Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightജർമനിയിലെ അഡ്മിഷൻ...

ജർമനിയിലെ അഡ്മിഷൻ കടമ്പകൾ

text_fields
bookmark_border
ജർമനിയിലെ അഡ്മിഷൻ കടമ്പകൾ
cancel

ഇവിടെയാണ് ബാച്ചിലേഴ്സ്(Degree) പഠിക്കാൻ പോകുന്ന ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങുന്നത്. ജർമനിയിൽ സ്കൂൾ വിദ്യാഭ്യാസം 13 വർഷമാണ്. നമ്മുടെ നാട്ടിൽ അത് 12വർഷവും(പ്ലസ് ടു). അതിനാൽ പ്ലസ് ടു കഴിഞ്ഞ ഉടനെ ജർമനിയിൽ ഡിഗ്രിക്ക് ചേരാൻ കഴിയില്ല.

ഇതിന് പരിഹാരമായി മൂന്ന് വഴികളുണ്ട്

വഴി 1 - സ്റ്റുഡിയൻകൊളീഗ് (Studienkolleg): പതിമൂന്നാം വർഷത്തിന് പകരമായി ജർമനിയിൽ പോയി ചെയ്യുന്ന ഒരു വർഷത്തെ ‘ഫൗണ്ടേഷൻ കോഴ്സ്’ ആണിത്. ഇത് സാധാരണയായി ജർമൻ മീഡിയത്തിലാണ് ഉണ്ടാവുക. അതുകൊണ്ട് നാട്ടിൽ നിന്ന് ബി2 ലെവൽ ജർമൻ പഠിച്ചാൽ മാത്രമേ ഇതിന് അഡ്മിഷൻ കിട്ടൂ. സ്റ്റുഡിയൻകൊളീഗ് പാസായാൽ ‘ഫെസ്റ്റ്‌ഷ്ടെല്ലുങ്‌സ്‌പ്യൂഫുങ്’(FSP) എന്നൊരു പരീക്ഷയുണ്ട്. അത് ജയിച്ചാലേ യൂനിവേഴ്സിറ്റിയിൽ ഡിഗ്രിക്ക് കയറാൻ പറ്റൂ.(എൻജിനീയറിങിന് T-Kurs, മെഡിസിനും ബയോളജിക്കും M-Kurs, ബിസിനസിന് W-Kurs എന്നിങ്ങനെയാണിത്).

വഴി 2- നാട്ടിൽ ഒരു വർഷം ഡിഗ്രി: ഇന്ത്യയിൽ അംഗീകൃത യൂനിവേഴ്സിറ്റിയിൽ ഒരു വർഷം ഡിഗ്രി വിജയകരമായി പൂർത്തിയാക്കുക. എങ്കിൽ 12+1 = 13 വർഷം ആകും. അത് കഴിഞ്ഞ് ജർമനിയിൽ നേരിട്ട് ഒന്നാം വർഷ ഡിഗ്രിക്ക് ചേരാം.

വഴി 3 - ഐ.ഐ.ടി ജെ.ഇ.ഇ (JEE Advanced): ജെ.ഇ.ഇ അഡ്വാൻസ്ഡ് ക്വാളിഫൈ ചെയ്തിട്ടുണ്ടെങ്കിൽ പ്ലസ് ടു കഴിഞ്ഞ് നേരിട്ട് ജർമനിയിൽ അഡ്മിഷൻ കിട്ടും(ഇതൊരു പുതിയ ഇളവാണ്).

മാസ്റ്റേഴ്സിന് പോകുന്നവർക്ക്: ഡിഗ്രി കഴിഞ്ഞവർക്ക് ഈ 13 വർഷത്തെ പ്രശ്നമില്ല. അവർക്ക് നേരിട്ട് മാസ്റ്റേഴ്സിന് അപേക്ഷിക്കാം. പക്ഷേ, ഡിഗ്രിക്ക് നല്ല മാർക്കും(70ശതമാനത്തിന് മുകളിൽ അഭികാമ്യം), ഐ.എൽ.ടി.എസ് (6.5) അല്ലെങ്കിൽ ജർമൻ ഭാഷാ സർട്ടിഫിക്കറ്റും വേണം.

