Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightഎൻജിനീയറിങ് ജോലികൾ...

എൻജിനീയറിങ് ജോലികൾ എ.​ഐ ഇല്ലാതാക്കുമെന്ന് ആന്ത്രോപിക് സി.ഇ.ഒ; പിന്നാലെ 500ഓളം എൻജിനീയർമാരെ ക്ഷണിച്ച് കമ്പനി

text_fields
bookmark_border
Dario Amodei
cancel

സാൻഫ്രാൻസിസ്കോ: മനുഷ്യജോലികൾക്ക് പകരം വെക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനാകുമോ? ഇപ്പോൾ ഇത് വെറുമൊരു ചർച്ച മാത്രമല്ല, പല ബഹുരാഷ്ട്ര കമ്പനികളിലും അതിന്റെ ചുവടുവെപ്പുകൾ നടത്തി കഴിഞ്ഞു. എ.ഐയുടെ അതിവേഗത്തിലുള്ള വളർച്ച മനുഷ്യ ജോലിക​ളിലേക്ക് എളുപ്പം കടന്നുകയറിക്കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനം എൻജിനീയറിങ് ജോലികളാണെന്നും അവ അടുത്തു​തന്നെ ഇല്ലാതാകുമെന്നും എ.ഐ കമ്പനിയായ ആ​ന്ത്രോപിക്കിന്റെ സി.ഇ.ഒ ഡാരിയോ അമോഡെ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, ആ മുന്നറിയിപ്പുകൾ ശക്തമായി തുടരുമ്പോഴും വൻ തോതിൽ എൻജിനീയർമാരെ നിയമിക്കുകയാണ് അദ്ദേഹത്തിന്റെ സ്വന്തം കമ്പനിയായ ആന്ത്രോപിക്.

ടെക്നിക്കൽ കരിയറുകളിൽ എ.ഐയുടെ സാന്നിധ്യത്തെക്കുറിച്ച് നിരന്തരം സംസാരിക്കുന്ന വ്യക്തിയാണ് അമോഡെ. എ.ഐ സിസ്റ്റങ്ങൾ പതിവ് കോഡിങ് ജോലികൾ കൈകാര്യം ചെയ്യാൻ പ്രാപ്തമാകുന്നതോടെ എൻട്രി ലെവൽ എൻജിനീയറിങ് റോളുകൾ ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അത്തരം റോളുകൾ എ.ഐ ഏറ്റെടുക്കുമെന്നും അതോടെ കോഡിങ് റോളുകളും ഇല്ലാതാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എൻജിനീയറിങ് ലീഡുകൾ ഇനി കോഡ് എഴുതില്ല. അത് സൃഷ്ടിക്കാൻ കമ്പനിയുടെ എ.​ഐ മോഡലുകളെ ആശ്രയിക്കും. പല കേസുകളിലും എ.ഐ ഉൽ‌പാദിപ്പിക്കുന്ന കാര്യങ്ങൾ അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യുക എന്നതിലേക്ക് എൻജിനീയർമാരുടെ പങ്ക് ചുരുങ്ങി. പല കമ്പനികളും കോഡിങ്ങിന്റെ ഭൂരിഭാഗവും എ.ഐകളെ ആശ്രയിച്ചാണെന്നും സമീപഭാവിയിൽ തന്നെ എല്ലാ കോഡുകളും എ.ഐ എഴുതുമെന്നും മനുഷ്യജോലി ആവശ്യമില്ലാതാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അമോഡെയുടെ പ്രസ്താവനകൾ വ്യാപകമായി പ്രചരിക്കുമ്പോഴും ആന്ത്രോപിക്കിൽ 429 എൻജിനീയറിങ് ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. കമ്പനിയുടെ ഔദ്യോഗിക കരിയർ സൈറ്റിൽ റിസർച്ച് എൻജിനീയർ, ഫുൾ സ്റ്റാക്ക് സോഫ്റ്റ്​വെയർ എൻജിനീയർ, പെർഫോമൻസ് എൻജിനീയർ, എൻജിനീയറിങ് മാനേജർ തുടങ്ങിയ പോസ്റ്റുകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ​ചെയ്തിരിക്കുന്നത്. 320,000 ഡോളർ മുതൽ 405,000 ഡോളർ വരെയാണ് ഈ ​പോസ്റ്റുകളിലേക്കുള്ള ശമ്പളം.

