചോദ്യപേപ്പർ പ്രയാസപ്പെട്ടതാണെകിൽ നിരാശപ്പെടേണ്ടതില്ല, എല്ലാവർക്കും ഒരേ ചോദ്യപേപ്പർ ആണെന്ന് മനസ്സിലാക്കി ശ്രദ്ധിച്ച് ഉത്തരമെഴുതുക. പരീക്ഷക്ക് അനുവദിക്കപ്പെട്ട സമയത്തിന് പത്ത് മിനുട്ട് മുമ്പെങ്കിലും എഴുതിത്തീർക്കുകയും അഡീഷനൽ പേപ്പറുകൾ ക്രമത്തിൽ നമ്പറിട്ട് അടുക്കിക്കെട്ടുകയും എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതി എന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്. ഒരു തരത്തിലുമുള്ള ക്രമക്കേടുകൾക്കും മുതിരരുത്. നന്നായി പഠിച്ചവകൂടി എഴുതാനാകാതെ വരും. അത് നിങ്ങളുടെ ഭാവിയെ അപകടപ്പെടുത്തുകയും ചെയ്യും. രജിസ്റ്റർ നമ്പരും മറ്റു വിവരങ്ങളും എഴുതിയിട്ടുണ്ട് എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഉത്തരകടലാസ് ഇൻവിജിലേറ്റർക്ക് കൈമാറാവൂ.

പരീക്ഷാക്കാലത്ത് രക്ഷിതാക്കളുടെ അസഹനീയമായ ഇടപെടൽ കുട്ടികളിൽ പഠനമടുപ്പ് ഉളവാക്കുന്നു. കുട്ടിയുമായി തുറന്നു സംസാരിക്കാനാണ് രക്ഷിതാക്കൾ ആദ്യം സമയം ചിലവഴിക്കേണ്ടത്. കുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്താണെന്നും പ്രശ്ന പരിഹാരം സാധ്യമാണെന്നും രക്ഷിതാവ് കുട്ടിയെ ബോധ്യപ്പെടുത്തുമ്പോൾ അവരിൽ സുരക്ഷിത ബോധവും ആത്മവിശ്വാസവും വർധിക്കും. കഴിഞ്ഞ പരീക്ഷയുടെ പോസ്റ്റ്മോർട്ടം നടത്താതെ, അടുത്ത പരീക്ഷക്ക് നന്നായി ഒരുങ്ങാനുള്ള മാനസികോല്ലാസം നൽകുക. സമയം കിട്ടുമ്പോഴൊക്കെ അവരോടൊപ്പം ഇരിക്കുകയും സപ്പോർട്ട് നൽകുകയും ചെയ്യുക. കുട്ടികൾക്ക് ഭക്ഷണവും ഉറക്കവുമെല്ലാം സാധാരണപോലെ ക്രമീകരിച്ച് നൽകണം. പരീക്ഷക്കാലത്ത് രക്ഷിതാക്കൾ ടി.വിയിലും വിനോദ പരിപാടികളിലും മുഴുകുകയും കുട്ടികൾക്ക് അത് നിഷേധിക്കുകയും ചെയ്യരുത്. കുട്ടികൾ പരീക്ഷാഹാളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഹാൾ ടിക്കറ്റും പരീക്ഷാ ഉപകരണങ്ങളും അവർ എടുത്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുകയും, പറ്റുമെങ്കിൽ ഒരു മധുരം (ചോക്കളേറ്റ്) നൽകി കെട്ടിപ്പിടിച്ച് നെറുകയിൽ ഒരുമ്മ നൽകുകയും ചെയ്യുന്നതോടെ കുട്ടിക്ക് ഒരു പോസിറ്റീവ് എനർജി കൈവരിക്കാൻ സാധിക്കും.