എ.പി.എസ് (APS) സർട്ടിഫിക്കറ്റ്: പുതിയ വില്ലൻ?

ഇന്ത്യൻ വിദ്യാർഥികൾക്ക് ജർമനിയിൽ പോകാൻ ഇപ്പോൾ നിർബന്ധമായും വേണ്ട ഒന്നാണ് APS (Akademische Prufstelle) സർട്ടിഫിക്കറ്റ്. നമ്മുടെ സർട്ടിഫിക്കറ്റുകൾ വ്യാജമല്ല എന്ന് ഉറപ്പുവരുത്താൻ ജർമൻ എംബസി ഏർപ്പെടുത്തിയ സംവിധാനമാണിത്. യൂനിവേഴ്സിറ്റിയിൽ അപേക്ഷിക്കുന്നതിന് മുൻപ് തന്നെ നിങ്ങൾ എ.പി.എസിന് അപേക്ഷിക്കണം. സർട്ടിഫിക്കറ്റുകൾ വെരിഫൈ ചെയ്ത് കിട്ടാൻ ഇപ്പോൾ 4-5 മാസം വരെ എടുക്കുന്നുണ്ട്. അതുകൊണ്ട് പ്ലാൻ ചെയ്യുന്നതിന് 6 മാസം മുൻപേ എ.പി.എസ് നടപടികൾ തുടങ്ങണം. ഇതില്ലാതെ വിസ കിട്ടില്ല, പല യൂനിവേഴ്സിറ്റികളും അപേക്ഷ പോലും സ്വീകരിക്കില്ല.

ചെലവ്: ഫീസ് ഇല്ല എന്ന് പറയുമ്പോൾ

ഒന്നും ചെലവാക്കാനില്ല എന്ന് കരുതരുത്. രണ്ട് പ്രധാനപ്പെട്ട ചെലവുകളെ അറിഞ്ഞിരിക്കണം

സെമസ്റ്റർ കോൺട്രിബ്യൂഷൻ: ട്യൂഷൻ ഫീസ് ഇല്ലെങ്കിലും, ഓരോ സെമസ്റ്ററിലും(6 മാസം കൂടുമ്പോൾ) ഏകദേശം 200 മുതൽ 400 യൂറോ വരെ(ഏകദേശം 18,000 - 35,000 രൂപ) അടക്കണം. ഇത് യൂനിവേഴ്സിറ്റിയുടെ അഡ്മിനിസ്ട്രേഷൻ ഫീസാണ്. ഇതിന്റെ ഗുണം എന്താണെന്നോ? ഇത് അടച്ചാൽ നിങ്ങൾക്ക് ആ സംസ്ഥാനം മുഴുവൻ യാത്ര ചെയ്യാനുള്ള ‘സെമസ്റ്റർ ടിക്കറ്റ്’ കിട്ടും. ബസിലും ട്രെയിനിലും(ഐ.സി.ഇ ഒഴികെ) ഫ്രീയായി യാത്ര ചെയ്യാം.

ബ്ലോക്ക്ഡ് അക്കൗണ്ട് (Blocked Account): വിസ കിട്ടാൻ ഏറ്റവും പ്രധാനം ഇതാണ്. ജർമനിയിൽ എത്തിയാൽ അവിടെ ജീവിക്കാനുള്ള പണം കയ്യിലുണ്ടെന്ന് തെളിയിക്കണം. ഇതിനായി ഏകദേശം 11,208 യൂറോ(ഏകദേശം 10 ലക്ഷം രൂപ) ജർമനിയിലെ ഒരു ബാങ്കിൽ(Fintiba, Expatrio പോലുള്ളവ) നിക്ഷേപിക്കണം. ഈ പണം നിങ്ങൾക്ക് അവിടെ എത്തിയാൽ മാസം തോറും(ഏകദേശം 934 യൂറോ വെച്ച്) തിരിച്ചുകിട്ടും. അത് ഉപയോഗിച്ചാണ് വാടകയും ഭക്ഷണച്ചെലവും നടത്തേണ്ടത്.