കമ്പനിയുടെ പരസ്യം വ്യാപകമായതോടെ, വ്യാപകമായ ചർച്ചകൾക്കും ഉദ്യോഗാർഥികൾക്കിടയിൽ തുടക്കമായി. എൻജിനീയറിങ് ജോലികൾ തകർച്ചയിലേക്ക് നീങ്ങുകയാണെങ്കിൽ മുൻനിര എ.ഐ കമ്പനികൾ ഇപ്പോഴും എൻജിനീയറിങ് ജീവനക്കാരെ നിയമിക്കുന്നത് എന്തുകൊണ്ട് എന്നതാണ് ഉയരുന്ന ചോദ്യം.

ആവർത്തിച്ചുള്ള കോഡിങ്ങിന്റെ ആവശ്യകത എ.ഐ കുറക്കുന്നുണ്ടെങ്കിലും, എൻജിനീയർമാരെ പൂർണ്ണമായും മാറ്റിസ്ഥാപിക്കാൻ കഴിയുന്ന ഒരു ഘട്ടത്തിൽ കമ്പനികൾ ഇതുവരെ എത്തിയിട്ടില്ല. ആന്ത്രോപിക് പോലുള്ള കമ്പനികൾ സജീവമായി നിക്ഷേപം നടത്തുന്ന എ.​ഐ സിസ്റ്റങ്ങൾ നിർമ്മിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഇപ്പോഴും ആഴത്തിലുള്ള സാങ്കേതിക വൈദഗ്ധ്യം ആവശ്യമാ​ണെന്നും വിദഗ്ധർ പറയുന്നു.

ആന്ത്രോപിക്കിൽ പോലും, എൻഡ്-ടു-എൻഡ് സോഫ്റ്റ്‌വെയർ വികസനം കൈകാര്യം ചെയ്യാൻ എ.ഐ കൂടുതൽ പ്രാപ്തമാകുന്നതോടെ കാലക്രമേണ എൻജിനീയർമാരുടെ ആവശ്യം കുറയുമെന്ന് അമോഡെ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നുള്ളതിനേക്കാൾ കുറച്ച് സോഫ്റ്റ്‌വെയർ എൻജിനീയർമാരെ മാത്രമേ നമുക്ക് ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം എ.ഐ മാറ്റത്തോടെ പുതിയ റോളുകൾ ഉയർന്നുവന്നേക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നിലവിൽ, പഴയതും പുതിയതും ഒരുമിച്ച് നിലനിൽക്കുന്ന ഒരു ഓവർലാപ്പിന്റെ നിമിഷമാണ് ഇപ്പോൾ. എൻജിനീയറിങ് ജോലികൾ, ചെയ്യുന്ന രീതിയിൽ എ.​ഐ ഇതിനകം തന്നെ മാറ്റം വരുത്തിക്കഴിഞ്ഞു. ചില മേഖലകളിൽ പരമ്പരാഗത കോഡിങ്ങിന്റെ ആവശ്യകത കുറയുന്നു. എന്നാൽ എൻജിനീയർമാരുടെ ആവശ്യകത പൂർണ്ണമായും ഇല്ലാതാക്കിയിട്ടില്ല. എ​.ഐക്ക് കോഡിങ് ചെയ്യാൻ കഴിയുമെങ്കിലും പൂർണമായ നിർദേശങ്ങൾ നൽകാൻ മനുഷ്യന് മാത്രമേ കഴിയൂ. ഡിസൈൻ, എന്ത് നിർമിക്കണം, എങ്ങനെ നിർമിക്കണം തുടങ്ങിയവ എൻജിനീയർമാർ തന്നെ വിശദീകരിച്ച് നൽകണം. എ.ഐക്ക് നിർദേശങ്ങൾ അനുസരിക്കാൻ മാത്രമാണ് കഴിയുക. ഈ വിടവ് നിലനിൽക്കുന്നിടത്തോളം കാലം, മനുഷ്യർക്ക് പകരമാകാൻ എ.ഐക്ക് കഴിയില്ല. മനുഷ്യ പ്രോഗ്രാമർമാർ കൈകാര്യം ചെയ്യുന്നത് തുടരും. എന്നാൽ എ.ഐ എല്ലാ വശങ്ങളും കൈകാര്യം ചെയ്യാൻ പഠിച്ചാൽ എന്ത് സംഭവിക്കുമെന്നതാണ് പുതിയ ചോദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial Intelligenceengineering jobsAI ​​Anthropic
News Summary - Anthropic CEO says engineering jobs will end soon but company opened 429 roles in same field
Next Story