വൈദ്യുതിയും ഇന്റർനെറ്റുമില്ല; പരിമിതികളെ കാറ്റിൽപ്പറത്തി നീറ്റിൽ 610 മാർക്ക് നേടി അസമിലെ കൗമാരക്കാരൻ
text_fieldsബിഷു അമ്മയോടൊപ്പം
ടിൻസൂക്കിയ: വൈകുന്നേരമായാൽ ഇരുട്ടിലാകുന്ന ഒരു ഗ്രാമം. ഫോൺ സിഗ്നൽ കിട്ടാൻ റോഡുവരെ നടക്കണം. കറന്റ് കണക്ഷൻ പോലുമില്ലാത്ത ഓലമേഞ്ഞ കുടിൽ. അവിടെ നിന്നാണ് 18കാരനായ ബിഷു ലിംബു എന്ന മിടുക്കൻ ഇന്ത്യയിലെ ഏറ്റവും കടുപ്പമേറിയ പരീക്ഷകളിലൊന്നായ നീറ്റിൽ 610 മാർക്ക് വാങ്ങി ചരിത്രം കുറിച്ചിരിക്കുന്നത്.
അരുണാചൽ പ്രദേശ് അതിർത്തിയോട് ചേർന്ന് കിടക്കുന്ന അസമിലെ ടിൻസൂക്കിയ ജില്ലയിലെ നമ്പർ 2 നകോങ് പത്താർ ഗ്രാമത്തിലാണ് ബിഷുവിന്റെ വീട്. ഓൾ ഇന്ത്യ റാങ്ക് 7,320 ആണ് ബിഷുവിന് ലഭിച്ചത്. അസമിലെ ഒരു സർക്കാർ മെഡിക്കൽ കോളജിൽ അഡ്മിഷൻ കിട്ടാൻ ഇത് ധാരാളം.
ബിഷുവിന്റെ അച്ഛൻ ഫൗദെ ലിംബു ഒരു കർഷകനാണ്. ഒരു ബിഘയിൽ താഴെ മാത്രം കൃഷിഭൂമിയുള്ള അദ്ദേഹം പ്രാദേശിക മാർക്കറ്റിൽ പച്ചക്കറി വിറ്റാണ് കുടുംബം പോറ്റുന്നത്. അമ്മ ഓം കുമാരി ലിംബു പാടത്ത് പണിയെടുക്കുന്നു. ചിലപ്പോൾ അടുത്തുള്ള തേയിലത്തോട്ടങ്ങളിൽ ദിവസക്കൂലിക്കും പോകും. കുടുംബം ഇപ്പോഴും താമസിക്കുന്നത് ഓലമേഞ്ഞ വീട്ടിലാണ്.
‘ഞങ്ങൾക്ക് വൈദ്യുതി കണക്ഷൻ ഇല്ല, കാരണം ബില്ല് സ്ഥിരമായി അടക്കാൻ ഞങ്ങൾക്ക് കഴിയില്ല. ഇനി അവന്റെ ഫീസ് എങ്ങനെ അടക്കുമെന്ന് പോലും നിശ്ചയമില്ലെന്ന് ബിഷുവിന്‍റെ അമ്മ പറയുന്നു. വീട്ടിൽ സ്ഥിരമായി വൈദ്യുതിയോ ഇന്റർനെറ്റോ ഇല്ലാതെ ഞങ്ങളുടെ മകൻ ഡോക്ടറാകാൻ സ്വപ്നം കണ്ടു, അവൻ ഫലത്തിൽ സന്തുഷ്ടനാണെന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം’ അവർ കൂട്ടിച്ചേർത്തു. പരീക്ഷയുടെ വലുപ്പം കുടുംബത്തിന് അറിയില്ലായിരുന്നു. വിജയത്തിന്റെ പ്രാധാന്യം ബിഷുവിന് മാത്രമേ അറിയൂ. അതെന്ത് പരീക്ഷയാണെന്ന് ഞങ്ങൾക്ക് പോലും അറിയില്ലായിരുന്നു’ എന്ന് അമ്മ പറയുന്നു.
ഇന്റർനെറ്റ് കിട്ടാത്തതിനാൽ ബിഷു പലപ്പോഴും അടുത്തുള്ള റോഡിലേക്ക് നടന്നാണ് ദുർബലമായ സിഗ്നൽ പിടിച്ചെടുത്ത് പഠന സാമഗ്രികൾ ഡൗൺലോഡ് ചെയ്തിരുന്നത്. രാത്രി മെഴുകുതിരി വെളിച്ചത്തിലായിരുന്നു പഠനം പലപ്പോഴും.രാജ്‌നഗർ ബജ്‌നാഥ് എൽ.പി സ്‌കൂളിലാണ് ബിഷു പഠനം തുടങ്ങിയത്. പിന്നീട് ഗ്രാമത്തിൽ നിന്ന് 2-3 കിലോമീറ്റർ അകലെയുള്ള കെറ്റെറ്റോങ്ങിലെ ജനജാതി ഹൈസ്‌കൂളിൽ പഠിച്ചു. പിന്നീട് ദിഗ്ബോയിലേക്ക് മാറി.ദിഗ്ബോയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നൽകിയ സ്‌കോളർഷിപ്പാണ് ബിഷുവിന്റെ ജീവിതം മാറ്റിയത്.
ആ സ്‌കോളർഷിപ്പ് കൊണ്ട് ആർ.ഡി സീനിയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ, പ്ലസ് ടു പഠനം പൂർത്തിയാക്കി. മെഡിസിനിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതാണ് സഹായിച്ചത്."മെട്രിക്കുലേഷന് ശേഷം എന്റെ വിദ്യാഭ്യാസം സൗജന്യമായിരുന്നു. പക്ഷേ വാടക വീട്ടിൽ താമസിക്കേണ്ടി വന്നു. എന്റെ മാതാപിതാക്കൾക്ക് എന്റെ ചെലവുകൾക്ക് പതിവായി പണം നൽകാൻ കഴിഞ്ഞില്ല. ചില ബന്ധുക്കളുടെ സഹായത്തോടെ വീട്ടിലെ കടുത്ത ദാരിദ്ര്യം നേരിട്ടുകൊണ്ട് എനിക്ക് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞു’ ബിഷു പറയുന്നു.