പാർട്ട് ടൈം ജോലി: പോക്കറ്റ് മണി കണ്ടെത്താം

ജർമനിയിൽ വിദ്യാർഥികൾക്ക് വർഷത്തിൽ 120 ഫുൾ ദിവസങ്ങൾ അല്ലെങ്കിൽ 240 ഹാഫ് ദിവസങ്ങൾ ജോലി ചെയ്യാൻ അനുവാദമുണ്ട്. മിനിമം വേജ് ഇപ്പോൾ മണിക്കൂറിന് ഏകദേശം 12.41 യൂറോ (ഏകദേശം 1100 രൂപ) ആണ്. ഒരു വിദ്യാർഥിക്ക് മാസം പാർട്ട് ടൈം ജോലി ചെയ്ത് സുഖമായി 900-1000 യൂറോ വരെ ഉണ്ടാക്കാം. അതുകൊണ്ട് ബ്ലോക്ക്ഡ് അക്കൗണ്ടിലെ പണം മാസാമാസം കിട്ടുന്നത് സേവ് ചെയ്യാം. അല്ലെങ്കിൽ അടുത്ത വർഷത്തെ ബ്ലോക്ക്ഡ് അക്കൗണ്ടിലേക്ക് മാറ്റിവെക്കാം. ഏറ്റവും കൂടുതൽ വിദ്യാർഥികൾ ചെയ്യുന്നത് റെസ്റ്ററന്റുകൾ, ഡെലിവറി, വെയർഹൗസ് ജോലികളാണ്. എന്നാൽ ‘വർക്ക് സ്റ്റുഡന്റ്’(Werkstudent)എന്നൊരു ഓപ്ഷൻ കൂടിയുണ്ട്. നിങ്ങൾ പഠിക്കുന്ന ഫീൽഡിൽ തന്നെ പാർട്ട് ടൈം ജോലി ചെയ്യുന്നതാണിത്. ഇതിന് ശമ്പളവും കൂടും, പഠനത്തിനൊപ്പം എക്സ്പീരിയൻസും കിട്ടും.

താമസം: വീട് കിട്ടാനില്ല എന്നത് ശരിയോ?

ശ്രദ്ധിക്കാൻ ധാരാളമുള്ള ഒന്നാണത്. ജർമനിയിലെ വലിയ നഗരങ്ങളിൽ (മ്യൂണിക്ക്, ബെർലിൻ, ഹാംബർഗ്) താമസസ്ഥലം കിട്ടാൻ അത്യാവശ്യം ബുദ്ധിമുട്ടുണ്ട്. വിദ്യാർഥികൾ സാധാരണയായി ‘ഡബ്ല്യു.ജി’(WG - Wohngemeinschaft) എന്ന സംവിധാനമാണ് തിരഞ്ഞെടുക്കുന്നത്. അതായത് ഒരു അപ്പാർട്ട്മെന്റിൽ 3-4 പേർ ചേർന്ന് താമസിക്കുക. കിച്ചനും ബാത്ത്റൂമും ഷെയർ ചെയ്യും. പക്ഷെ സ്വന്തമായി ബെഡ്റൂം ഉണ്ടാകും. ഇതിന് ചെലവ് കുറവാണ്.

പഠനശേഷം: ജോലി, പി.ആർ

ജർമനിയിൽ പഠനം പൂർത്തിയാക്കിയാൽ 18 മാസം(ഒന്നര വർഷം) വരെ അവിടെ തങ്ങി ജോലി അന്വേഷിക്കാൻ വിസ കിട്ടും (Job Seeker Visa). ഈ സമയത്തിനുള്ളിൽ യോഗ്യതക്ക്​ അനുസരിച്ചുള്ള ഒരു ജോലി കണ്ടുപിടിച്ചാൽ വർക്ക് പെർമിറ്റിലേക്ക് മാറാം. ശമ്പളം നിശ്ചിത തുകയിൽ കൂടുതൽ ഉണ്ടെങ്കിൽ (ഏകദേശം 45,000 യൂറോക്ക്​ മുകളിൽ) ‘ബ്ലൂ കാർഡ്’(EU Blue Card) ലഭിക്കും. ബ്ലൂ കാർഡ് ഉള്ളവർക്ക് വെറും 21 മാസം (ജർമൻ ഭാഷ ബി1 ഉണ്ടെങ്കിൽ) അല്ലെങ്കിൽ 33 മാസം കൊണ്ട് പി.ആർ (Settlement Permit) ലഭിക്കും. ഇത്രയും വേഗത്തിൽ പി.ആർ കൊടുക്കുന്ന വേറൊരു രാജ്യം വിരളമാണ്.