മികച്ച വിജയശതമാനം ലക്ഷ്യമിടുന്ന സ്കൂൾ അധികൃതരും അധ്യാപകരും പരീക്ഷാക്കാലത്ത് കുട്ടികളിൽ മാനസിക സമ്മർദം ഉണ്ടാക്കുന്ന രീതിയിലുള്ള ഇടപെടൽ നടത്താതിരിക്കുന്നതാണ് മികച്ച വിജയശതമാനം ലഭ്യമാക്കുവാൻ നല്ലത്. മികച്ച പഠന നിലവാരം പുലർത്തുന്ന വിദ്യാർഥികളിൽ വലിയ പ്രതീക്ഷ പുലർത്തുന്നതാണ് അധ്യാപകരിൽ മാനസിക സമ്മർദം ഉണ്ടാക്കുന്നത്. സ്കൂളിന്റെ പേരും പെരുമയുമാണ് അവരുടെ ലക്ഷ്യം. ശരാശരി നിലവാരമുള്ളവരും അതിൽ താഴെ നിലവാരം ഉള്ളവരുമായ വിദ്യാർഥികളുടെ പരീക്ഷാഫലത്തെ കുറിച്ചുള്ള ആശങ്കകൾ, ആത്യന്തികമായി ബാധിക്കുന്നത് സ്കൂൾ അധികൃതരേയും അധ്യാപകരെയുമാണ്. അതുകൊണ്ടുതന്നെ എത് നേരവും അവർ ഈ കുട്ടികളെ വേവിച്ചെടുക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. പഠന നിലവാരത്തിന്റെ പേരിൽ കുട്ടികളോട് ഒരു കാരണവശാലും അധ്യാപകർ പക്ഷഭേദം കാണിക്കാൻ പാടില്ല. ഓരോ വിദ്യാർഥിയെയും കൂടുതൽ മികച്ച രീതിയിൽ പഠിക്കാൻ പ്രേരിപ്പിക്കുക മാത്രമേ ചെയ്യാവൂ. അധ്യാപകരുടെ ശക്തമായ പിന്തുണയും പ്രോത്സാഹനവും ഉണ്ടെങ്കിൽ പoനനിലവാരം കുറഞ്ഞ കുട്ടികളും പഠനത്തിൽ താൽപര്യമില്ലാത്ത കുട്ടികളും വളരെ മികച്ച വിജയം നേടാൻ സാധ്യതയുണ്ട്.

10, 12 ക്ലാസ് പരീക്ഷകൾ ഒരു നാഴികക്കല്ല് അല്ല. എന്നാൽ, ജീവിതത്തിൽ അനേകം മൈലുകൾ താണ്ടുന്നതിനുള്ള ഒരു പ്രധാന കടമ്പ തന്നെയാണ്. നിങ്ങൾ ഈ പരീക്ഷയിൽ 90 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ ചെയ്തത്കൊണ്ട് നിങ്ങൾ ഒരു ഹീറോ ആകണമെന്നില്ല. അല്ലെങ്കിൽ 50 ശതമാനം സ്കോർ ചെയ്തത് കൊണ്ട് നിങ്ങൾ സീറോയുമാകുന്നില്ല. പരീക്ഷ ബോഡുകൾ നിങ്ങളുടെ എല്ലാ കഴിവുകളും ഒരിക്കലും പരിശോധിക്കുന്നില്ല. നിങ്ങളുടെ എല്ലാ കഴിവുകളും പരീക്ഷിക്കാൻ ഇത്തരം പരീക്ഷക്ക് കഴിയില്ല. അതു കൊണ്ടാണ് ജീവിത നൈപുണി വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം എന്ന് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നത്. എന്നാൽ, നിങ്ങൾ പരീക്ഷകൾക്കായി കഠിനാധ്വാനം ചെയ്യുന്നത് വഴി നിങ്ങളുടെ ആത്മാഭിമാനം വർധിക്കുകയും ഒരാളെ വളരെ അച്ചടക്കമുള്ള ഒരാളാക്കി മാറ്റാനും സാധിക്കുകയും ചെയ്യും. മാർക്ക് നേടുക എന്ന ലക്ഷൃം ചിലർക്ക് ഒരു പ്രചോദനമായേക്കാം. എന്നാൽ, മറ്റ് ചിലർക്ക് ഇത് പരിഭ്രാന്തിയുണ്ടാക്കാം. നിങ്ങളുടെ പ്രകടനങ്ങൾ മാതാപിതാക്കളെ സന്തോഷിപ്പിക്കാനല്ലെന്ന് ഓർക്കുക. ജീവിതത്തിലുടനീളം മാതാപിതാക്കൾ നിങ്ങളോടൊപ്പം നിൽക്കും. ഹയർ സെക്കൻഡറി തലത്തിലേക്കും കോളജിലേക്കുമുള്ള പ്രവേശനം പരീക്ഷക്കിടെ ചർച്ച ചെയ്യരുത്. മികച്ച വിജയം കൈവരിക്കുക എന്നതാണ് നിങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം. വിദ്യാർഥി-അധ്യാപക-രക്ഷിതാവ് കൂട്ടായ്മ പ്രാവർത്തികമാക്കിയാൽ സീറോയെ നമുക്ക് ഹീറോയാക്കി മാറ്റാനും നൂറുമേനി വിജയത്തോടൊപ്പം നൂറ് ഫുൾ എ പ്ലസ് നേടാനുമാവും. ഇനിയുള്ള ദിനങ്ങൾ അതിനു വേണ്ടിയുള്ളതാവട്ടെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Public ExamsAppear with confidence
News Summary - Appear in public exams with confidence
Next Story