‘പരീക്ഷാത്തലേന്ന് ഞാൻ നന്നായി ഉറങ്ങും, എടുത്താൽ പൊന്താത്ത മാർക്കൊന്നും കിട്ടിയിട്ടില്ല’ -സ്കൂൾ ജീവിതം ഓർത്തെടുത്ത് ഡോ. അദീല അബ്ദുല്ല ഐ.എ.എസ്
text_fieldsകോഴിക്കോട്: സ്കൂൾ കാലത്ത് പരീക്ഷത്തലേന്ന് ഓടിയുള്ള പഠിത്തം ഇല്ലായിരുന്നുവെന്നും പകരം നന്നായി ഉറങ്ങുമായിരുന്നുവെന്നും ഡോ. അദീല അബ്ദുല്ല ഐ.എ.എസ്. 'മാർക്കിനോട് പോയി പണി നോക്കാൻ പറയണം മിസ്റ്റർ’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. പാഠപുസ്തകം പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്നതൊഴിവാക്കി, അതിലെ കാര്യങ്ങൾ മനസിലാക്കാൻ വേണ്ടി പഠിച്ചാൽ നന്നാവും.. പുസ്തകങ്ങളിൽ മികച്ചതാണു പാഠപുസ്തകം. ഒരുപാടുപേർ ചേർന്നുണ്ടാക്കുന്നത്. പാഠപുസ്തകം ഒരു മുതൽക്കൂട്ടാണ് -അദീല പറയുന്നു.
‘പരീക്ഷക്കായി പഠിക്കുന്ന ശീലം സ്കൂൾ കാലം മുതലില്ല. എടുത്താൽ പൊന്താത്ത മാർക്ക് ഒന്നും കിട്ടിയിട്ടുമില്ല. സാധാരണ മാർക്ക്. അതിലൊരു കുഴപ്പവും തോന്നിയിട്ടുമില്ല. എല്ലാ പാഠഭാഗവും ദിവസവും വായിക്കുന്നതായിരുന്നു ശീലം. വായിക്കുന്നത് ഒരുപാടു കാലം ഓർമയിൽ നിൽക്കാൻ അതു സഹായിക്കും. പാഠങ്ങൾ ആസ്വദിക്കാനും. പരീക്ഷയ്ക്ക് അല്ലാതെ ദിവസവും നിശ്ചിത സമയം പഠിച്ചിരുന്ന എനിക്ക് എട്ടാം ക്ലാസിലെ എൻസിഇആർടി പാഠപുസ്തകം 11 വർഷത്തിനുശേഷം സിവിൽ സർവീസ് പരീക്ഷയ്ക്കായി തുറന്നപ്പോഴും അതിലെ എല്ലാ പാഠങ്ങളും എനിക്ക് ഓർമയുണ്ടായിരുന്നു’ -അദീല അബ്ദുല്ല ഫേസ്ബുക് കുറിപ്പിൽ എഴുതുന്നു.
മലബാറിൽ നിന്ന് സിവിൽ സർവിസ് പരീക്ഷ പാസാകുന്ന ആദ്യ മുസ്‍ലിം യുവതിയാണ് അദീല അബ്ദുല്ല. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജിലായിരുന്നു എം.ബി.ബി.എസ് പഠനം. അഗളിയിലെ ഹെൽത്ത് സെന്ററിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു. ഡൽഹി ജാമിഅ മില്ലിയ ഇസ്‍ലാമിയ്യ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലായിരുന്നു സിവിൽ സർവിസ് പരിശീലനം. കണ്ണൂർ ജില്ലയിൽ സബ് കലക്ടർ ട്രെയിനി ആയി ജോലി നോക്കിയ ശേഷം മലപ്പുറം ജില്ലയിലെ തിരൂർ സബ് കലക്ടർ ആയിട്ടായിരുന്നു ആദ്യ നിയമനം. 2019 ജൂൺ 20 മുതൽ നവംബർ 8 വരെ ആലപ്പുഴ ജില്ല കലക്ടർ ആയിരുന്നു. 2019 നവംബർ മുതൽ 2021 ആഗസ്ത് വരെ വയനാട് ജില്ലാ കലക്ടർ ആയിരുന്നു. നിലവിൽ സാമൂഹി നീതി വകുപ്പ്, തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ്.