ഒപ്പം കൂട്ടാം ‘ഔസ്ബിൽഡുങ്ങ്’(Ausbildung) എന്ന സാധ്യത

ഇത് ഡിഗ്രി പഠിക്കാൻ താല്പര്യമില്ലാത്തവർക്കുള്ള ഒരു സുവർണ്ണാവസരമാണ്. ജർമനിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ‘വൊക്കേഷണൽ ട്രെയിനിങ്​’ ആണിത്. പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന രീതി. ആഴ്ചയിൽ 2-3 ദിവസം കോളേജിൽ തിയറി പഠിക്കും. ബാക്കി 3 ദിവസം കമ്പനിയിൽ ജോലി ചെയ്യും.

ഏറ്റവും വലിയ ഗുണം: ഫീസ് കൊടുക്കണ്ട, സ്റ്റൈപ്പൻഡ് (മാസം 800 - 1200 യൂറോ) കിട്ടും!

ഡിമാൻഡ്: നഴ്സിങ്​, മെക്കാട്രോണിക്സ്, ഐ.ടി, ഹോസ്പിറ്റാലിറ്റി, പ്ലംബിങ്​, ഇലക്ട്രീഷ്യൻ തുടങ്ങിയ മേഖലകളിലാണ് അവസരം കൂടുതൽ.

യോഗ്യത: പ്ലസ് ടു ജയിക്കണം. പിന്നെ ഏറ്റവും പ്രധാനം - ജർമൻ ഭാഷ ബി2 ലെവൽ നിർബന്ധമാണ്.

ജർമൻ ജീവിതം: രസകരമായ ചില ‘ഷോക്കുകൾ’

ജർമനിയിൽ ചെന്നാൽ ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. ‘കൾച്ചർ ഷോക്ക്’ എന്ന് വേണമെങ്കിൽ അതിനെ പറയാം.

1. കൃത്യനിഷ്ഠ (Punctuality): 9 മണിക്ക് മീറ്റിങ്​ എന്ന് പറഞ്ഞാൽ 8:55 ന് അവിടെ എത്തിയിരിക്കണം. 9:01 ആയാൽ പോലും അവർക്ക് ഇഷ്ടപ്പെടില്ല. ബസുകളും ട്രെയിനുകളും സെക്കൻഡ് വെച്ച് കൃത്യമായിരിക്കും.

2. ഞായറാഴ്ച അവധി: ഞായറാഴ്ച ജർമനി നിശ്ചലമാണ്. സൂപ്പർ മാർക്കറ്റുകൾ പോലും തുറക്കില്ല. ശനിയാഴ്ച തന്നെ സാധനങ്ങൾ വാങ്ങി വെക്കണം. ഞായറാഴ്ച വിശ്രമിക്കാനുള്ള ദിവസമാണ്. ബഹളം വെക്കാനോ തുണി അലക്കാനോ പാടില്ല.

3. റീസൈക്ലിങ്​: കുപ്പിയും പ്ലാസ്റ്റിക്കും പേപ്പറും ഒക്കെ വേറെ വേറെ ബിന്നുകളിൽ മാത്രമേ ഇടാവൂ. ‘ഫാന്റ്’(Pfand) സിസ്റ്റം അവിടെയുണ്ട്. പ്ലാസ്റ്റിക് കുപ്പികൾ മെഷീനിൽ കൊടുത്താൽ കാശ് തിരിച്ചു കിട്ടും.

