ആർക്കിടെക്ചർ പി.ജി പ്രവേശന പരീക്ഷ; മേയ് 31, ജൂൺ 14, 28 തീയതികളിൽ
text_fieldsരാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ രണ്ടുവർഷത്തെ ‘എം.ആർക്’ പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ ഈ വർഷം ദേശീയതലത്തിൽ മേയ് 31, ജൂൺ 14, 28 തീയതികളിൽ മൂന്നു തവണകളായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് ഇൻ ആർക്കിടെക്ചറിൽ (പി.ജി.ഇ.ടി.എ-2026) പങ്കെടുക്കാം. ആദ്യ പരീക്ഷക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. ഓൺലൈനിൽ മേയ് 20 വരെ അപേക്ഷ സമർപ്പിക്കാം. രണ്ടാമത്തെ പരീക്ഷക്ക് ജൂൺ അഞ്ചു വരെയും മൂന്നാമത്തെ പരീക്ഷക്ക് ജൂൺ 15 വരെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.
‘പി.ജി.ഇ.ടി.എ 2026’ വിജ്ഞാപനവും വിവരണ പത്രികയും ഔദ്യോഗിക വെബ്സൈറ്റായ www.pgeta.inൽ ലഭിക്കും. ഒരാൾക്ക് ഈ മൂന്ന് പരീക്ഷകളും അഭിമുഖീകരിക്കാം. മികച്ച സ്കോർ പരിഗണിക്കും. യോഗ്യത: 50 ശതമാനം മാർക്കിൽ/തത്തുല്യ സി.ജി.പി.എയിൽ കുറയാതെ ആർക്കിടെക്ചർ ബിരുദം. അവസാനവർഷ ബി.ആർക് വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല.
അപേക്ഷാ ഫീസ് ഓരോ ടെസ്റ്റിനും ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് 1750 രൂപയും എസ്.സി/എസ്.ടി/ഇ.ഡബ്ല്യൂ.എസ്/ഭിന്നശേഷി വിഭാഗങ്ങൾക്ക് 1250 രൂപയും ട്രാൻസ്ജൻഡർ വിഭാഗത്തിന് 1000 രൂപയുമാണ്. അപേക്ഷയുടെ കൺഫർമേഷൻ പേജിന്റെ പ്രിന്റൗട്ട് എടുത്ത് റഫറൻസിനായി സൂക്ഷിക്കാം. പരീക്ഷാതീയതിയും സെന്ററും മുൻഗണനാ ക്രമത്തിൽ രജിസ്ട്രേഷൻ സമയത്ത് തെരഞ്ഞെടുത്ത് രേഖപ്പെടുത്താം.
പരീക്ഷ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ നാല് മൊഡ്യൂളുകൾ അടങ്ങിയ സിലബസാണുള്ളത്. മൊഡ്യൂൾ ഒന്ന്- ആർക്കിടെക്ചർ ആൻഡ് ഡിസൈൻ (64 ചോദ്യങ്ങൾ) മോഡ്യൂൾ രണ്ട്- ബിൽഡിങ് സയൻസ് ആൻഡ് അപ്ലൈഡ് എൻജിനീയറിങ് (14 ചോദ്യങ്ങൾ), മൊഡ്യൂൾ മൂന്ന്- പ്രഫഷനൽ ഇലക്ടീവ്സ് (6 ചോദ്യങ്ങൾ), മൊഡ്യൂൾ നാല്- പ്രഫഷനൽ എബിലിറ്റി ആൻഡ് സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകൾ (16 ചോദ്യങ്ങൾ). പരീരക്ഷാ ഘടനയും സിലബസും ടെസ്റ്റ് സെന്ററുകളുമെല്ലാം വിവരണ പത്രികയിലുണ്ട്. എറണാകുളം, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാവും.
സ്കോളർഷിപ്
പി.ജി.ഇ.ടി.എ 2026ൽ ഉന്നത വിജയം വരിക്കുന്ന 100 പേർക്ക് രണ്ടുവർഷത്തെ ആർക്കിടെക്ചർ പി.ജി പഠനത്തിന് പ്രതിവർഷം 25,000 രൂപ വീതം സ്കോളർഷിപ് ലഭിക്കും. പെർസൈന്റൽ സ്കോർ അടിസ്ഥാനത്തിലാണ് സെലക്ഷൻ.പി.ജി.ഇ.ടി.എ-2026 സ്കോറിന് ഈ അധ്യയനവർഷത്തെ പി.ജി പ്രവേശനത്തിന് മാത്രമാണ് പ്രാബല്യം. അന്വേഷണങ്ങൾക്ക് ഇ-മെയിൽ pgeta.support@nata.app.org. ഫോൺ: + 91 8956617579. ആർക്കിടെക്ചർ പി.ജി കോഴ്സ് നടത്തുന്ന അംഗീകൃത സ്ഥാപനങ്ങളുടെ പട്ടികയും പ്രവേശന നടപടിക്രമങ്ങളും www.coa.gov.inൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