കുറിപ്പിന്റെ പൂർണരൂപം വായിക്കാം:
'മാർക്കിനോട് പോയി പണി നോക്കാൻ പറയണം മിസ്റ്റർ’
പത്താം ക്ലാസ് വരെയുള്ള മാർക്ക് ആർക്കെങ്കിലും ജീവിതത്തിൽ ഉപകാരപ്പെട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. മൈക്രോ സോഫ്റ്റിന്റെ സാക്ഷാൽ സത്യാ നാദെല്ലയെപ്പോലുള്ളവർ സ്കൂളിൽ സാധാരണ മാർക്ക് ലഭിച്ചയാളുകളായിരുന്നു. എന്നിട്ടും പുള്ളിയെപ്പോലുള്ളവർ അവിടെയൊക്കെ എത്തിയില്ലേ. മാർക്കില്ലെങ്കിലും ജീവിതവിജയം ഉറപ്പ്.
അപ്പോൾ പിന്നെ എന്താണു വേണ്ടത്? നന്നായി വായിക്കുകയാണു വേണ്ടതെന്നു ഞാൻ പറയും. പാഠപുസ്തകം മാത്രമല്ല, കഥാ പുസ്തകവും. പുസ്തകവുമായുള്ള പ്രണയമാണ് എന്റെ പ്രിയപ്പെട്ട സ്കൂൾ അനുഭവം. പാഠപുസ്തകത്തെയും കഥാപുസ്തകത്തെയും ഒരുപോലെ സ്നേഹിച്ച കാലം. ആദ്യ അവസരത്തിൽ തന്നെ വെറും നാല് മാസത്തെ തയ്യാറെടുപ്പു കൊണ്ട് സിവിൽ സർവീസ് പരീക്ഷ വിജയിച്ചത് ഈ ചിട്ടയായ വായനയിലൂടെയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്.
പരീക്ഷയ്ക്ക് അല്ലാതെ ദിവസവും നിശ്ചിത സമയം പഠിച്ചിരുന്ന എനിക്ക് എട്ടാം ക്ലാസിലെ എൻസിഇആർടി പാഠപുസ്തകം 11 വർഷത്തിനുശേഷം സിവിൽ സർവീസ് പരീക്ഷയ്ക്കായി തുറന്നപ്പോഴും അതിലെ എല്ലാ പാഠങ്ങളും എനിക്ക് ഓർമയുണ്ടായിരുന്നു. പരീക്ഷയ്ക്കായി പഠിക്കുന്ന ശീലം സ്കൂൾ കാലം മുതലില്ല. എടുത്താൽ പൊന്താത്ത മാർക്ക് ഒന്നും കിട്ടിയിട്ടുമില്ല. സാധാരണ മാർക്ക്. അതിലൊരു കുഴപ്പവും തോന്നിയിട്ടുമില്ല. എല്ലാ പാഠഭാഗവും ദിവസവും വായിക്കുന്നതായിരുന്നു ശീലം. വായിക്കുന്നത് ഒരുപാടു കാലം ഓർമയിൽ നിൽക്കാൻ അതു സഹായിക്കും. പാഠങ്ങൾ ആസ്വദിക്കാനും.
പരീക്ഷത്തലേന്നു ഓടിയുള്ള പഠിത്തം അതിനാൽ ഇല്ല, പകരം ഞാൻ നന്നായി ഉറങ്ങും. ഓരോ പാഠപുസ്തകവും ഓരോ ലോകമാണു തുറന്നു തരുന്നത്. അതു സഞ്ചരിക്കാനും ആസ്വദിക്കാനുമുള്ളതാണ്. ടെൻഷൻ അടിച്ചു മറിച്ചിടാനുള്ളതല്ല ആ താളുകൾ.
പാഠപുസ്തകം പരീക്ഷയ്ക്കു വേണ്ടി പഠിക്കുന്നതൊഴിവാക്കി, അതിലെ കാര്യങ്ങൾ മനസിലാക്കാൻ വേണ്ടി പഠിച്ചാൽ നന്നാവും.. പുസ്തകങ്ങളിൽ മികച്ചതാണു പാഠപുസ്തകം. ഒരുപാടുപേർ ചേർന്നുണ്ടാക്കുന്നത്. അത്, പാഠപുസ്തകം ഒരു മുതൽക്കൂട്ടാണ്. സ്കൂളിലേതുപോലെ സുന്ദരമായി, അന്തം വിട്ട്, ആസ്വദിച്ചു നടക്കാൻ സുന്ദരവും സുരക്ഷിതവുമായ മറ്റൊരു സ്ഥലമുണ്ടോ? നമ്മളെ ചേർത്തു പിടിക്കാൻ എത്ര കൈകളാണ്. പിന്നെ മത്സരിക്കുന്നതെന്തിനു നാം വൃഥാ..
അല്ലേ?..
"So all of you ,ഗോ ടു യുവർ ക്ലാസസ് ആൻഡ് എൻജോയ് ദി ടൈം."
#DrAdeelaAbdullaIAS
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