4. നേരിട്ട് പറയുന്ന രീതി: ജർമനിക്കാർ കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ മുഖത്ത് നോക്കി പറയും. അത് റൂഡ് ആയി തോന്നാം, പക്ഷെ അവർ സത്യസന്ധരായതുകൊണ്ടാണ്.

ജർമനിയിലെത്താൻ എങ്ങനെ തയ്യാറെടുക്കാം?

നിങ്ങൾക്ക് ജർമനിയിൽ പോകാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാ ഒരു റോഡ്മാപ്പ്:

ഭാഷ പഠിക്കുക: ഇന്ന് തന്നെ ജർമൻ ഭാഷ പഠിച്ചു തുടങ്ങുക. ഗോയ്ഥേ ഇൻസ്റ്റിറ്റ്യൂട്ട് (Goethe-Institut) വഴിയോ മറ്റ് അംഗീകൃത സെന്ററുകൾ വഴിയോ പഠിക്കാം. ചുരുങ്ങിയത് ബി1 എങ്കിലും ടാർഗെറ്റ് ചെയ്യുക.

കോഴ്സ് കണ്ടെത്തുക: DAAD (Deutscher Akademischer Austauschdienst) എന്ന വെബ്സൈറ്റാണ് ജർമനിയിലെ കോഴ്സുകൾ കണ്ടുപിടിക്കാനുള്ള ഔദ്യോഗിക പോർട്ടൽ. ഇതിൽ കയറി നിങ്ങളുടെ താല്പര്യത്തിനനുസരിച്ചുള്ള കോഴ്സുകൾ സെർച്ച് ചെയ്യാം.

എ.പി.എസ് (APS): സർട്ടിഫിക്കറ്റുകൾ കിട്ടിയ ഉടനെ എ.പി.എസിന് അപേക്ഷിക്കുക.

യൂണി-അസിസ്റ്റ് (Uni-Assist): ജർമൻ യൂനിവേഴ്സിറ്റികളിലേക്ക് അപേക്ഷിക്കുന്നത് കൂടുതലും ‘യൂണി-അസിസ്റ്റ്’ എന്ന പോർട്ടൽ വഴിയാണ്.

സാമ്പത്തികം: ബ്ലോക്ക്ഡ് അക്കൗണ്ടിനുള്ള പണം(ഏകദേശം 10-12 ലക്ഷം) സ്വരൂപിക്കുക.

ജർമനി എല്ലാവർക്കും പറ്റിയ സ്ഥലമാണോ? അല്ലായിരിക്കാം. തണുപ്പും, ഭാഷയുടെ ബുദ്ധിമുട്ടും, നിയമങ്ങൾ പാലിക്കേണ്ടതിന്റെ കർക്കശ്യവും ഒക്കെ ചിലർക്ക് പ്രയാസമായി തോന്നാം. എന്നാൽ, കഠിനാധ്വാനം ചെയ്യാൻ തയ്യാറുള്ള, സ്വന്തം കരിയർ ഉയരങ്ങളിൽ എത്തിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് ജർമനി നൽകുന്ന ആത്മവിശ്വാസം വലുതാണ്. ഒരിക്കൽ ആ ഭാഷ ഒന്ന് വഴങ്ങിയാൽ, പിന്നെ ജർമനി നിങ്ങളെ കൈവിടില്ല. കുറഞ്ഞ ചെലവിൽ, കടബാധ്യതകളില്ലാതെ പഠിച്ചിറങ്ങാം എന്നത് ചെറിയ കാര്യമല്ല. യൂറോപ്പ് മുഴുവൻ യാത്ര ചെയ്യാം, പുതിയ സംസ്കാരങ്ങൾ പഠിക്കാം. അതുകൊണ്ട്, ആലോചിച്ച് സമയം കളയണ്ട. ‘ഗുട്ടൻ ടാഗ്’(Guten Tag) പറഞ്ഞു തുടങ്ങിക്കോളൂ. ജർമനിയിലെ അവസരങ്ങളുടെ വാതിൽ നിങ്ങൾക്കായി തുറക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationGermanygulfnews
News Summary - Admission requirements in Germany
Next Story